സുനു വിജയൻ*

രണ്ട് ആഴ്ച മുൻപ്‌ ആണ് എന്റെ സ്നേഹിതൻ ഗോപൻ മസ്‌കറ്റിൽ നിന്നും ചേരാനല്ലൂർ അവന്റെ വീട്ടിൽ എത്തിയത്. പ്രവാസ ജീവിതത്തിന്റെ വിശേഷങ്ങൾ ആഴ്ചയിൽ രണ്ടുതവണ മുടങ്ങാതെ എന്നെ വിളിച്ചു അറിയിക്കുന്ന എന്റെ അടുത്ത സ്നേഹിതനാണ് ഗോപൻ.

ഇന്നലെ രാത്രി അവൻ യാതൊരു മുന്നറിയിപ്പും നൽകാതെ എന്നെ വിളിച്ചു പറഞ്ഞു
, “എടാ ഞാൻ നാളെ പതിനൊന്നു മണിയാകുമ്പോൾ മൂവാറ്റുപുഴ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ എത്തും.ഞാൻ വൈറ്റിലയിൽ നിന്നും നേരിട്ട് മൂവാറ്റുപുഴയിലേക്ക് ബസിൽ ആണ് വരുന്നത്. അവിടെനിന്നും എനിക്ക് കൂത്തട്ടുകുളം ശ്രീധരീയം ഐ ഹോസ്പിറ്റലിലേക്ക് ഒന്നു പോകണം നീ ബസ് സ്റ്റാൻഡിൽ എത്തില്ലേ “?

രാത്രി പത്തുമണിക്ക് അവന്റെ ചോദ്യം കേട്ടപ്പോൾ എനിക്ക് അത്ഭുതം തോന്നി. കാരണം ഞാൻ കൂത്തട്ടുകുളത്താണ് താമസിക്കുന്നത് വൈറ്റിലയിൽ നിന്നും കൂത്താട്ടുകുളത്തേക്ക് നേരിട്ട് ധാരാളം ബസുകൾ ഉണ്ട്. അപ്പോൾ ഇവൻ എന്തിനാണ് മൂവാറ്റുപുഴയിലേക്ക് പോകുന്നത്?
എന്റെ സംശയം ഞാൻ അവനോട് ചോദിക്കാൻ മറന്നില്ല. കാരണം ശ്രീധരീയം ആയുർവേദ നേത്ര ചികിത്സാലയം എന്റെ വീടിന്റെ വളരെ അടുത്താണ്. അപ്പോൾ അനാവശ്യമായി എന്തിന് മൂവാറ്റുപുഴ വരെ യാത്ര ചെയ്യണം.

എന്റെ ചോദ്യം ശ്രദ്ധിക്കാതെ അവൻ പറഞ്ഞു.
“നീ കാറുമായി വേണം വരാൻ. കാര്യമുണ്ട്. ബാക്കി നാളെ നേരിൽ കാണുമ്പോൾ പറയാം.”
ഗുഡ് നൈറ്റ്‌ പറഞ്ഞ് അവൻ ഫോൺ കട്ട്‌ ചെയ്തു.
എനിക്ക് കുറച്ചു ജിജ്ഞാസ നൽകി അവൻ ഫോൺ വച്ചപ്പോൾ ആ കാരണം എന്തന്നറിയാൻ ഞാൻ തിടുക്കം പൂണ്ടു.

രാത്രി വീടിന്റെ ഇളം തിണ്ണയിൽ തുലാമഴ കണ്ട് ഞാൻ വെറുതെയിരുന്നപ്പോൾ മനസ്സു നിറയെ ഗോപൻ നൽകിയ ജിജ്ഞാസായായിരുന്നു.
രാവിലെ മഴയുടെ തരള സംഗീതം കേട്ടാണ് ഉണർന്നത് മഴനനഞ്ഞു എന്റെ മുറ്റത്തെ മഞ്ഞ കോളാമ്പി പൂക്കൾ തലകുനിച്ചു നിൽക്കുന്നു. നീല കനകാംബര പൂവുകൾക്കും രാത്രി മഴയുടെ പ്രഹരം നന്നായി കിട്ടിയിട്ടുണ്ടായിരുന്നു. പേരച്ചുവട്ടിൽ ചിതറി തെറിച്ചു കിടന്നിരുന്നു കനകാംബരങ്ങൾ

ചെറിയ കോടമഞ്ഞ് ദൂരെ മാറികയുടെ മലനിരകളിൽ മേഞ്ഞു നടക്കുന്നു മഴയുടെ ചെറു കുളിരിൽ ഞാൻ ജീരകവും, ഉലുവയും, ഏലക്കയും, മേമ്പൊടിയായി വറുത്തു പൊടിച്ചു ചേർത്ത എന്റെ കാപ്പിച്ചെടികളിൽ ഉണ്ടായ കാപ്പിക്കുരു പൊടിച്ച നല്ല ഹൃദയത്തോളം സുഗന്ധം എത്തുന്ന ചൂടു കാപ്പിയുമായി തിണ്ണയിൽ മഴക്കാഴ്ചകൾ കണ്ടിരിക്കുമ്പോഴും ഇന്നലെ ഗോപു നൽകിയ ജിജ്ഞാസ എന്റെ മനസ്സിൽ നിന്നും വിട്ടകന്നിരുന്നില്ല.
മഴ പെയ്തു കൊണ്ടേയിരുന്നു. കൃത്യം പത്തരക്ക് മൂവാറ്റുപുഴയിലേക്ക് തിരിച്ചു. മഴയത്ത് കാറിൽ ഡ്രൈവ് ചെയ്തു പോകുക എനിക്കെന്നും ഏറെ സന്തോഷം നൽകിയിരുന്നു.

ആറൂർ ടോപ്പിൽ എത്തിയപ്പോൾ തിരു രക്ത മലയുടെ അടിവാരത്തു വലിയ ആഞ്ഞിലി മരത്തിൽ പടർന്നു കയറിയ നിറയെ വെളുത്ത പൂവുകളുള്ള വള്ളിച്ചെടികളെ നോക്കാൻ ഞാൻ മറന്നില്ല. ആ പൂക്കൾ കാണാൻ എന്തു ഭംഗിയാണെന്നോ.
ഇടതു വശത്തെ പടിക്കെട്ടിനു മുകളിൽ കന്യാമറിയം മടിയിൽ കിടത്തിയിരിക്കുന്ന മുൾക്കിരീടമണിഞ്ഞ യേശു ദേവൻ. ആ വലിയ പിയാത്തെ പ്രതിമ മഴയിൽ കുളിച്ചു നിൽക്കുന്നു. സമീപത്തു താഴ്‌വാരത്തേക്ക് ഒഴുകിയിറങ്ങുന്ന വെള്ളച്ചാട്ടത്തിന്റെ നയന ഭംഗി. ഒരുവേള മരണാസന്നനായ മകനെ നോക്കി മാതാവു കരയുന്ന കണ്ണീർ ചാലാണോ ആ വെള്ളച്ചാട്ടം എന്നു തോന്നിപ്പോകും.

പെട്ടെന്ന് മൊബൈലിൽ ബെല്ലടിച്ചു. കാറ് വഴിയിൽ ഒതുക്കി ഫോണിൽ നോക്കി. അതെ ഗോപുതന്നെ. ഞാൻ ഫോൺ എടുത്തു
“എടാ ഞാൻ ബസ് സ്റ്റാൻഡിൽ എത്തി. നല്ല മഴ. നീ എവിടെയാ. എത്താറായോ?”
“ഞാൻ ഇപ്പോൾ എത്തും. ഞാൻ വണ്ടിയുമായി അകത്തേക്കു വരാം നീ അവിടെത്തന്നെ നിന്നാൽ മതി ” ഞാൻ പറഞ്ഞു

പത്തുമിനിറ്റ് കഴിഞ്ഞപ്പോൾ ഞാൻ മൂവാറ്റുപുഴ എത്തി. മഴ കുറഞ്ഞു എങ്കിലും ചെറുതായി ചാറുന്നുണ്ട് ബസ് സ്റ്റാൻഡിൽ അധികം യാത്രക്കാരില്ല. ഞാൻ കാറിൽ ഇരുന്ന് ബസ് സ്റ്റാൻഡിന്റെ മുൻപിലെ യാത്രക്കാർക്ക് നിൽക്കാനുള്ള സ്ഥലത്ത് ഗോപു നിൽക്കുന്നത് കണ്ടു. കാറിൽത്തന്നെ ഉള്ളിലേക്ക് ചെന്നു.

പെട്ടെന്ന് രണ്ടു പട്ടികൾ എന്റെ കാറിനു മുൻപിലേക്കു കുരച്ചുകൊണ്ട് പാഞ്ഞടുത്തു. അവറ്റകൾ ഞാൻ കാറിൽ നിന്നും ഇറങ്ങിയാൽ എന്നെ കടിച്ചു കീറും എന്നെനിക്കു തോന്നി. ഞാൻ കാറ് നിർത്തി. കഠിനമായ കോപത്തോടെ ആ നായകൾ എന്റെ കാറിനു മുൻപിൽ എന്നെ പുറത്തേക്കിറക്കാൻ അനുവദിക്കാതെ ശക്തമായി കുരച്ചു കൊണ്ടിരുന്നു
ഞാൻ നോക്കി ആ സ്റ്റാൻഡിൽ ഉള്ളവരൊക്കെ എന്റെ കാറിലേക്കും, ആ പട്ടികളെയും നോക്കുന്നു. പിന്നോട്ട് പോകാൻ ഗോപു എന്നോട് ആംഗ്യം കാണിച്ചു. ഞാൻ ആകെ വല്ലാതെയായി. പട്ടികൾ ചീറി നിൽക്കുന്നു ഞാൻ കാറു തിരിച്ചു പുറത്തേക്കു പോയി. ആ രണ്ടു പട്ടികളും ഞാൻ സ്റ്റാൻഡിന്റെ പരിധി കടന്നു റോഡിൽ എത്തും വരെ എന്റെ കറിനു പിന്നാലെ കുരച്ചു കൊണ്ട് വന്നിരുന്നു.

അൽപ്പം അകലെയുള്ള ടാക്സി സ്റ്റാൻഡിൽ കാറു പാർക്കു ചെയ്തു ഞാൻ സ്റ്റാൻഡിലേക്ക് നടന്നു ചെന്നപ്പോൾ ഗോപു എന്റെ അടുത്തേക്ക് വന്നു. അവൻ പറഞ്ഞു.
“സ്റ്റാൻഡിൽ കെ എസ് ആർ ടി സി ബസ് അല്ലാതെ മറ്റൊരു വാഹനങ്ങളും കയറാൻ ആ നായകൾ അനുവദിക്കില്ലത്രെ. നീല യൂണിഫോം അണിഞ്ഞ ഡ്രൈവറോ, കണ്ടക്ടറോ ബൈക്കിൽ വന്നാൽ പ്രശ്നമില്ല. കാരണം അവർ ആ സ്റ്റാൻഡിൽ വരാൻ അർഹതയുള്ളവരാണെന്ന് ആ നായകൾക്ക് അറിയാം എന്ന് സ്റ്റേഷൻ മാസ്റ്റർ പറഞ്ഞു.”

എനിക്ക് വളരെ അത്ഭുതം തോന്നി. ഞാൻ ഗോപുവിനോപ്പം സ്റ്റാൻഡിലേക്ക് കയറി. ആ പട്ടികളെക്കുറിച്ചു സ്റ്റേഷൻ മാസ്റ്ററോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു.
“ഈ രണ്ടു നായകളും എവിടെനിന്നോ ഇവിടെ വന്നതാണ്. ഈ സ്റ്റാൻഡിന്റെ ശരിക്കും കാവൽക്കാർ. ഞങ്ങൾ ആരും ഇവക്ക് ഒന്നും നൽകാറില്ല. ഇവ ആരെയും ഉപദ്രവിക്കുകയും ഇല്ല എന്നാൽ സ്റ്റാൻഡിലെ വാഹനങ്ങൾ അല്ലാതെ മറ്റൊരു വാഹനവും ഉള്ളിൽ പ്രവേശിക്കാൻ ഇവർ അനുവദിക്കില്ല. അങ്ങനെ കടന്നു വരുന്ന വാഹനങ്ങളുടെ ഇടവും വലവും നിന്ന് കുരച്ച് ഇവർ അവരെ തുരത്തിയോടിക്കും.. ഇവരാണ് ശരിക്കും കാവൽക്കാർ. ഇവരറിയാതെ ഇവിടേക്ക് ഒരു പൂച്ചക്കുപോലും വരാനാവില്ല.”

അതു പറഞ്ഞ് അദ്ദേഹം സ്നേഹത്തോടെ ആ നായകളെ നോക്കി ചിരിച്ചു.
അപ്പോൾ ഒരു ബൈക്ക് ഇടതു വശത്തുകൂടി വന്നു. അതാ ബൈക്ക് ആയതിനാൽ ഒരുവൻ കുരച്ചു ചാടി അതിനു പിന്നാലെ ഓടി. ഒരാൾ സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിനു മുൻപിൽ നിവർന്നു കിടന്നു. ആർക്കും ഒരു ശല്യമാകാതെ. ഞാൻ അവന്റെ ഒരു ഫോട്ടോ എടുത്തപ്പോൾ അവൻ രസിക്കാത്ത മട്ടിൽ എന്നെ ഒന്നു തലയുയർത്തി നോക്കി.

ഗോപുവിനോപ്പം കാറിലേക്ക് നടക്കുമ്പോൾ ഞാൻ അവനോട് ചോദിച്ചു.
“നീയെന്താ ഇവിടേയ്ക്ക് വരാൻ പറഞ്ഞത്.”
“വന്നതുകൊണ്ട് ആ വീരന്മാരെ കാണാൻ കഴിഞ്ഞില്ലേ “അവൻ ചിരിച്ചു.
“നീ കാര്യം പറയെടാ “
എനിക്ക് ശുണ്ഠി വന്നു
“നീ നേരെ ലതാ തീയറ്ററിന്റെ അടുത്തുള്ള ആ ആറ്റിൻ കടവിലേക്ക് വണ്ടി വിട്. എനിക്കൊന്നു മുങ്ങി കുളിക്കണം.”

“നിനക്കറിയില്ലേ എന്നിലെ പ്രവാസിയുടെ മനസ്സും എന്റെ ചെറിയ വലിയ ആഗ്രഹങ്ങളും ഈ മൂവാറ്റുപുഴയാറ്റിലെ തണുത്ത വെള്ളത്തിൽ ഒന്നു മുങ്ങി നിവരുമ്പോൾ എന്റെ ഉളിലെ പകുതി ആസ്വസ്ഥതകൾ തനിയെ മാറും , എന്താ ശരിയല്ലേ “?
ഒരു കൊച്ചു കുട്ടിയെപ്പോലെ ഗോപു മൂവാറ്റുപുഴയാറ്റിലെ തെളിനീരിൽ മുങ്ങിക്കുളിക്കുന്നത് കണ്ടുകൊണ്ടിരുന്നപ്പോഴും എന്റെ മനസ്സു നിറയെ ആ കാവൽക്കരുടെ ശൗര്യമായിരുന്നു ഞാൻ ആ മൂവാറ്റുപുഴയുടെ കാവൽക്കാരെ മനസുകൊണ്ട് പ്രണമിച്ചു
നിങ്ങൾക്ക് കാണണോ ആ മിടുക്കന്മാരെ.

എങ്കിൽ വരൂ മൂവാറ്റുപുഴ കെ എസ് ആർ ടി സി യിലേക്ക്. പക്ഷേ ഒന്നുണ്ട് കാറിൽ അവിടേക്ക് വരരുത് വന്നാൽ ലജ്ജിച്ചു തിരിച്ചു മടങ്ങേണ്ടി വരും. എനിക്ക് സംഭവിച്ചത് പോലെ.വകതിരിവുള്ള നമ്മൾ മനുഷ്യരേക്കാൾ എത്രയോ നന്നായി കാര്യങ്ങൾ മനസ്സിലാക്കാൻ ഈ മൃഗങ്ങൾക്ക് കഴിയുന്നു.

By ivayana