ജോസിൽ സെബാസ്ത്യൻ*

സ്നേഹത്തിൽ
ദാരിദ്ര്യമനുഭവിച്ചു വളർന്ന
ഒരുവനിലോ ഒരുവളിലോ
പ്രണയത്തെ മാത്രമായി
തിരയരുത് …
നിങ്ങൾ
നിരാശയുടെ പടുകുഴിയിൽ
വീണുപോയേക്കാം
നിങ്ങൾ
പ്രണയം തേടുമ്പോളൊക്കെ
അവർ തേടുന്നത്
ആവോളം ആഗ്രഹിച്ച്
നേടാതെപോയ
അപ്പന്റെയോ അമ്മയുടേയോ
വാത്സല്യമാവും
നിങ്ങളുടെ മടിയിൽ
തലവച്ചു കിടക്കുമ്പോൾ
അവന്റെ കണ്ണിൽ
നിങ്ങൾ പ്രണയം തിരയുകയും
നിങ്ങളുടെ കണ്ണിലവൻ
ഒരമ്മയുടെ വാത്സല്യം
തിരയുകയും ചെയ്യും
നെഞ്ചിൽ മുഖം ചേർത്ത്
മുലക്കണ്ണു നുണയുന്ന ചുണ്ടുകൾ
രതിമൂർച്ഛയുടെ
വക്കോളം എത്തിക്കാമെങ്കിലും
നിങ്ങളവന്റെ
മുടിയിഴകളിൽ തലോടവേ
പാതിതുറന്ന കണ്ണുകളോടെ
നോക്കിക്കിടന്ന്
ഒരു കുഞ്ഞിനെ പോലെയവൻ
മയങ്ങിപ്പോകാം
കൊല്ലാനുള്ള കലിയോടെ
നിങ്ങളവനെ
നെഞ്ചിൽ ചേർത്ത്
ഞെരിക്കുമ്പോൾ
പാതിമയക്കത്തിൽ
നിങ്ങളെ ഒന്നൂടൊന്ന്
ആഞ്ഞുപുൽകി
അവനതിൽ
വാത്സല്യം നുകരും
അങ്ങനെയുള്ള
ഒരുവളാണെങ്കിലോ…
നിർവ്വികാരയായി
നിങ്ങളുടെ നെഞ്ചിൽ
മുഖം ചേർത്തുകിടന്ന്
ഉറങ്ങിക്കളയും
പിതാവിന്റെ
നെഞ്ചിലെ ചൂടുപറ്റി
ഉറങ്ങിപ്പോയ
മകളെപ്പോലെ …

By ivayana