സുമോദ് പരുമല*

ഒടുവിലാ …
ആൽത്തറമൂകമായി
പ്രിയവേണുനാദം
നിലച്ചുപോയി …
മഞ്ഞവെയിൽച്ചിന്തിലെന്നുമെന്നും
മഞ്ഞത്തകരപ്പൂമാത്രമായി .
നീ നിറഞ്ഞാടും’ പകൽപ്പൂരങ്ങൾ ..
ഓർമ്മയിൽ തൂവെയിൽച്ചന്തമായി
രാവുകൾ ,
ആട്ടവിളക്കിൻ മുമ്പിൽ
നാട്ടുപാട്ടീണങ്ങൾ പാടിനിന്നു .
തുള്ളിപ്പിടയ്ക്കും തുടിയിലെന്നും
പാട്ടുകൾ ന്യത്തം ചവിട്ടിനിന്നു .
പാടുന്ന മേളപ്പദങ്ങളെല്ലാം
ഞാറ്റുവേലച്ചിരി തൂകിനിന്നു .
അതിരുകാക്കുംമല
പൂവണിഞ്ഞു ,.
അമ്പലപ്രാവുകൾ
വീണ്ടുമേതോ
ആലിലത്താളത്തിലോർമ്മതേടി.
നീ കൊഴിച്ചിട്ടൊരാ
പൂക്കളെല്ലാം
പാട്ടിൻ്റെ കാറ്റിനെയോമനിക്കും .
നിൻവിരൽത്തുമ്പിലെ
തോൽത്തളമാ
കരുമാടിക്കാറ്റ്
നിറച്ചുവയ്ക്കും,
വയലേല വീണ്ടും
കതിരണിയും
മഞ്ഞുംമഴയും കൊഴിഞ്ഞുവീഴും.
കാവടിച്ചിന്തിൻ്റെ
ഈരടികൾ
പാലക്കുടങ്ങളിൽ
തേൻചുരത്തും .
ഭാവസുഗന്ധികൾ
നിൻമിഴികൾ ,
എന്നുമീമണ്ണിനെയുറ്റുനോക്കും .
നോവാഴിപെയ്തു നനഞ്ഞ
തീരം ,
എത്രയോ ചിത്രവർണ്ണങ്ങളിൽ
നിൻ
സ്നേഹവും ശോകവുമോർത്തുവയ്ക്കും .
പ്രണയഗാനങ്ങളായ്
നോവിറുക്കും
വിരഹതാളങ്ങളായ്
മിഴിനിറയ്ക്കും:
കാലമൊരാകാശഗംഗയാവും
നീയതിൽ
നക്ഷത്രമിഴികളാവും ,
താളമിടറുന്ന പാട്ടുകളിൽ
ആറാത്ത നോവായ്
നീ നിറയും .
ആറ്റാത്ത നോവായ്
നീ നിറയും .

By ivayana