രചന :- ബിനു. ആർ.
ഓർമ്മയിൽ ജ്വലിക്കുന്നൂ
ഒളിമങ്ങാത്ത കൗതുകം
വിശാലമാം താമരപ്പാടത്തിൻ
വിസ്തൃതമാം ഇങ്ങേച്ചെരുവിൽ
തറ്റുടുത്തുനിൽക്കുമാ
തെങ്ങിൻതോപ്പിനുനടുവിൽ
മുത്തശ്ശൻതീർത്തൊരാ
നാലുകെട്ടിൻ പ്രൗഢമാം
എൻതറവാട്ടിൻമൗനചിത്രം.
അതിന്നെലുകയിൽ
കൈയാട്ടിനിന്നാർത്തു-
ചിരിക്കുന്നൂ വേലിപ്പരുത്തിയും
കടലാവണക്കും ചേലുള്ള
തൂക്കം ചെമ്പരത്തിയും
കൊങ്ങിണിയും നല്ല
വടുകപ്പുളിയൻ നരകവും.
ഉണ്ടുഞങ്ങളഞ്ചാറുതായ് –
വഴിക്കാർ സമാനകളിടതൂർന്ന
ബാല്യത്തിൻതുള്ളൽമനങ്ങൾ
കളിയാട്ടക്കാർ റബ്ബർപന്തുപോൽ
തൊത്തിച്ചാടുന്നവർ
താമരവിടരുംപാടത്ത്
കാത്തിരിക്കുന്നൂ, തെറ്റാലിയിൽ
ഉരുണ്ടകല്ലുമായ്, വന്നിരിക്കും
ഇരണ്ടകളെ പിടിക്കാൻ.
ചില്ലറവായ്‌നോട്ടക്കാർ
മുത്തശ്ശൻതൻപിണിയാളുകൾ
വന്നുനിന്നുകിന്നാരം
പറയാറുണ്ടെപ്പോഴും
പാടത്തെവെള്ളത്തിൽ
മത്സ്യത്തേരോട്ടങ്ങൾ
നടക്കാറുണ്ടെപ്പോഴുമെന്ന്
ചൂണ്ടയിടലിൽ വിദഗ്ദ്ധരാകും
കൊസ്രാക്കൊള്ളികൾ
ചട്ടംകേറ്റും ഞങ്ങൾ
വാലില്ലാ മരംകേറികളെ.
മുത്തശ്ശനെന്നനാമഥേയത്തിൻ
പരാക്രമശാലിയെ പൂട്ടാൻ
മത്സ്യങ്ങളെപ്പിടിക്കരുതെന്ന
കല്പനയെ കല്ലേൽപ്പിളർക്കാൻ
ഞങ്ങൾ വാല്യക്കാരെ-
യിളക്കാൻ കച്ചകെട്ടിയിറങ്ങി-
യവർ കോലാട്ടക്കാർ.
തൊടിയിൽ താഴത്തേതിൻ
ചാരേവിളങ്ങീടും അമ്പോറ്റിയെന്നൊരു
കുട്ടിപ്പരബ്രഹ്മത്തിൻ
അന്പുള്ള കൂട്ടരത്രേ
മത്സ്യക്കൂർമ്മങ്ങൾ
അവയെപ്പിടിക്കരുതെന്ന
ശാസനയിൽ മരവിച്ചിരിക്കുന്നു
കരുമാടിക്കുട്ടന്മാർ തറവാടിൻ
പരമ ശിവങ്ങൾ പണിക്കാർ.
എള്ളോളമുയരുന്നൂഞങ്ങളിൽ
കാഹളം ബാല്യവികൃതികൾ
തോർത്തിൻവലയുമായി
ചാടിയിറങ്ങിക്കോരിയെടുത്തു
നൽവരാൽ മുഴിയെന്നിത്യാദി
പണ്ടങ്ങൾ, മത്സ്യക്കൂമ്പാരങ്ങൾ
തിരിഞ്ഞുനോക്കി, വിജയ-
വായ്ത്താരികളിൽ കണ്ടതോ
പരംശിവങ്ങൾക്കുപകരം
വാട്ടിപ്പഴുപ്പിച്ചകാപ്പിവടിയുമായ്
നിൽക്കുന്നൂ, കാരണവരാം
മുത്തശ്ശൻകണ്ണുകളിൽ
ക്രോധാഗ്നിയും മുഖത്തു
വാത്സല്യത്തിൻമുത്തുകളുമായ്
പിന്നിൽ, ഭയം നെറുകിൻ
തുമ്പിലുമെത്തിച്ചു, കണ്ണുകളിൽ
ദയനീതയുമായ് മുത്തശ്ശിയും.
കൂട്ടുകുടുംബത്തിൻ
മാസ്മരികതയിൽ ഞങ്ങൾ
വീററ്റവർ വിറച്ചുനിന്നു
ഭയത്തിൻമേമ്പൊടികളുമായ്,
മുള്ളാത്തവർ മുള്ളിയും
മുട്ടാത്തവർ മുട്ടിയും
തോറ്റംപാട്ടുകൾ തുടങ്ങുന്നേരം
മുത്തശ്ശനെറിഞ്ഞവടി
മാനത്തൂടെ ഉയർന്നുപറന്ന്
തൊടിയിലെവിടെയോ ചെന്നുവീണതുകണ്ടമ്പരന്നൂ ഞാൻ.