ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

മോഹൻദാസ് എവർഷൈൻ*

മഴ തോരാത പെയ്തുകൊണ്ടിരുന്നപ്പോൾ
അയാൾ വല്ലാതെ അസ്വസ്ഥനായി. എത്രയും വേഗം എത്തുവാൻ വേണ്ടിയാണ് മകന്റെ ബൈക്കെടുത്തു പുറപ്പെട്ടത്.
ട്രെയിൻ വന്ന് പോയിക്കാണും, തന്നെകാണാതെ അവൾ ഒത്തിരി പരിഭ്രമിക്കുന്നുണ്ടാകും. സ്വതവേ അവൾക്ക് ഭയം കൂടുതലാണ്.ഇതിപ്പോൾ വിളിച്ചിട്ട് ഫോൺ എടുക്കുന്നുമില്ല.
അതെങ്ങനെ എടുക്കാനാണ് ബാഗിന്റെ ഏതോ അറയിൽ കിടന്ന് അത് ചിലക്കുന്നത് അവൾ കേട്ടിട്ട് വേണ്ടെ എടുക്കാൻ.

ഈ പെരുമഴയിലും ഉള്ള് തീപോലെ പൊള്ളുന്നത് അയാൾ അറിയുന്നുണ്ടായിരുന്നു.
എന്നും ട്രെയിൻ വരുന്നതിന് മുന്നെ അവിടെ എത്തുന്നതായിരുന്നു അയാളുടെ പതിവ്.അതൊരു ദിനചര്യപോലെയാണ്. ട്രെയിനിൽ നിന്നിറങ്ങുമ്പോൾ അവളുടെ കണ്ണുകൾ അയാളെന്നും കാത്ത് നില്കുന്ന സ്ഥലത്തേക്ക് നീളും.കാണുമ്പോൾ അവളുടെ മുഖത്ത് ആശ്വാസം നിഴലിക്കും.
അവൾക്ക് ചുറ്റുപാടുകളോട് എപ്പോഴും ഒരു ഭയമാണ്, ഒരുപക്ഷെ വാർത്തകളിലൂടെ മനസ്സിന്റെ ആഴങ്ങളിലേക്ക് അലിഞ്ഞിറങ്ങുന്ന ചോരയുടെ ഗന്ധമുള്ള ഭയങ്ങൾ അവളെ വേട്ടയാടുന്നതാവാം.
ഇന്നിപ്പോൾ വൈകിയതിന് പരിഭവവും, ശകാരവും ഒക്കെ കേൾക്കേണ്ടി വരും.
അയല്പക്കത്ത് പുതുതായി താമസത്തിനെത്തിയ തമിഴ് കുടുംബത്തെ കൂടുതൽ പരിചയപ്പെട്ടിരുന്നില്ല.

എന്നാലും ഗൃഹനാഥൻ രാജവേൽ വീട്ടിൽ വന്ന് സ്വയം പരിചയപ്പെടുത്തി. അയാൾക്ക് നഗരത്തിൽ പാത്രക്കടയാണെന്ന്, കേട്ടപ്പോൾ അവൾ പറഞ്ഞു.
“ഒരുദിവസം നമുക്ക് അയാളുടെ കടയിലൊന്ന് പോകാണം, എനിക്ക് കുറച്ച് സ്റ്റീൽ പാത്രങ്ങൾ
വാങ്ങിക്കാനുണ്ട് “.
“അതിനെന്താ പോകാം, ഒന്നുമില്ലേലും നമ്മുടെ അയല്പക്കത്തെ ആളല്ലേ, അഞ്ച് രൂപ കിട്ടുന്നെങ്കിൽ അയാൾക്ക് കിട്ടിക്കോട്ടേ “.

ഇന്നിപ്പോൾ രാജവേലിന്റെ അമ്മ കനകമ്മാളുക്ക്‌ പെട്ടെന്ന് ഒരു നെഞ്ച് വേദനയും, തളർച്ചയും വന്നപ്പോൾ, രാജവേലിന്റെ പൊണ്ടാട്ടി കരഞ്ഞു കൊണ്ട് വീട്ടിലേക്ക് കയറിവന്ന് കാര്യം പറഞ്ഞു.
നല്ല കടും തമിഴിലാണ് പറഞ്ഞതെങ്കിലും സംഗതി എനിക്ക് ബോധ്യമായതിനാൽ, ഉടനെ കാറെടുത്ത് അവരെ ആശുപത്രിയിൽ എത്തിച്ചു. വിവരം അറിഞ്ഞ് രാജവേൽ എത്തുന്നത് വരെ അവിടെ നില്ക്കേണ്ടിയും വന്നു. അതാ ഇന്നിത്രയും വൈകിയത്.

തന്റെ സാമൂഹ്യ സേവനം ഒത്തിരി, സാമ്പത്തിക ബാധ്യത വരുത്തുന്നുണ്ടെന്ന് അവൾ ഇടയ്ക്കിടെ ഓർമ്മപ്പെടുത്താറുണ്ടെങ്കിലും,ഒരിക്കലും അതൊരു പരാതിയായി നിരുത്സാഹപ്പെടുത്താറില്ല.
മഴയുടെ ശക്തികുറഞ്ഞിരിക്കുന്നു. ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു പോകാനൊരുങ്ങുമ്പോൾ എതിർവശത്തെ കടത്തിണ്ണയിൽ ചെറിയൊരു ഭാണ്ഡകെട്ടുമായി, വാർദ്ധക്യം കൊണ്ട് വളഞ്ഞുകൂനിയ ഒരു രൂപം,ആരാലും ശ്രദ്ധിക്കപ്പെടാതെയിരിക്കുന്നത് കണ്ടത്.
അടുത്ത് പോയി നോക്കുവാൻ തോന്നിയെങ്കിലും, റെയിൽവേ സ്റ്റേഷനിൽ അവളുടെ പരിഭ്രമം നിറഞ്ഞ മിഴികൾ തന്നെ തിരയുകയാണെന്നോർത്തപ്പോൾ, മനസ്സില്ലാമനസ്സോടെ വണ്ടി റെയിൽവേ സ്റ്റേഷനിലേക്ക് വിട്ടു.

അവിടെയെത്തുമ്പോൾ ട്രെയിൻ ഇതുവരെയും എത്തിയിട്ടില്ലെന്നും, അല്പസമയത്തിനകം എത്തിച്ചേരുമെന്നും അറിഞ്ഞപ്പോൾ സമാധാനം തോന്നി .
അവൾ ട്രെയിനിനുള്ളിൽ ഇപ്പോൾ പലപ്രാവശ്യം, സമയത്തെ വലിച്ചിഴക്കുന്ന വാച്ചിലേക്ക് നോക്കി നെടുവീർപ്പ് ഉതിർത്ത് കാണും.

അപ്പോഴും കടത്തിണ്ണയിൽ കണ്ട ആ രൂപം മായാതെ നിന്നു. ആരായിരിക്കുമത്.
ഇന്നലെകളിൽ മകളും, കാമുകിയും, ഭാര്യയും, അമ്മയുമൊക്കെയായ ഒരു ജന്മം.താരാട്ട് പാട്ടിന്റെ മധുരം മറന്ന് പോയ മക്കൾ ഉപേക്ഷിച്ചു കടന്നതാകുമോ?.വാർദ്ധക്യത്തെ മാലിന്യത്തോട് ചേർത്ത് കെട്ടുന്ന പുതിയ ലോകത്ത്,വലിച്ചെറിയപ്പെടുന്ന ഇത്തരം കാഴ്ചകൾ ഇന്ന് വാർത്തയെ അല്ല.ഒറ്റ നോട്ടമേ കണ്ടുള്ളൂവെങ്കിലും, ആ ദൈന്യ ചിത്രം മനസ്സിൽ പതിഞ്ഞുപോയിരുന്നു.
അവരൊരു മാനസ്സിക വിഭ്രാന്തിയുള്ള സ്ത്രീയാണെന്ന് തോന്നിയില്ല.

ട്രെയിൻ പ്ലേറ്റ് ഫോമിലേക്ക് വരികയാണെന്ന് അനൗൺസ്മെന്റ് വന്നപ്പോൾ, പ്പെട്ടെന്ന് എന്നും നില്കാറുള്ള സ്ഥലത്തേക്ക് നീങ്ങി നിന്നു.
ട്രെയിനിൽ നിന്നിറങ്ങിയ ആൾക്കൂട്ടത്തിനിടയിലൂടെ ഊളിയിട്ട് അവൾ വരുന്നത് കണ്ടപ്പോൾ ആശ്വാസം തോന്നി.
“ട്രെയിൻ പലയിടത്തും പിടിച്ചിട്ടിരുന്നു.ലൈനിൽ മെയിന്റെനൻസ് നടക്കുന്നു.”വൈകി എത്തിയതിന്റ കാരണങ്ങൾ അവൾ വിശദീകരിച്ചു.
“ഞാൻ വന്നപ്പോഴും കുറച്ച് വൈകി.ട്രെയിനിൽ നിന്നിറങ്ങി എന്നെ കാണാതെ നീ വിഷമിക്കുകയാകുമെന്നാ കരുതിയത്, മോന്റെ ബൈക്ക് മെടുത്താ വന്നത്, എന്തൊരു മഴയായിരുന്നു “.

“എന്തിനാ ബൈക്ക് എടുത്ത് വന്നത്, മഴയത്ത് അപകടം ഉണ്ടാകുന്നത് കൂടുതലും ടു വീലറുകളാണ്, കാർ എടുത്ത് വരാഞ്ഞതെന്താ “.
അവളുടെ നിലയ്ക്കാത്ത സംശയങ്ങൾക്ക് ശരിയായ മറുപടി എന്താണ് പറയേണ്ടത്?.
“ഇറങ്ങാൻ നേരത്ത് മഴയൊന്നും ഇല്ലായിരുന്നെന്നേ, ട്രാഫിക് കുരുക്കിൽ പ്പെടാതെ വരാമെന്ന് കരുതിയാ അവന്റേന്ന് ബൈക്ക് വാങ്ങി വന്നത് “.
കൂടെ നടക്കുമ്പോൾ അവൾ പറഞ്ഞു. “മഴയില്ലെങ്കിൽ ബൈക്കിൽ കൂടെ വരുന്നത് എനിക്കും ഇഷ്ടമാ “.

കനകമ്മാളിനെയും കൊണ്ട് ആശുപത്രിയിൽ പോയ കാര്യവും,രാജവേൽ വരുന്നത് വരെ അവിടെ നിൽക്കേണ്ടിവന്നതും പറയുമ്പോൾ, അവളുടെ കണ്ണുകളിൽ ഒരു കൗതുകം നിറയുന്നത് കണ്ടു.
അവൾ അവന്റെ ഭാര്യയെയും, അവളുടെ പ്രായത്തെയും, ആശുപത്രിയിലെ ഇടവേള കളിൽ ഉണ്ടാകാവുന്ന സംഭാഷണത്തെ പ്പറ്റിയും ചിന്തിക്കുകയാവുമെന്ന് അയാൾക്കറിയാം. അവൾക്ക് എപ്പോഴും ഒരു സംശയദൃഷ്ടിയാണെന്ന് തോന്നാറുണ്ട്.
തിരികെ പോകുമ്പോൾ കടത്തിണ്ണയിൽ കണ്ട ആ വയസ്സിതള്ളയെകുറിച്ച് പറഞ്ഞു.
മഴയിൽ തണുത്തുപോയ കാറ്റിനെ കീറിമുറിച്ചു വണ്ടി മുന്നോട്ട് പോകുമ്പോൾ അവളുടെ കൈകളിലൂടെ ചൂട് തന്നിലേക്ക് അരിച്ചിറങ്ങുന്നത് അയാളറിഞ്ഞു.

ആ കടയുടെ അടുത്തെത്തുമ്പോൾ അവൾ പറഞ്ഞു.
“അതാ അവർ അവിടെ തന്നെ
ഇരിപ്പുണ്ട് “.
“അതെ, ഞാൻ കണ്ടു”.
“നമുക്ക് ഒന്ന് പോയി നോക്കിയാലോ, പ്രായമായെങ്കിലും അവരൊരു സ്ത്രീ അല്ലെ “.
വണ്ടി സൈഡ് ഒതുക്കി അവരുടെ അടുത്തേക്ക്‌ നടക്കുമ്പോൾ അവളുടെ മനസ്സിലപ്പോഴും,മരച്ചില്ലകളിൽ തൂങ്ങി നില്കുന്ന കുട്ടികളുടെ ചിത്രമായിരുന്നു.
ഉറങ്ങാൻ കിടന്നാലും, ഓഫീസിൽ ഫയലുകൾ തുറന്നാലും, ഒക്കെ ആ കുട്ടികളുടെ ചിത്രം തന്നെ പിന്തുടരുകയാണെന്ന് അവൾക്ക് തോന്നി.

ഉറക്കത്തിൽ പലപ്പോഴും ഉറക്കെ നിലവിളിച്ചിട്ടുണ്ട്, ശബ്ദം പുറത്ത് വരാതിരുന്നത് കൊണ്ട് ആരും അത് കേട്ടില്ല. എങ്കിലും ഞെട്ടി ഉണരുമ്പോൾ തന്റെ കണ്ണുകൾ നനഞ്ഞിരിക്കും.
“ആ സ്ത്രീ ആരായാലും വേണ്ടില്ല, അവരെ സുരക്ഷിതമായ ഒരിടത്ത് എത്തിക്കണം”.അവൾ പറഞ്ഞു.
സ്റ്റേഷനിൽ വിളിച്ചു വിവരം പറഞ്ഞപ്പോൾ അവർ ഉടനെ എത്താമെന്നു പറഞ്ഞു.
“അവർക്ക് വിശക്കുണ്ടാകും, എന്തെങ്കിലുംകഴിക്കാൻ വാങ്ങികൊടുക്കണം”.”.
അവൾ പറഞ്ഞപ്പോൾ മാത്രമാണ് അക്കാര്യം താനും ഓർത്തത്.
അടുത്ത ചായക്കടയിൽ നിന്ന് വാങ്ങി വന്ന ആഹാരം അവരുടെ മുമ്പിൽ വെച്ച് കൊടുക്കുമ്പോൾ വിശപ്പിന് തീ പിടിച്ചിരുന്ന അവർ ആർത്തിയോടെ അത് കഴിക്കുന്നത് നോക്കി,അവൾ ചോദിച്ചു.
“അമ്മയുടെ സ്ഥലം എവിടെയാ?. മക്കൾ എന്ത് ചെയ്യുന്നു?”.

ദൈന്യത നിറഞ്ഞ മുഖമൊന്നുയർത്തി നോക്കിയെങ്കിലും അവർ ഒന്നും പറഞ്ഞില്ല.
“സ്റ്റേഷനിൽ നിന്ന് ആരെങ്കിലും വന്നിട്ട് നമുക്ക് പോകാം, ഒരുപക്ഷെ അവർ സമയത്തിന് എത്തിയില്ലെങ്കിൽ ഒരു വണ്ടി പിടിച്ചു നമുക്ക് ഏതെങ്കിലും ഓൾഡേജ് ഹോമിൽ എത്തിക്കാം”.
അവൾ പറഞ്ഞത് കേട്ട് അയാൾ ശരിവെച്ചു.
“നോക്കട്ടെ, പോലീസ് വരാതിരിക്കില്ല, വന്നില്ലെങ്കിൽ വല്ല സേഫ് ഷെൽട്ടറിലും ആക്കാം “.
അപ്പോൾ തന്നെ പിങ്ക് പോലീസിന്റെ ജീപ്പ് എത്തി. അതിൽ നിന്നും ഇൻസ്‌പെക്ടർ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥ ഇറങ്ങി വന്ന് കാര്യങ്ങൾ തിരക്കി.

അവർ വൃദ്ധയെ ജീപ്പിൽ കയറ്റികൊണ്ട് പോകുമ്പോൾ അവൾ പറഞ്ഞു.
“വിശന്ന് പറക്കുന്ന കഴുകന്മാർക്ക് രാത്രിയിൽ കണ്ണ് കാണില്ല, അവർക്ക് എല്ലാം ഇരയാണ്. “.
“പകലും, രാത്രിയുമില്ല ഇപ്പോൾ അവറ്റകൾക്ക്, ഇര തേടി വട്ടമിട്ട് പറന്ന് കൊണ്ടേയിരിക്കുന്നു.”അവളുടെ വാക്കുകൾക്ക്‌ തുടർച്ചയെന്നോണം അയാൾ പറഞ്ഞു.
“ആ അമ്മയെ കണ്ടിട്ട് ഏതോ നല്ല വീട്ടിലുള്ളതാണെന്ന് തോന്നുന്നു. എന്നാലും എങ്ങനെ വഴിയിലുപേക്ഷിക്കുവാൻ മനസ്സ് വരുന്നൂന്നാ ഞാൻ ആലോചിക്കുന്നത്, കഷ്ടം തന്നെ “.
“നമ്മൾ കണ്ടിട്ടും കാണാതെ പോയില്ലല്ലോ, എല്ലാവർക്കും തിരക്കല്ലെ,എന്തിനെന്നറിയാത്ത തിരക്ക്, അതിനിടയിൽ ഒന്നും അവർ കാണുന്നില്ല.

എങ്കിലും നമ്മൾ കാണാതെ പോയില്ലല്ലോ”
അയാൾ പറഞ്ഞു.
ജീപ്പ് അകന്ന് പോകുമ്പോൾ, ബൈക്കിൽ ചെറുചാറ്റൽ മഴ നനഞ്ഞ്, ആശ്വാസത്തോടെ അവൾ അയാളെ പറ്റിപിടിച്ചു ഇരുന്നു. കാറ്റിൽ അവളുടെ ഈറൻ മുടിയിഴകൾ അയാളുടെ കവിളിണകളെ തഴുകികൊണ്ടിരുന്നു.

By ivayana