ഷാജു. കെ. കടമേരി*

ജീവിതത്തിന്റെ
വാതായനങ്ങൾ തുറക്കുമ്പോൾ
പറഞ്ഞ് തീരാത്തത്ര നേരുകൾ
എഴുന്നേറ്റ്നിൽക്കുന്ന
ഏടുകളിൽ ഇരുൾമുഖങ്ങൾ
കനക്കുന്നു.
ജീവിതത്തിന്റെ അതിരുകളിൽ
അസ്വസ്ഥതയുടെ
പുകമറയ്ക്കുള്ളിൽ
തീകായുന്ന വേനൽപകകൾ
ചോരക്കാറ്റ് ഉമ്മവയ്ക്കുന്ന
കിനാവുകളുടെ അറ്റത്ത്
തീചൂടി നിൽക്കുന്ന വിങ്ങലുകൾ.
സ്കൂൾകുട്ടികൾ വലിച്ചെറിഞ്ഞ
സിഗരറ്റ് കുറ്റികൾ
ഇന്നിന്റെ നേർക്കാഴ്ച്ചയെ
നെടുകെ പിളർക്കുന്നു.
കരിവിഷമൂതി
പിടയും വഴികളിൽ
തലതെറിച്ച് ദിശതെറ്റി
പതറിവീണ
പാതിവിടർന്ന പൂവുകൾ.
ലഹരി നുണഞ്ഞ്
കൊന്ന് കൊലവിളിക്കുന്ന
ചിന്തകൾ മൊട്ടിട്ട
ചെകുത്താന്റെ ജന്മങ്ങൾ
ഇരന്നുവാങ്ങിയ
കൂട്ടംതെറ്റിയ നിഴലുകൾ
ഉന്മാദരാവുകൾക്ക്
തീക്കൊടുത്ത്
സാംസ്കാരിക ചുവട് പിളർന്ന്
കയറൂരി വിട്ട
കാലഘടികാര സൂചികൾക്ക്
നടുവിലൂടെ ഓടിക്കിതയ്ക്കുന്നു.
പ്രതീക്ഷകളോടെ
കാത്തിരിക്കുന്നവർക്ക്
തീനോവുകൾ കുടഞ്ഞിട്ട
വേവലാതികൾ തുന്നിയ
സമ്മാനപ്പൊതികളുമായ്
ഇരുൾക്കൂടണയുന്നവർ.
ഓരോ ദുരന്തവും
എഴുതിവയ്ക്കുന്ന
ഞ്ഞെട്ടലുകൾ
ലഹരി പിടിച്ച തീക്കൂട്ടുകൾ
വലിച്ചെറിയുന്ന
കൊലപാതക ചിത്രങ്ങളിൽ
ഇടിവെട്ടി പുണരുന്നു
വീണ്ടും പാതിവെന്ത ജന്മങ്ങൾ.

By ivayana