ഭിന്നശേഷിക്കാരായവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുന്നതിനായി സാമൂഹ്യനീതി വകുപ്പ് അക്ഷീണം പ്രവര്‍ത്തിച്ചു വരുന്നു. RPwD ആക്ട്‌ 2016, Chapter (III) സെക്ഷന്‍ 16 (1) പ്രകാരം ഭിന്നശേഷിക്കാര്‍ക്ക് കലാകായിക രംഗങ്ങളില്‍ തുല്യത ഉറപ്പുവരുത്തുന്നതിനായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ മേഖലകളില്‍ അഭിരുചിയും പ്രാവീണ്യവും ഉള്ള ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് അവരുടെ കഴിവ്/കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് സംസ്ഥാനത്തെ/രാജ്യത്തെ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും പരിശീലനം നേടുന്നതിന് ധനസഹായം നല്‍കുന്ന പദ്ധതിയാണ് ‘ശ്രേഷ്ഠം’.

കലാ-കായിക ഇനങ്ങളില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന ഭിന്നശേഷിക്കാരുടെ ഉന്നമനം ആണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. ഭിന്നശേഷിത്വം കാരണം സ്വന്തം കഴിവുകള്‍, അഭിരുചികള്‍ എന്നിവ വികസിപ്പിക്കാന്‍ സാധിക്കാതെ വീട്ടില്‍ ഒതുങ്ങിക്കഴിയുന്ന അവസ്ഥ ഒഴിവാക്കി, മികച്ച നേട്ടങ്ങള്‍ കൈവരിച്ച് അവരെ സമൂഹത്തിന്റെ ഭാഗമായി ഉയര്‍ത്തിക്കൊണ്ട് വരേണ്ടത് സര്‍ക്കാരിന്റെ കൂടി ഉത്തരവാദിത്വമാണ്.

ഇത്തരത്തില്‍ മാത്രമേ ഭിന്നശേഷിക്കാരുടെ പൂര്‍ണ്ണ പങ്കാളിത്തത്തോട് കൂടെയുള്ള വികസിത സമൂഹം കെട്ടിപ്പടുക്കുന്നതിന് സാധിക്കുകയുള്ളൂ. വ്യത്യസ്ഥ കലാ-കായിക രംഗങ്ങളില്‍ അഭിരുചിയുള്ളവര്‍ക്ക് രാജ്യത്തിനകത്തുള്ള പ്രശസ്ത സ്ഥാപനങ്ങളില്‍ പരിശീലനം ഉറപ്പ് വരുത്തുന്നതിനായി ഒരു പദ്ധതി ആവിഷ്ക്കരിച്ചത്. ഒരു ജില്ലയിലെ കലാ മേഖലയില്‍ നിന്നുള്ള 5 പേര്‍ക്കും കായിക മേഖലയില്‍ നിന്നുള്ള 5 പേര്‍ക്കുമായി ആകെ 10 പേര്‍ക്ക് 10,000/- രൂപ വീതം ധനസഹായം അനുവദിക്കുന്നു.

ലക്ഷ്യങ്ങള്‍
കലാ-കായിക മികവ് ഉണ്ടെങ്കിലും സാമ്പത്തിക പരാധീനത മൂലം തങ്ങളുടെ കഴിവുകളെ വളര്‍ത്തിയെടുക്കുന്നതിന് കഴിയാത്ത അവസ്ഥയിലുള്ള ഭിന്നശേഷിക്കാര്‍ക്ക് തങ്ങളുടെ കഴിവുകള്‍ പരിപോഷിപ്പിക്കുവാനും, അതിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു.

മാനദണ്ഡങ്ങള്‍
1) അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം 1 ലക്ഷം രൂപയില്‍ കവിയാന്‍ പാടുള്ളതല്ല.
2) അപേക്ഷകന്‍ സംസ്ഥാനത്തെ/രാജ്യത്തെ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും പരിശീലനം നേടുന്നവരായിരിക്കണം.
3) സംസ്ഥാന/ദേശീയതല മത്സരങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടവരായിരിക്കണം.
4) സാമ്പത്തികശേഷി കുറഞ്ഞവരും, 40%വും അതിനു മുകളിലും ഭിന്നശേഷിത്വമുള്ളവരുമായ RPwD ആക്ട്‌ അനുശാസിക്കുന്ന എല്ലാ വിഭാഗം ഭിന്നശേഷിക്കാര്‍ക്കും അപേക്ഷിക്കാം.
5) അപേക്ഷകര്‍ക്ക് ഭിന്നശേഷി സര്‍ട്ടിഫിക്കറ്റിന്റെയും കലാ-കായിക രംഗത്തെ മികവിന്റെയും അടിസ്ഥാനത്തില്‍ ആനുകൂല്യം അനുവദിക്കുന്നു.

നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷ നിഷ്ക്കര്‍ശിച്ച രേഖകള്‍ സഹിതം ബന്ധപ്പെട്ട ജില്ലാ സാമൂഹ്യനീതി ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കുക.

By ivayana