രാജശേഖരൻ*
ഷട്ടറെല്ലാം തുറന്നെത്രകാലം
കാലും നീട്ടിയിരുന്നാലും,
വറ്റിപ്പോകാത്ത ക്ഷീരധാര..
അടച്ച ഷട്ടറിനടിയിലൂടെയും
നുഴഞ്ഞു പുറത്തു വന്ന്
സ്നേഹത്തിൻ്റെ ഈർപ്പം പടർത്തുന്ന അണക്കെട്ട്.
തേൻക്കൂടെല്ലാം പൊട്ടിയൊഴുകിയ
ചുംബനമഴ പെയ്യുന്ന മാനത്തിൻ്റെ ചുണ്ടുകൾ.
കണ്ണുകളിൽ മിന്നുന്ന ബൾബിൻ്റെ തിളക്കം,
കൈവിരലിലൂടെ ആപാദചൂഢമോരോ
ശരീരാവയവങ്ങളേയും തഴുകിയൊഴുകുന്ന
ഇളംചൂടുള്ള വാത്സല്യത്തിൻ്റെ
വൈദ്യുതിപ്രവാഹം.
ഉദരത്തിനുള്ളിലും, ഉലകത്തിലും
കണ്ണിലെണ്ണ ഒഴിച്ചിരിക്കുന്ന
സംരക്ഷണകവചം.
‘പൊന്നായമുത്തി’നായി ഏതു ദൈവത്തിനും
അർപ്പിക്കാനെപ്പോഴും സന്നദ്ധയായ ‘ആത്മബലിമൃഗം’.
നാഭീനാളിബന്ധം കാക്കുന്ന ഒരുഅണക്കെട്ട്.
അണക്കെട്ടല്ല..അമ്മക്കെട്ട്!