മീര വാസുദേവ്*
ഓരോ ജീവിതത്തിലുണ്ടാകും ആരുമല്ലെങ്കിലും ഒപ്പം നടന്ന ഒരാള്.
പാതി വഴിയില്
യാത്ര പറയാതെ മടങ്ങിയ
പ്രിയപ്പെട്ട ഒരാള്.
ലോകം എത്ര വിചിത്രാണ്.
എന്തോരം മനുഷ്യരാണിവിടെ !
പല നിറത്തിലുള്ളോര്
പല ഭാഷ പറയണോര്
പല ജോലി ചെയ്യണോര്.
നമ്മള് അകറ്റി നിർത്തണ
നമ്മളോട് അടുത്ത് നിക്കണോര്.
എന്നിട്ടും..,…..
ചുറ്റുമുള്ള മനുഷ്യർക്കൊപ്പം നിന്നിട്ടും
ഒറ്റപ്പെടലിന്റെ വിത്തുകൾ നമ്മളിൽ
മുളച്ച്പൊങ്ങിയതെങ്ങനെയാണ്.
ഈ ഒറ്റപെടലുകള്
ആദ്യം സമ്മാനിച്ചത് ഞാനെന്നോ നടന്നകന്ന ഇടവഴികളാണ്.
പിന്നീട്,
കണ്ട സ്വപ്‌നങ്ങളിലെ ഓർത്തെടുത്ത നാമിടങ്ങൾ.
നിലാവ് മറഞ്ഞ ആകാശങ്ങൾ
ഓടി പോകുന്ന നക്ഷത്രങ്ങൾ
ഉറക്കമില്ലാത്ത രാത്രികൾ,
മാനം കീറി തെളിഞ്ഞു വരുന്ന
വെളുപ്പാങ്കാലങ്ങൾ.
അങ്ങനെ എത്രയെത്ര ഒറ്റപ്പെടലുകളാണല്ലേ
നമുക്ക് ചുറ്റും.
ഇന്നിപ്പോ,
ആൾക്കൂട്ടങ്ങൾ പോലുമെനിക്ക്
ഒറ്റപ്പെടലുകൾ സമ്മാനിക്കുന്നു.
പണ്ടെങ്ങോ ദേഹത്തെ ഒറ്റയ്ക്കാക്കി ദേഹിയൊരു യാത്ര പോയത് പോലെ..,.
ലോകം കാണാനിറങ്ങിയതാണ് പുള്ളി.
അന്ന് മുതൽക്കാണ് എനിക്കെന്നെത്തന്നെ നഷ്ട്ടപ്പെട്ടു പോയത്.
ഞാനും എകാന്തതയുടെ കാമുകിയായത്
എന്നിലെ സ്വപ്‌നങ്ങളൊക്കെയും നിറം മങ്ങിയതായത്.
അന്നാണ് ഒപ്പം നടന്ന ഏതോ ഒരു മനുഷ്യൻ
എന്നിൽനിന്നിറങ്ങി നടന്നത്.
എന്റെ കണ്ണുകൾക്ക് കാണാൻ കഴിയാത്ത വിധത്തിൽ അയാളെങ്ങോ മറഞ്ഞത്….
എന്റെ മനുഷ്യരോട്.,…..പ്രിയപ്പെട്ട മനുഷ്യരോട്…….
സ്വയം നഷ്ട്ടപെടലാണ് കേട്ടോ,……
നമ്മളിലെ ഏറ്റവും വലിയ നോവ്.
ചന്ദനം ചാരി നിന്നിട്ടും അവൾക്ക്
ചാമ്പലിന്റെ നിറമായിരുന്നെന്ന്..പണ്ടാരോ പറഞ്ഞ് വച്ചത് പോലെ…..
ഉള്ളം കറുത്ത് പോയെന്ന് അഗ്നിയെ പുണരുമ്പോഴും
ന്റെ മനുഷ്യരോട് ഞാനും പറഞ്ഞ് വെയ്ക്കുന്നു.