Bijukumarmithirmala*

കണ്ണീർ പ്രണാമംനെടുമുടി വേണു വിടവാങ്ങി; കാലാതീതമായ വേഷപ്പകർച്ചയുടെ തമ്പുരാൻ!

ദേഹാസ്വസ്ഥ്യത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലിരിക്കേയാണ് മരണം.
അഭിനയജീവിതത്തിലെ അഞ്ചുദശകങ്ങൾ, അഞ്ഞൂറിലധികം വേഷങ്ങൾ. നായകനായും വില്ലനായും സഹനടനായും അച്ഛനായും അപ്പൂപ്പനായും അമ്മാവനായും തന്റെ സ്വതസിദ്ധമായ പ്രസരിപ്പിൽ കഥാപാത്രങ്ങളെ എക്കാലവും മലയാളി ഓർത്തെടുക്കുന്ന വ്യക്തിത്വങ്ങളാക്കി മാറ്റി നെടുമുടി വേണു.

ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ സ്കൂൾ അധ്യാപകനായിരുന്ന പി.കെ. കേശവൻ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളിൽ ഇളയ മകനായി 1948 മെയ് 22-നാണ് കെ. വേണുഗോപാലൻ എന്ന നെടുമുടി വേണു ജനിച്ചത്. നെടുമുടിയിലെ എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂൾ, ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ നിന്നാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയത്.

ബാല്യകാലം മുതൽ തന്നെ വായനയോടും എഴുത്തിനോടും അതിയായ താൽപര്യം ഉണ്ടായിരുന്ന നെടുമുടി വേണു നാടകങ്ങൾ എഴുതുമായിരുന്നു. സ്കൂളിലും നാട്ടിലും സുഹൃത്തുക്കൾക്കൊപ്പം നാടകം അവതരിപ്പിച്ചിരുന്നു. വിദ്യാഭ്യാസകാലത്ത് മറ്റു സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു അദ്ദേഹം. ആലപ്പുഴ എസ്. ഡി കോളേജിൽ നിന്ന് ബിരുദമെടുത്തശേഷം കലാകൗമുദിയിൽ പത്രപ്രവർത്തകനായും ആലപ്പുഴയിൽ പാരലൽ കോളേജ് അധ്യാപകനായും പ്രവർത്തിച്ചു.

അധ്യാപനത്തോടൊപ്പം പ്രൊഫഷണൻ നാടകങ്ങളിലും അമെച്വർ നാടകങ്ങളിലും പ്രവർത്തിച്ചു. ഒരു സുന്ദരിയുടെ കഥ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയിൽ മുഖം കാണിക്കുന്നത്. തിരുവനന്തപുരത്തേക്ക് താമസം മാറ്റിയതിന് ശേഷം അരവിന്ദൻ, പത്മരാജൻ, ഭരത് ഗോപി തുടങ്ങിയവരുമായി സൗഹൃദത്തിലായി. നെടുമുടി വേണു എന്ന സിനിമാനടന്റെ ഉദയകാലമായിരുന്നു അത്. 1978-ൽ അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം.

തുടർന്ന് ഭരതന്റെ ആരവം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമാക്കി.
പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ നെടുമുടി വേണുവിന്റെ കാരണവർ വേഷങ്ങളിലേക്കുള്ള ചുവടുമാറ്റത്തിനു നാന്ദിയായി. മലയാളത്തിലെ തിരക്കേറിയ സഹനടൻമാരിൽ ഒരാളായി മാറാൻ വേണുവിന് കൂടുതൽ കാത്തിരിക്കേണ്ടി വന്നില്ല. സ്വതസിദ്ധമായ അഭിനയവും ശരീരഭാഷയും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങൾക്ക് കരുത്തേകി. ദൂരദർശൻപ്രതാപകാലത്ത് ടെലിവിഷൻ പരമ്പരകളിലും നെടുമുടി സജീവമായി. ഗൗരവമേറിയ കഥാപാത്രങ്ങളും ഹാസ്യവേഷങ്ങളും ഒരുപോലെ വഴങ്ങുന്ന അപൂർവ്വ പ്രതിഭകളിൽ ഒരാളാണ് നേടുമുടി. നാടകക്കളരികൾ മലയാളസിനിമയ്ക്കും സമ്മാനിച്ച കലാകാരന്മാരിൽ ഒരാൾകൂടി കാലയവനികയ്ക്കുള്ളിൽ മറയുകയാണ്. തനതുനാടകപ്പാട്ടുകളും മൃദംഗവും നാടൻശീലുകളും കൊണ്ട് സമ്പന്നനായിരുന്നു നെടുമുടിവേണു എന്ന പ്രതിഭ.

അപ്പുണ്ണി, പാളങ്ങൾ, ചാമരം, തകര, കള്ളൻ പവിത്രൻ, മംഗളം നേരുന്നു, കോലങ്ങൾ, ചില്ല്, യവനിക, കേളി, വാരിക്കുഴി, പരസ്പരം, സർഗം, പഞ്ചവടി പാലം, അക്കരെ, ഇരകൾ, അടിവേരുകൾ, സുഖമോ ദേവി, ചിലമ്പ്, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, ഒരിടത്ത്, പെരുംതച്ചൻ ആരണ്യകം, ധ്വനി, ചിത്രം, ദശരഥം, താളവട്ടം, വന്ദനം, ഡോക്ടർ പശുപതി, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, അങ്കിൾ ബൺ, സൂര്യ ഗായത്രി, വിയറ്റ്നാം കോളനി, സവിധം, മായാമയൂരം, ദേവാസുരം, നന്ദിനി ഓപ്പോൾ, ശ്രീരാഗം, സ്ഥടികം, ദേവരാഗം, ഗുരു, ചുരം, സുന്ദരകില്ലാടി, ഹരികൃഷ്ണൻസ്, ഇംഗ്ലീഷ് മീഡിയം, മേഘം, ഇഷ്ടം, കാക്കക്കുയിൽ, തിളക്കം, ബാലേട്ടൻ, ജലോത്സവം, തന്മാത്ര, പാസഞ്ചർ, ബെസ്റ്റ് ആക്ടർ, ആകാശത്തിന്റെ നിറം, ആലിഫ്, നിർണായകം, ചാർലി, പാവാട, കാർബൺ, താക്കോൽ, യുവം, ആണും പെണ്ണും തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പ്രിയദർശൻ സംവിധാനം ചെയ്ത റിലീസ് കാത്തിരിക്കുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

മൊഗാമൽ, ഇന്ത്യൻ, അന്യൻ, പൊയ് സൊല്ല പോരും, സിലമ്പാട്ടം, സർവ്വം താളമയം, ഇന്ത്യൻ 2, നവരസ തുടങ്ങിയ തമിഴ്ചിത്രങ്ങളിൽ വേഷമിട്ടു. ചോർ രഹേൻ എന്ന ഇംഗ്ലീഷ് ചിത്രത്തിലും ഇഷ്ടി എന്ന തമിഴ്ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
പാച്ചി എന്ന അപരനാമത്തിൽ ചലച്ചിത്രങ്ങൾക്ക് കഥയും തിരക്കഥയും ഒരുക്കിയിട്ടുണ്ട്. കാറ്റത്തെ കിളിക്കൂട്, തീർഥം, ശ്രുതി, അമ്പട ഞാനേ, ഒരു കഥ നുണകഥ, സവിധം, അങ്ങനെ ഒരു അവധികാലത്ത് തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കി. പൂരം എന്ന ചിത്രം സംവിധാനവും ചെയ്തു.

1990-ൽ പുറത്തിറങ്ങിയ ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ അഭിനത്തിന് മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം നേടി. 2003- ൽ പുറത്തിറങ്ങിയ മാർഗം എന്ന ചിത്രത്തിന് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു. ഭരതൻ സംവിധാനം ചെയ്ത ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം, മാർഗം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും കരസ്ഥമാക്കി. അവസ്ഥാന്തരങ്ങൾ എന്ന ടെലിവിഷൻ സീരിയലിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ പുരസ്കാരവും നേടി. സൈറ എന്ന ചിത്രത്തിലെ അഭിനയത്തിന് 2007-ൽ സിംബാബ്വെ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച നടനുള്ള പുരസ്കാരവും കരസ്ഥമാക്കി. സത്യൻ പുരസ്കാരം, കലാവേദി അന്താരാഷ്ട്ര പ്രതിഭ പുരസ്കാരം, ബഹദൂർ പുരസ്കാരം, കാലരത്നം പുരസ്കാരം, സെർവ് ഇന്ത്യ മീഡിയ പുരസ്കാരം തുടങ്ങി ഒട്ടനവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.
ടി.ആർ. സുശീലയാണ് ഭാര്യ. മക്കൾ; കണ്ണൻ, ഉണ്ണി.

By ivayana