ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

ഉഷാ റോയ് 🔸

” വേഗം വരൂ… താമസിച്ചാൽ പ്രശ്നമാ…. ” നവ്യ, രശ്മിയോട് പറഞ്ഞുകൊണ്ട്
തിടുക്കപ്പെട്ട് മുറിയിലേക്ക് പോയി…കയ്യിലിരുന്ന
കവറുകൾ അലമാരയിൽ വച്ചിട്ട് ഡൈനിങ് റൂമിലേക്ക്‌ അവർ ഓടി.രണ്ടാം വർഷ നഴ്സിംഗ്
വിദ്യാർത്ഥിനികളാണ് അവർ. ഒരു അവധിദിനം വീണുകിട്ടിയപ്പോൾ ഊണ് കഴിഞ്ഞ് ഷോപ്പിംഗിന് പോയി വരുന്ന വഴിയാണ്. കുറച്ച് വൈകി… ഇന്നാണെങ്കിൽ ചായക്ക്‌ പതുപതുത്ത ഉഴുന്നുവട കിട്ടുന്ന ദിവസമാണ്…

അത് നഷ്ടമാകുമോ…. ” ശാന്തേച്ചി ഇപ്പൊ പുറം പണികൾക്ക് പോയിക്കാണും… ജൈനമ്മ അത്യാവശ്യം ഉപകാരിയാ..കുഴപ്പമില്ല.. “
അവർ തമ്മിൽ പറഞ്ഞു.
എല്ലാവരും ചായ കുടിച്ച് പോയിരിക്കുന്നു. ഫ്ലാസ്കിൽ രണ്ടുപേർക്കുള്ള
ചായ കഷ്ടി ഉണ്ട്. തണുത്തിട്ടുണ്ടാകും. വട നല്ല മൃദുവായിരിക്കുന്നു.’ ചായ ചൂടാക്കി കിട്ടിയാൽ നന്നായേനെ… രാവിലത്തെ ദോശയുടെ ചട്ണി
ഇരിപ്പുണ്ടോ പോലും… വട ബാക്കിയായിട്ടുണ്ടാകുമോ…’ കുട്ടികൾ അടുക്കളയിലേക്ക് പാളി നോക്കി.. ശാന്തേച്ചി

അവിടെ നിലം തുടച്ചുകൊണ്ട് നിൽക്കുന്നു… രണ്ടുപേരും വേഗം ഉള്ളതു കഴിച്ച് സ്ഥലം കാലിയാക്കി.
നഴ്സിംഗ് കോളേജിനോട് ചേർന്നുള്ള ഹോസ്റ്റലിൽ നൂറ്റമ്പതോളം കുട്ടികളുണ്ട്. വളരെ
സീനിയർ ആയ ഒരു നേഴ്സ് തന്നെയാണ് ഹോസ്റ്റൽ മേട്രൺ. അവർ സദാ തിരക്കിലാണ്.
ഒരു വിധപ്പെട്ട കാര്യങ്ങളൊക്കെ നോക്കി നടത്തുന്നത് ശാന്തേച്ചിയാണ്. മുപ്പതു വയസ്സുള്ള
അവർ തന്നെയാണ് മുതിർന്ന പാചകക്കാരി.
ഇരുപത്തഞ്ച് വയസ്സുള്ള ജൈനമ്മ പ്രധാന സഹായിയാണ്. ഈയിടെ വന്ന നിർമ്മല പണികൾ പഠിച്ചു വരുന്നതേയുള്ളു. മേട്രൺ
എല്ലാം പറഞ്ഞേൽപ്പിക്കുന്നത് ശാന്തേച്ചിയെ ആണ്. ശാന്തേച്ചി ഒരുപാട് വർഷങ്ങളായി പോലും അവിടെ വന്നു ചേർന്നിട്ട്…

കുട്ടികളുടെ പുറത്തേക്കുള്ള പോക്കും വരവും…. അവർക്ക് സന്ദർശകർ ആരൊക്കെ വന്നു…. എല്ലാം അവർ സസൂക്ഷ്മം വീക്ഷിച്ചിരിക്കും. എല്ലാ മേഖലകളിലും അവരുടെ
കണ്ണുകൾ പതിയാറുണ്ട്. നവ്യയും രശ്മിയും
ശാന്തേച്ചിയുടെ നോട്ടപ്പുള്ളികളാണ്. അടുക്കളയിലേക്കുള്ള കുട്ടികളുടെ പമ്മിനോട്ടവും നിൽപ്പും അവർക്ക് തീരെ പിടിക്കാറില്ല. അടുക്കളയോട് ചേർന്നുള്ള അവരുടെ ഈറൻമണമുള്ള കിടപ്പു
മുറിയുടെ, നിറം മങ്ങിയ കർട്ടൻ നീക്കി അകത്തേക്ക് നോക്കിയതിന് രണ്ടാൾക്കും
നല്ല വഴക്കു കിട്ടിയിട്ടുണ്ട്.

വസ്ത്രങ്ങൾ കഴുകി വിരിക്കുന്ന ഇടം , കിടപ്പുമുറികൾ, പഠന മുറി, ഡൈനിങ് ഹാൾ…
എല്ലായിടത്തും വൃത്തി നിർബന്ധം. അല്ലാത്ത പക്ഷം ഇടം വലം നോക്കാതെ ഉച്ചത്തിൽ ശകാരവും ഉണ്ട്. ‘ കുക്കിന് ആ പണി നോക്കിയാൽ പോരെ… മേട്രൺ അവർക്ക് അമിത സ്വാതന്ത്ര്യം നൽകുന്നു…’ തുടങ്ങിയ പരാതികൾ സീനിയേഴ്സിന് ഉണ്ട്. ഉച്ചക്ക് ടേബിളിൽ എടുത്ത് വയ്ക്കുന്ന കറികൾക്ക് അളവുണ്ട്. ആരെങ്കിലും പൊരിച്ച മീൻ വലിയത് നോക്കി തെരഞ്ഞെടുത്താൽ ചീത്ത ഉറപ്പ്… ടേബിളിൽ മോരുകറി വീഴിച്ചു എന്ന് പറഞ്ഞ്
ജൂനിയേഴ്‌സിനെ വല്ലാതെ ശാസിക്കുന്നത് കേട്ടു.

അനാവശ്യമായി ലൈറ്റോ ഫാനോ പ്രവർത്തിപ്പിച്ചാൽ, അതിനും കണക്കിന് കിട്ടും.
അസാമാന്യമായ ഗൗരവമായിരുന്നു ശാന്തേച്ചിക്ക്. ഒരു പഴംപൊരിയോ വടയോ കൂടുതൽ എടുക്കാൻ ആർക്കും ഇതുവരെ ധൈര്യം ഉണ്ടായിട്ടില്ല. മിച്ചം വരുന്ന ഉണ്ടക്കയും
ബോളിയും മുഴുവൻ കഴിച്ചിട്ടാണോ അവരിങ്ങനെ ഉരുണ്ടിരിക്കുന്നത് എന്ന് നവ്യയും രശ്മിയും അടക്കം പറയാറുണ്ട്. പിന്നെ ഒരു ആശ്വാസം ജൈനമ്മയാണ്. കുട്ടികൾ അവരെ സ്നേഹത്തോടെ ജൈനമ്മു എന്ന് വിളിച്ചു വന്നു.

ശാന്തേച്ചി അടുത്തില്ലെങ്കിൽ ആവശ്യപ്പെടുന്നവർക്ക് വടയും പഴം പൊരിയുമൊക്കെ ഓരോന്നുകൂടി കൊടുക്കും അവർ… ഉച്ചക്ക് ഊണിന് തോരൻ കൂടുതൽ
കൊണ്ടു വന്നു കൊടുക്കും.
കുട്ടികൾ ഭക്ഷണം വിളമ്പി എടുക്കുന്ന സമയത്ത്, അടുക്കള വാതിൽക്കൽ നിന്ന്, തീക്ഷ്‌ണമായ നോട്ടത്താൽ അവരെ നിയന്ത്രിക്കുന്ന ശാന്തേച്ചിയുടെ പിറകിൽ നിന്ന്,
ജൈനമ്മു ചിരിയോടെ കുട്ടികളെ കണ്ണടച്ച് കാണിക്കും. വൈകുന്നേരങ്ങളിൽ പുറത്തേക്കുള്ള പടിക്കെട്ടിൽ ഇരുന്ന് പഠിക്കുമ്പോൾ, ജൈനമ്മ ചെടികൾക്കിടയിൽ കാട് പറിക്കുന്നു എന്ന ഭാവേന കുട്ടികളോട് വിശേഷങ്ങൾ ചോദിച്ചറിയാൻ വരും. ശാന്തേടത്തി കാണുന്നുണ്ടോ എന്ന് പാളിനോക്കി

കുട്ടികൾ ധരിച്ചിരിക്കുന്ന നല്ല വസ്ത്രങ്ങളിൽ പിടിച്ചു നോക്കും… അഭിപ്രായം പറയും…
ഒരു വൈകുന്നേരം മേട്രൺ എല്ലാ കുട്ടികളെയും ഹാളിലേക്കു വിളിച്ചു…. “ശാന്തേച്ചിക്ക് വിവാഹം ആയിരിക്കുന്നു… വളരെ സാധുക്കളാണ്… സ്വന്തമായി വീടില്ല…രോഗിയായ അമ്മ ബന്ധുക്കളുടെ കൂടെയാണ് …പതിനഞ്ചാം വയസ്സിൽ ഇവിടെ എത്തിയതാണ്… ശമ്പളം കൂട്ടിവച്ച് അത്യാവശ്യം
അണിയാനുള്ളതൊക്കെ വാങ്ങിയിട്ടുണ്ട്… ശാന്തേച്ചി ഇവിടെ ഉള്ളത് വലിയ പ്രയോജനമായിരുന്നു… എല്ലാ കാര്യങ്ങളും ചിട്ടയായി നോക്കി നടത്തി… ഇത്രയും നാൾ നമുക്ക് വച്ചു വിളമ്പിയതല്ലേ… നിങ്ങൾ എല്ലാവരും കൂടി എന്തെങ്കിലും ഉപകാരപ്രദമായ സമ്മാനം അവർക്ക് വാങ്ങിക്കൊടുക്കണം…”
മേട്രൺ പറഞ്ഞു നിർത്തി.

എല്ലാവരും കൂടി ആലോചിച്ച് പണമിട്ട്
ഒരു നല്ല സാരി വാങ്ങി, കനം കുറഞ്ഞ ഗിഫ്റ്റ് ബോക്സിൽ അതിമനോഹരമായി പൊതിഞ്ഞു വച്ചു…ശാന്തേച്ചി കല്യാണത്തലേന്ന്
പോകുന്നതിനു മുൻപായി കുട്ടികൾ കൂടിവന്ന് ശാന്തേച്ചിക്ക് പാക്കറ്റ് കൈമാറി… അപ്രതീക്ഷിതമായി സമ്മാനം കിട്ടിയപ്പോൾ ശാന്തേച്ചി അതിശയിച്ചു… ” എന്നാലും നിങ്ങൾ എനിക്ക് തന്നല്ലോ… ” എന്നു പറഞ്ഞ് പൊതി കൊണ്ട് മുഖം മറച്ച് വിങ്ങിക്കരഞ്ഞ് തിരിഞ്ഞു നടന്നു… അതുകണ്ടിട്ട് ആർക്കും വിഷമം തോന്നിയില്ല. ” പൈപ്പ് തുറന്നു വച്ചു എന്നു പറഞ്ഞ് ഇവരെന്നെ എന്തോരം ചീത്ത പറഞ്ഞതാ…. ഏതായാലും പോയിക്കിട്ടുമല്ലോ… സമാധാനമായി… ജൈനമ്മക്ക് ഒരു മനുഷ്യപ്പറ്റുണ്ട്… ” നവ്യ, രശ്മിയുടെ ചെവിയിൽ പറഞ്ഞു.
അടുത്ത ദിവസം തന്നെ അടുക്കളയിൽ പുതിയ ഒരു സഹായി വന്നു. ജൈനമ്മ അടുക്കളയുടെ നായികയായി അവരോധിക്കപ്പെട്ടു. രണ്ടുമൂന്ന് ദിവസം നവ്യയും രശ്മിയും വളരെ തിരക്കിൽ ആയിരുന്നു… അല്പം വൈകി അലസമായി വന്ന അവർ അടുക്കളയിലേക്ക് നോക്കി…”ജൈനമ്മൂ….” എന്ന് വെറുതെ, ലോഹ്യത്തിന് ഒന്നു വിളിച്ചു.

” ഏതുനേരത്തും ചായേം കടീം വച്ച് നോക്കിയിരിക്കാനൊന്നും പറ്റുകേല… സമയത്തിന് വന്ന് കഴിച്ചേച്ചു പൊക്കോണം.
ഇവിടെ വേറേം പണിയുണ്ട്… ” ഇടിവെട്ടു പോലെയുള്ള ശബ്ദം കേട്ട് കുട്ടികൾ മിഴിച്ചു നോക്കി. അടുക്കള വാതിൽക്കൽ തീക്ഷ്ണമായ
നോട്ടം പാറിച്ചുകൊണ്ട് ഒരു അപരിചിത…. അല്ല… ജൈനമ്മു. ഞെട്ടിപ്പോയ നവ്യയും രശ്മിയും
വിളറിയ മുഖത്തോടെ പരസ്പരം നോക്കി.

പദവികളിലെ ഉയർച്ച താഴ്ച്ചകൾ വളരെ പ്രാധാന്യം അർഹിക്കുന്നു എന്നും, ഉത്തരവാദിത്തങ്ങളും അതിന്റെ സമ്മർദ്ദങ്ങളും
ഒരാളുടെ സ്വഭാവത്തിൽ ഗണ്യമായ വ്യതിയാനം
വരുത്തിയേക്കാമെന്നും ഉള്ള മഹത്തായ ജീവിതതത്വം
ഉൾക്കൊണ്ടുകൊണ്ട് കുട്ടികൾ തണുത്ത ചായ രണ്ടു ഗ്ലാസുകളിലേക്ക് പകർന്നു…

By ivayana