പള്ളിയിൽ മണികണ്ഠൻ*

വിലകുറഞ്ഞതാണെങ്കിലും
ഒരു പൂച്ചെണ്ട്
നീ എനിയ്ക്കായി കരുതിവയ്ക്കുക.
നിനക്കിഷ്ടപ്പെട്ട,
നീയാഗ്രഹിക്കുന്ന,
നിനക്കുവേണ്ടിയെഴുതുന്ന
എന്റെ ഏറ്റവും നല്ല ‘കവിത’
വരാനിരിക്കുന്നതേയുള്ളൂ.!!!!
ഒറ്റവരിയിൽതീർത്ത
ആ ‘കവിത’
അന്ന് നീ
ഒന്നിലേറെത്തവണ
വായിച്ചുറപ്പിക്കണം.
പിന്നെയാ പൂച്ചെണ്ട്
ഈ കവിതയിൽ വയ്ക്കുക.!
പുറത്തുകാണിയ്ക്കാൻമാത്രമായി കരഞ്ഞ്,
പിരിഞ്ഞുപോകുംമുമ്പ്
ചിരി മറച്ചുവച്ചുകൊണ്ട്
ആ ‘കവിതയ്ക്ക്’ നീ
‘മറവി’യെന്നൊരു
ശീർഷകം കൂടിയെഴുതണം.!
അവസാനത്തെ ആണികൂടി
എന്നിൽ തറച്ചുകയറിക്കഴിഞ്ഞാൽ
‘പുത്തൻ മേച്ചിൽപ്പുറ’ങ്ങളിലേക്ക്
കുതിച്ചുപായാൻ
പിന്നെ നീ സ്വതന്ത്ര.!!!

By ivayana