സാബു കൃഷ്ണൻ*
പണ്ടു ഞാൻ വന്നു
നിന്റെ ഗ്രാമ വിശുദ്ധി തേടി
പരുത്തിക്കളം ബോട്ടു ജെട്ടി
എത്രയോ വട്ടം നീ കയറി
യിറങ്ങിയ ,നിന്റെ ആറ്റു തീരം.
ഞാൻ വരുമ്പോളാ പാലമുണ്ട്
അതു നിന്റെ വീടിന്നടയാളം
പാലത്തിനു പേര് പരുത്തികളം.
അവിടെയെനിക്കൊരു
ചങ്ങാതിയുണ്ട്
എന്റെ പരിചയക്കാരനവൻ
അവനോടു ഞാനന്ന് പറഞ്ഞു
കൊണ്ടുപോകൂയെന്നെ
ആ വീട്ടിലേക്ക്
കാണണമെനിക്കാ മഹാ
നടന്റെ വീട്.
അവന്റെ പിന്നിലായി
ഞാൻ നടന്നു
ദേവീ ക്ഷേത്രപാതക്കുമപ്പുറം
അവനെനിക്കത് കാണിച്ചു
തന്നു, വേണുഗോപാലിന്റെ
വീടാണത് ,നെടുമുടി
വേണുതൻ ജൻമ ഗൃഹം
നിന്റെ മുറ്റത്തു ഞാൻ
വന്നു നിന്നു
നീ പിച്ച വെച്ച മുറ്റം
ആ പാടവരമ്പത്തു
ഞാൻ നടന്നു.
നീയോടിക്കളിച്ച വഴി.
നേടുമുടിയിൽ നിന്നെത്ര ദൂരം
കാവാലത്തു വന്നു ചേരാൻ
പണിക്കർ സാറിന്റെ
ശിഷ്യനായി ,നീ മഹാ നടനായി
വളർന്നു.
അവനവൻ കടമ്പയിൽ
നീ നടിച്ചു,നാടക ലോകത്തു
നീ നിറഞ്ഞു.വാലടി
ദേവി തൻ അമ്പല മുറ്റത്തു
പടയണി കെട്ടി നിന്നാടിത്തി
മിർത്തു നീ .
ഹേ….മഹാ നടാ….ശൂന്യത
ശൂന്യത….
നാട്യ ഗൃഹം ശൂന്യമായി
വെള്ളിത്തിരയി ലും
ശൂന്യത നിറയുന്നു
ഇനിയാ വഴി നീ നടക്കുകില്ല
പരുത്തിക്കളം പാലം
കേറുകില്ല
ആ തോട്ടിങ്കരയിനി
കാണുകില്ല
പാടവരമ്പത്തു കേറുകില്ല
വാടക വീട് നീയൊഴിഞ്ഞു
വേഷവും നീയഴിച്ചുവെച്ചു.
പിൻവിളി കേട്ടു നീ
പോയ് മറഞ്ഞു….