ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

ഓ ഹരിശങ്കരനശോകൻ*

കുഞ്ഞ് വീട്ടിൽ വന്ന്
നിക്കറൂരിയപ്പൊൾ
ഇളംതുടകൾക്ക് കുറുകെ
കരിനീലപ്പാടുകൾ
എന്താ കുഞ്ഞേ
എന്ന് ചോദിച്ചപ്പൊൾ
മിസ് തല്ലി എന്ന് പറഞ്ഞു
ഏത് മിസാ കുഞ്ഞേ തല്ലിയെ
എന്ന് ചോദിച്ചപ്പൊൾ
സോഷ്യൽ മിസ് എന്ന് പറഞ്ഞു
സോഷ്യൽ മിസെന്തിനാ കുഞ്ഞേ തല്ലിയെ
എന്ന് ചോദിച്ചപ്പൊൾ
പുതിയ ഹാജർ ബുക്കിൽ
പേര് കാണാത്ത കൊണ്ടാന്ന് പറഞ്ഞു
പഴയ ബുക്കെവിടെ പോയ്
എന്ന് ചോദിച്ചപ്പൊൾ
അത് കാക്ക കൊണ്ടൊയെന്ന് പറഞ്ഞു
അത് നല്ല ന്യായമായ് പോയ്
നാളെ പെട്ടന്ന് ലീവ് കിട്ടില്ലല്ലൊ
അല്ലെങ്കിൽ നാളെ തന്നെ
വന്ന് ചോദിക്കാരുന്നു
ഒന്നിനെം വിളിച്ചിട്ട് കിട്ടുന്നുമില്ല
ഇതങ്ങനെ വിട്ടാൽ പറ്റില്ല
നിന്റെ നോട്ട് ബുക്ക് കൊണ്ട് വരൂ
തൽക്കാലം ഒരു കത്ത് തന്ന് വിടാം
കുളിച്ചപ്പൊൾ കുഞ്ഞ്
നൊന്ത് കരഞ്ഞു
എന്നിട്ട് വന്നിരുന്ന്
ഹോം വർക്ക് ചെയ്തു
2
പിറ്റേന്ന് ഓഫീസീന്ന് വന്നപ്പൊൾ
വീട്ടിൽ ആൾപ്പെരുമാറ്റം
ആരാത്
മുടി കെട്ടി ഒതുക്കി
പശയിട്ട സാരിയുടുത്ത
ഒരു മദ്ധ്യവയസ്ക പറഞ്ഞു
കൈ നീട്ടു
ഏതൊ പഴയൊരു ഓർമ്മയിൽ
രണ്ട് പേരും കൈ നീട്ടി
അടി കൊണ്ട് കൈ
തുടകൾക്കിടയിൽ ഒളിപ്പിക്കും മുന്നെ
ചറപറ അടി വീണു
അച്ചന്റെ തുടയ്ക്ക്
അമ്മയുടെ ചന്തിയ്ക്ക്
അച്ചന്റെ നരിയാണിക്ക്
അമ്മയുടെ കൈത്തണ്ടയ്ക്ക്
അച്ചന്റെ പുറംവഴി
അമ്മയുടെ തലവഴി
അച്ചന്റെ മാറത്ത്
അമ്മയുടെ കവിളത്ത്
അടിയുടെ പൊടിപൂരം
കുഞ്ഞ് സോഫയിലിരുന്ന്
നിറകണ്ണുകളോടെ
ഉറ്റു നോക്കുന്നു
3
ഇരിക്കൂ
ഇരുന്നു
ഞാൻ കുഞ്ഞിന്റെ സ്കൂളിലെ
പുതിയ പ്രിൻസിപ്പാളാണ്
അത് അടി കൊണ്ട് തന്നെ മനസിലായ്
എന്തിനാ അടി എന്ന് മനസിലായൊ
കത്തയച്ചതിനാവും അല്ലെ
അതെ
മാത്രമല്ല
കുഞ്ഞിന്റെ നോട്ടുബുക്കിലെ
താൾ വലിച്ച് കീറുകയും ചെയ്തു
ഇനിയതൊന്നും
ആവർത്തിക്കില്ല
നല്ലത്
ഒരു സംശയം
എന്താത്
കത്തയക്കുന്നതിന് പകരം
ഒരു കത്തിക്കുത്താണേൽ
പ്രിൻസിപ്പാളെ നിങ്ങളെന്ത് ചെയ്യും
അതും നമുക്കൊരു കൈ നോക്കാം
പ്രിൻസിപ്പാൾ സാരി നേരെയാക്കി
അമ്മ ചുരിദാർ ഷാൾ അഴിച്ച്
അരയിൽ കെട്ടി
അച്ചൻ കൈ തെറുത്ത് കേറ്റി
അടുക്കളയിൽ പോയ്
തിരിച്ച് വരുന്ന
കുഞ്ഞിന്റെ കയ്യിൽ
മീൻ വെട്ടുന്ന പിച്ചാത്തി

By ivayana