അശോകൻ പുത്തൂർ*

ന്റെ നാത്തൂനെ
പണ്ടൊക്കെ
രമണൻ കവളപ്പാറകൊമ്പൻ
സരോജനീടെ കടുംകൈ വാഴക്കൊല
അങ്ങൻത്തെ കവ്തോളാർന്ന്.
ഇപ്പൊ
ബ്രാ രണ്ടുവള്ളികൾ മാത്രമല്ല
ലോകം തൂക്കിലേറ്റാൻപോരും
കുരുക്കും സൗന്ദര്യവും
എന്നൊക്കെയാണ് കവിതകൾ…….
നാട്ടാര്ടെ
പെണ്ണ്ങ്ങളെക്കുറിച്ചെഴുതാൻ
ഇന്റെ ആണൊരുത്തന്
നൂറ് നാവാ……….
ഇന്നേപറ്റി കമാന്ന് രണ്ടക്ഷരം
ഇന്നേവരെ എഴുതീറ്റ്ല്ല്യാ.
ഇമ്മള് കാലത്തെണീറ്റ്
ദോശ മീൻകറി ചോറ്
ചെര്കല് വെക്കല് തിര്മ്പല്
അങ്ങൻത്തെ ഓരോരോ കവിതേൽക്ക്
മൊകംകുത്തി വീഴും.
അപ്പൊ അടുക്കളയും തീൻമുറിയും തമ്മിൽ
രണ്ടു വൻകരകൾപോലെ…….
കെട്ട്യോനും മക്കളും തമ്മിൽ
കടലും മരുഭൂമിയുംപോൽ അത്രയുംദൂരെ…..,
ന്റെ നാത്തൂനെ
ഒക്കെക്കഴിഞ്ഞു നടുനിവർക്കുമ്പോ
മോന്ത്യാവും.
അപ്പളക്കും
ടീവീല് ചർച്ച തൊടങ്ങീറ്റ്ണ്ടാവും.
വയറെളകണപോലെ
വളീഡ്ണപോലെ
വളുവളാന്നങ്ങനെ ഓരോന്ന്……..
ടീവിക്കാര് പെട്ടിപൂട്ട്യാ
പൊലർച്ചക്ക് പന്നീനെപ്പോലെ
മൂപ്പര് വന്നങ്ങട് പടിയും.
കാലത്ത് പോർക്കോൾക്ക് ന്താ വേണ്ട്……
ഓരോരോ ജാവാരങ്ങള്
ജന്മം മുടിക്കാൻ…………
അരിശംകൊണ്ട് ന്റെ അരയും മൊലയും
ചെൽപ്പോ തെറിച്ച് പോണപോലെതോന്നും.
ഒന്ന് മിണ്ടാനും തോണ്ടാനും
ഇയ്ക്കും ണ്ടാവില്ലേ പൂതി.
പാടത്ത്പണിപോലെ
വല്ലോരെക്കൊണ്ടൊക്കെ
ചെയ്യിക്കാമ്പറ്റോ ഇതൊക്കെ
ആളോള്കണ്ടാ ആർക്കാ അയിന്റെ കൊറച്ചില്
ങ്ങടെ ആങ്ങളയ്ക്കന്നെ.
അല്ലപിന്നെ ന്റെ നാവേ
അവടെ കെടന്നോ ഇയ്യ്
ഇയ്ക്കങ്ങട് ചൊറിഞ്ഞു വര്ൻണ്ട്

അശോകൻ പുത്തൂർ

By ivayana