കുറുങ്ങാട്ടു വിജയൻ*
ഡോ. എ പി ജെ അബ്ദുള്‍കലാമിന്‍റെ ജന്മദിനം!
കാലത്തിനു മായ്ക്കാന്‍ കഴിയാത്ത വാക്കും വെളിച്ചവുമായ കലാം …. !!
ചിന്തകൊണ്ടും ജീവിതംകൊണ്ടും ഇന്ത്യയെ പ്രചോദിപ്പിച്ച മുന്‍രാഷ്ട്രപതി അബ്ദുള്‍ കലാം!!
ഇന്ത്യന്‍ യുവത്വത്തെ സ്വപ്നം കാണാന്‍ പഠിപ്പിച്ച ഇന്ത്യയുടെ മിസ്സൈല്‍ മാന്‍!
അമരത്വം ലഭിക്കേണ്ട ചില ജന്മങ്ങളുണ്ട്. അതിലൊന്നാണ് ഡോക്ടര്‍ എ പി ജെ അബ്ദുള്‍കലാം!
എ പി ജെ അബ്ദുള്‍കലാം ജ്വലിപ്പിച്ചത് ഇന്ത്യന്‍ റോക്കറ്റുകളുടെ ചിറകുകളെ മാത്രമല്ല, ഇന്ത്യന്‍ യുവത്വത്തിന്റെയും വിദ്യാര്‍ത്ഥി സമൂഹത്തിന്റെയും അഗ്നിചിറകുള്ള ചിന്തകളെക്കൂടിയായിരുന്നു!
ശാസ്ത്രജ്ഞനായും, രാഷ്ട്രപതിയായും, വിദ്യാര്‍ത്ഥികള്‍ക്കു മാര്‍ഗ്ഗദര്‍ശിയായും തിളങ്ങിയ, രാഷ്ട്രീയക്കാരനല്ലാത്ത ജനസമ്മതനായ മഹാപ്രതിഭ!
ജന്മം ഒരു സാധനയാക്കി നമ്മുടെ രാജ്യത്തിന്റെ യശസ്സും പ്രൗഢിയും വാനവും കടന്നു ബഹിരാകാശത്തേക്ക് ഉയര്‍ത്തിയ രാഷ്ട്രതന്ത്രജ്ഞന്‍!
ഉറങ്ങുമ്പോള്‍ കാണുന്നതല്ല, നിങ്ങളെ ഉറങ്ങാന്‍ അനുവദിക്കാത്തതായിരിക്കണം സ്വപ്നങ്ങള്‍ എന്നു പഠിപ്പിച്ച യുഗപുരുഷന്‍!
പുഞ്ചിരിയും നല്ലവാക്കുകളുംകൊണ്ടു ജനഹൃദയങ്ങളില്‍ സ്ഥാനംപിടിച്ച, ആദര്‍ശവ്യക്തിത്വംകൊണ്ട് അധികാരക്കസേരപോലും പരിശുദ്ധമാക്കപ്പെട്ട, ഒരു മനുഷ്യായുസ്സുകൊണ്ടു നല്കാന്‍ കഴിയുന്നതില്‍ കൂടുതല്‍ വെളിച്ചം നമുക്കുനല്കിയ സൂര്യതേജസ്സ്!
“യാത്രയ്ക്കിറങ്ങുന്ന എല്ലാ പക്ഷികളും മഴയത്തു യാത്രനിര്‍ത്തി അഭയം തേടും. എന്നാല്‍, പരുന്ത് മഴമേഘങ്ങള്‍ക്കു മുകളില്‍പ്പറന്ന് അതിനെ അതിജീവിക്കും. അതായത്, ജീവിതപ്രശനങ്ങള്‍ എല്ലാം ഒരുപോലെയാണ്, പക്ഷേ, അതിനെ അധിജീവിക്കുന്ന രീതിയാണു വിജയികള്‍ക്കു വ്യത്യാസം” എന്നു നമ്മെ ഓര്‍മ്മപ്പെടുത്തിയ ക്രാന്തദര്‍ശി!
ആ സ്വപ്നങ്ങളില്‍ ഭാരതത്തിന്റെ നല്ലഭാവിയുണ്ടായിരുന്നു ….
ആ ചിന്തകളില്‍ ഭാരതത്തിന്റെ സുരക്ഷിതത്വമുണ്ടായിരുന്നു…..
ആ ശബ്ദത്തില്‍ ഭാരതത്തിന്റെ ഐക്യമുണ്ടായിരുന്നു…
ആ കരങ്ങളില്‍ ഭാരതത്തിന്‍റെ നവശാസ്ത്രമായിരുന്നു….
ആ മിതഭാഷണത്തില്‍ ഭാരതത്തിന്‍റെ കവിതയും സംഗീതവുമായിരുന്നു…
ആ ലാളിത്യത്തില്‍ ഭാരതത്തിന്റെ മഹനീയസംസ്ക്കാരമായിരുന്നു…
“വികാരപരമായി കറുപ്പ് ഒരു മോശം നിറമാണ്.., എന്നാല്‍ ഓരോരോ ബ്ലാക്കു ബോര്‍ഡുകളിലുമാണു വിദ്യാര്‍ത്ഥികളുടെ ജീവിതം ശോഭനമാക്കുന്നത്….” എന്നുപറയുവാന്‍ മഹാത്മാഗാന്ധിയുടെ ഈ പിന്മുറക്കാരനേ പറ്റൂ…
”മനുഷ്യനെ ദൈവത്തില്‍നിന്നകറ്റാനുള്ളതാണു ശാസ്ത്രമെന്നു ചിലര്‍ പറയുമ്പോള്‍, അത്ഭുതം തോന്നറുണ്ട്. എനിക്ക്, ശാസ്ത്രം ആത്മസാക്ഷാത്കാരത്തിന്റെയും ആത്മീയസമ്പൂര്‍ണതയുടെയും മാര്‍ഗ്ഗം മാത്രമാണ് ” എന്ന മഹത്തായ വാക്കുകള്‍, നമ്മളെ പഠിപ്പിച്ച യുഗപുരുഷന്‍…
“അവധിയെടുക്കേണ്ടാ, ഹര്‍ത്താലാചരിക്കേണ്ടാ, മരണാനന്തരം ആരും കണ്ണീര്‍ വാര്‍ക്കേണ്ടാ,. പണിയെടുക്കുക ആ ഒരു നാള്‍ കൂടി..!” . എന്ന, മരണത്തിലും നമ്മേ വഴിനടത്തിയ ആ മഹാമനസ്കത!
സമര്‍പ്പിതജീവിതത്തിലൂടെ ഇന്ത്യന്‍ യുവത്വത്തെ സ്വപ്നം കാണാന്‍ പഠിപ്പിച്ച ജനകീയനായ നമ്മുടെ മുന്‍രാഷ്ട്രപതിയുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്കുമുന്നില്‍ അര്‍പ്പിക്കാം ശതകോടി പ്രണാമം….