വിരസഗ്രീഷ്മത്തിന്‍റെ നരച്ചനിറം
മായ്ക്കുന്ന ഹരിതാഭയുടെ മായാജാലം
നിന്‍റെ പുഞ്ചിരിയിലുണ്ട്….!
ആഴക്കയങ്ങളുടെ മരണത്തണുപ്പിലേക്ക്
ആഴ്ന്നുപോകുമ്പോഴും കരനിരപ്പില്‍
നില്ക്കുന്ന നിന്‍റെ കാലിടാറാ-
തിരിക്കാന്‍ ഒരുവരം പ്രാണനെ
ഈടുവച്ച് ഞാന്‍ തേടുന്നു,
എന്‍റെ കണ്ണീരുപ്പുനുണഞ്ഞ്
നീ ഭൂമിയുടെ നേരരിയുക!
അനാദിയായ നിന്‍റെ വിശപ്പിലേക്ക്
ഞാനെന്ന പാഥേയം സമര്‍പ്പിക്കപ്പിക്കപ്പെടുമ്പോള്‍
രുചിയറിഞ്ഞ് നീയെന്‍റെ പ്രാണനെ ഉണ്ണണം
എനിക്കൊപ്പം ഇത്തിരിദൂരം നടക്കുക,
വഴികളല്ല പ്രധാനമെന്ന് പറഞ്ഞവന്‍
ലക്‌ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുമെന്നും
പഠിപ്പിച്ചിട്ടുണ്ടെങ്കിലും ഈ യാത്ര
സോദ്ദേശത്തോടെ എന്നറിയുക….!
പലവട്ടം ഉരുക്കിയും പല അച്ചുകളിലൊഴിച്ച്
ആകൃതിയൊപ്പിച്ചും രൂപപ്പെടു-
ത്തലുകളുടെ പരിണാമദശയിലൂടെ
കടന്നുപോകുമ്പോഴും തിരിച്ചറിവിന്‍റെ
നേര്‍ത്തകിരണം സംശയങ്ങളുടെ
കൂരിരുളില്‍ ചിലനേരങ്ങളില്‍
തുളയിട്ടിറങ്ങി വിഭാതപ്രതീക്ഷകളെ
സജീവമാക്കുന്നുണ്ട്…!
ദൌത്യങ്ങളില്‍ മുഴുകുംമുന്‍പേ
പരിസമാപ്തിയേക്കുറിച്ചും,
ശുഭാശുഭാങ്ങളെക്കുറിച്ചും
നിര്‍ണ്ണയങ്ങളിലെത്താന്‍ കേവലനായ-
മനുഷ്യനിലെ ഗണിതജ്ഞന് മിടുക്കേറും…!
ചതുരംഗപ്പലകയിലെ കരുക്കളായ്
നിസ്സഹായരാകുമ്പോഴും ജയങ്ങളുടെയും,
തോല്വികളുടെയും പക്ഷംപിടിച്ച്
ഗരിമ നടിക്കേണ്ടതും, പഴികേള്‍ക്കേണ്ടതും
കരുക്കള്‍മാത്രം….!
എല്ലാ സങ്കടങ്ങളും അലിയാത്ത
കരിമ്പാറ പോലെ കല്ലിച്ചുപോകുമ്പോഴും
ഇടയ്ക്കെങ്കിലും സ്നേഹകിരണങ്ങളേററ്
ശ്ലഥമാകുന്ന കന്മദം എത്ര ആസ്വാദ്യം…!
കരയുന്നമനസ്സും, തോല്ക്കില്ല എന്ന
നിശ്ചയദാര്‍ഢ്യവും നിരന്തര സംഗ്രാമത്തിലാണ്….!
നടവഴികളില്‍ കനല്‍കോരിയിട്ട്
അസാധാരണപരീക്ഷണങ്ങളെ
അതിജീവിക്കാന്‍ വെല്ലുവിളിച്ച്
സൃഷ്ടിയോട് വിലപേശുമ്പോഴും
സൃഷ്ടാവ് നന്മയുടെ ഒരു കണം
കരുതിവച്ചിട്ടുണ്ട്….!
നീയും, ഞാനും അന്വേഷികളാണ്…!
തേടാം നമുക്ക്….,
കണ്ടെത്തും വരെ….,
പ്രതീക്ഷയോടെ….,
ശുഭാപ്തിവിശ്വാസത്തോടെ….!!!