ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

രാജശേഖരൻ ഗോപാലകൃഷ്ണൻ*

നല്ലവരാക്കുവാനെത്രയോ പേർ വന്നു
നമ്മോടരുൾചെയ്തെത്രയോ കാര്യം.
നന്മ നിറഞ്ഞവരായ് നമ്മെ കാണുവാൻ
ദൈവാവതാരങ്ങൾ വന്നു മണ്ണിൽ!

എന്നിട്ടുമിനിയും നന്നായതില്ല നാം
എന്താണു ഹേതുവെന്നാർക്കറിയാം?
അത്യന്തദുർബലമർത്ത്യമനസ്സുമാ-
യെന്തിനു ദൈവമവതരിച്ചു!

സ്രഷ്ടാവിനില്ലാത്ത വൈശിഷ്ട്യമെങ്ങനെ
സൃഷ്ടികൾക്കുണ്ടാവും ദൈവങ്ങളേ?

നീ തന്നെ കാര്യം, കാരണവും സർവ്വത്ര
നീചപൂതമായെല്ലാം ഗ്രസിച്ചു!

നീ മാത്രമുത്തരവാദി മനുഷ്യൻ്റെ
നിർമ്മലചിത്തം കറുപ്പിച്ചു നീ!

പ്രതികാരവാഞ്ഛയാൽ ധർമ്മംവെടിഞ്ഞ്
പരദ്രോഹവഞ്ചന ചെയ്തു നീ!
താതാധികാരപ്രമത്തതയാലെത്ര
ദുരിതവുമേകി സന്തതിക്കും!

ദുർവൃത്തരാംമവതാരങ്ങളെല്ലാരും
മാന്ത്രികർ,പകൽ രാത്രിയാക്കുവോർ !
ദുർവൃത്തിയൊക്കെയും സൽകൃത്യമാക്കുന്നു
ദുർവ്യാഖ്യാനവിദഗ് ഗ്ദരെന്നെന്നും!

‘താൻ ചെയ്തോരന്യായമൊക്കെയും നവ്യമാം-
ന്യായപ്രമാണമെന്നുദ്ബോധനം’
അവതാരകാപട്യമറിയാതെ നാം
ആധാരമാക്കിയാരാധിക്കുന്നു.

പരിഷ്കാര സ്വപ്നം കിളിർപ്പതിൻ മുന്നേ
പ്രാകൃതമോഹമനസ്സുകളിൽ
ആരോ വരച്ചിട്ട ഭ്രാന്തചിത്രങ്ങളെ
വൃഥാ മർത്ത്യബോധം പേറുന്നിന്നും.

By ivayana