ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

രചന: – ഉണ്ണി അഷ്ടമിച്ചിറ *

പണ്ട് തറവാട്ടിൽ താമസിച്ചിരുന്ന കാലത്താണ്. ഇതുപോലെ മഴപെയ്തൊഴിഞ്ഞ സമയമായിരുന്നു. വരാന്തയിൽ ദൂരെ ഇരുട്ടിനെ നോക്കി ചാരുകസേരയിൽ ചാരികിടക്കുകയായിരുന്നു അച്ഛൻ. അടുത്തുചെന്ന് ചേർന്ന്നിന്നു. അച്ഛൻ എൻ്റെ മുതുകത്ത് തലോടി.
“മോളെന്താ ഇതുവരെ ഉറങ്ങാത്തെ “.
“അപ്പോ…. അച്ഛനെന്താ ഉറങ്ങാത്തെ”.
മറുചോദ്യത്തിന് അച്ഛൻ മറുപടിയൊന്നും പറഞ്ഞില്ല. ചിരിച്ചു കൊണ്ടെന്നെ മടിയിൽ പിടിച്ചിരുത്തി.

അച്ഛൻ എന്തോ പ്രതീക്ഷിച്ചിരിക്കുകയാണ്. അച്ഛൻ്റെ വർക്ക്ഷോപ്പിലേക്കാവശ്യമായ ഏന്തെങ്കിലും സാധനങ്ങളുമായി കോയമ്പത്തൂരിൽ നിന്ന് ഏതെങ്കിലും വണ്ടി വരുന്നുണ്ടാകും. ചുറ്റും ഇരുട്ടാണ്. വരാന്തയിലെ ലൈറ്റ് അച്ഛൻ ഓഫ് ചെയ്തതാകാം. നിലാവ് പെയ്യുന്നുണ്ട്. ദൃശ്യങ്ങൾക്കെല്ലാം നീലയും കറുപ്പും കലർന്ന നിറം. തെക്കുഭാഗത്ത് ഇടവഴി തുടങ്ങുന്നിടത്ത് മെയിൻറോഡിൽ വഴിവിളക്കുകൾ മഞ്ഞ വെളിച്ചം പൊഴിക്കുന്നുണ്ട്. അച്ഛൻ്റെ കുടവയറിനു മുകളിലൂടെ ആ നെഞ്ചത്തേക്ക് ചാഞ്ഞുകിടന്നു.
” കുട്ടന് തണുക്കുന്നില്ലേ?”.

അച്ഛൻ തോളത്തിട്ടിരുന്ന വീതിയുള്ള ടൗവലെടുത്ത് എന്നെ പുതപ്പിച്ചു. ടവൽ പുതച്ചപ്പോൾ എന്നെ തഴുകിപ്പോയ കാറ്റിന് അച്ഛൻ്റെ ഗന്ധം. അച്ഛൻ എൻ്റെ കവിളത്ത് താളം പിടിച്ചു കൊണ്ടിരുന്നു. ആ വിരലുകൾക്ക് സിഗററ്റിൻ്റെ മണം. അച്ചൻവലിക്കുന്നത് പനാമ സിഗററ്റാണെന്ന് ഞാൻ കേട്ടിട്ടുണ്ട്.
വടക്കുവശത്ത് കുറച്ചകലെമാറി കാണുന്നത് മന്ത്രമൂർത്തിയുടെ തെക്കതാണ്. സന്ധ്യക്ക് വിളക്കുവച്ച് വന്നാൽപിന്നെ ആ ഭാഗത്തേക്ക് ആരും പോകില്ല. പറമ്പിനപ്പുറത്ത് പാടമാണ്. അതിനും അപ്പുറത്തെ റോഡ് ഒരു ദൂരെ കാഴ്ച പോലെ കാണാം. അവിടെ ചിമ്മിനി വിളക്കുകൾ പോലെ വഴിവിളക്കുകൾ മിനുങ്ങി മിനുങ്ങി മഞ്ഞ വെളിച്ചം കാട്ടുന്നുണ്ട്. അതാണ് കല്ലായി തേവരുടെ അമ്പലത്തിലേക്കുള്ള വഴിയും. അങ്ങകലെ പാടത്ത് നിലാവ് വീഴുന്നതു കാണാൻ നല്ല രസമുണ്ട്. പക്ഷേ പറമ്പിൽ കട്ട പിടിച്ച ഇരുട്ടാണ്. മരങ്ങൾ കുറവുള്ള തെക്കതിൻ്റെ ചുറ്റിലും മാത്രം നിലാവെളിച്ചമുണ്ട്. അവിടെ ചെമ്പകം വിരിഞ്ഞിട്ടുണ്ട്, ഇടക്കിടക്ക് മണമിങ്ങെത്തുന്നുണ്ട്. നിലാവണിഞ്ഞു നിൽക്കുന്ന തെക്കതിൻ്റെ മേൽക്കൂരയും ചുറ്റുവട്ടത്തെ ഇരുട്ടുമെല്ലാം ഏതോ ദുസ്വപ്നത്തിലെ കഥാപാത്രങ്ങളേയും പേറി മുന്നിലെത്തുന്നതു പോലെ. ഭയം മുളപൊട്ടി തുടങ്ങി. കാഴ്ചകളിൽ നിന്നും കണ്ണെടുത്ത് എതിർദിശയിലേക്കു് തിരിഞ്ഞു കിടന്നു.

“അച്ഛാ…. ഇതിലേ പൊട്ടിച്ചക്കി പോകാറുണ്ടോ? “.
” പൊട്ടിച്ചക്കിയോ?…. എന്താ ത്. ” അച്ഛൻ്റെ നോട്ടം ഇപ്പോൾ എന്നിലേക്കാണ്, ചൂടുള്ള നിശ്വാസം എൻ്റെ നെറുകയിൽ വീഴുന്നുണ്ട് .
” ഉം…… മ്മടെ ചീരുവാ പറഞ്ഞേ. ഒരീസം രാത്രി കുടിലിൻ്റെ മുമ്പിലിരുന്ന് ഓല മെടയുമ്പോ മുറ്റത്തെ മാവിൻ്റെ മോളീന്ന് പൊട്ടിച്ചക്കി ചീരൂൻ്റെ മുന്നിലേക്ക് ചാടിയത്രേ. പിന്നെ അതൊരു പന്തുപോലെ എങ്ങോട്ടോ ഉരുണ്ടു പോയീന്ന് . അതിന് നല്ല തിളക്കമുണ്ടായിരുന്നത്രേ. ചീരു നിലവിളിച്ചോണ്ട് അകത്തേക്കോ ടീന്നാ പറഞ്ഞേ”. അച്ഛൻ്റെ മുഖം കാണാൻ പാകത്തിന് ഞാൻ കിടപ്പിനെ ഇരുത്തമാക്കി.

” ഗതികിട്ടാത്ത ആത്മാക്കളാണത്രേ പൊട്ടിച്ചക്കികൾ. ചീരൂൻ്റെ കെട്ട്യോൻ ആ മാവേന്ന് വീണാ മരിച്ചത്”. ചെറിയൊരു കാറ്റ് കടന്നു പോയി. അപ്പോഴും ചെമ്പകപ്പൂവിൻ്റെ മണമറിഞ്ഞു.
“കുട്ടാ…… പൊട്ടിച്ചക്കിയൊന്നുമില്ല. മോളെ പേടിപ്പിക്കാൻ നോക്കുന്നതല്ലേ ആ ചീരു.”എൻ്റെ കണ്ണിലെ ഭയം കണ്ടിട്ടാകാം അച്ഛനെൻ്റെ വയറ്റത്ത് ഇക്കിളിയിട്ടു. ഞാൻ ചിരിച്ചു, അച്ഛനും.
” വാവ പറഞ്ഞ പൊട്ടി ചക്കീടെ ശരിക്കുള്ള പേര് എന്തെന്നറിയാമോ?. അതിനെ ഈനാംപേച്ചീന്നാ വിളിക്ക. പുളിയുറുമ്പിനേം മറ്റും ഭക്ഷിച്ച് ജീവിക്കുന്ന ഒരു സാധു ജീവിയാണത്. ആരുടേങ്കിലും മുന്നിൽ പെട്ടാൽ അതിന് വേഗത്തിലോടി രക്ഷപ്പെടാൻ പറ്റില്ല. അപ്പോൾ അത് ചുരുണ്ട് പന്തുപോലാകും എന്നിട്ട് പന്തുരുളുന്നതു പോലെ ഉരുണ്ടകലും. അതിൻ്റെ ചിതമ്പലിന് നല്ല മിനുസമുള്ളതിനാൽ ചന്ദ്രൻ്റെ വെളച്ചത്തിൽ നല്ലോണം തിളങ്ങും. ഇത്രേള്ളൂ…. “
” അച്ചൻ്റെ കുട്ടിയിനി ചീരു പറയുന്നതൊന്നും കേൾക്കാൻ നിൽക്കണ്ട ട്ടോ. അത് വെറുതെ കുട്ടിയെ പേടിപ്പിക്കും.”
ഞാൻ വീണ്ടും അച്ഛൻ്റെ നെഞ്ചത്തേക്ക് ചാഞ്ഞു.

അച്ഛൻ പറഞ്ഞത് നേരാണ്. അച്ഛന് തെറ്റാറില്ല, അതെനിക്കുറപ്പ്. അങ്ങിനെ പൊട്ടിച്ചക്കിയെ ഈനാംപേച്ചിയാക്കി പ്രതിഷ്ഠിച്ചു. അപ്പോഴാണ് ചീരു പറഞ്ഞ മറ്റൊരു കാര്യം ഓർമ്മ വന്നത്.
“അച്ഛാ അച്ഛൻ തേരോട്ടം കണ്ടിട്ടുണ്ടോ?”.
” തേരോട്ടോ….. എന്താത്?”.
” അതേ അച്ഛാ…. എന്നും പാതിര കഴിയുമ്പോ നമ്മുടെ തെക്കതിൽ നിന്നും മന്ത്രമൂർത്തി കല്ലായി തേവരുടെ അമ്പലത്തിലേക്ക് പോകുമത്രേ. അതാണ് തേരോട്ടം.”
” ച്ചേ…. അശ്രീകരം…. ആരാ എൻ്റെ കുട്ടിയോട് ഇങ്ങിനൊക്കെ പറഞ്ഞു തരുന്നത് “. അച്ചൻ്റെ ശബ്ദത്തിലെ ഭാവമാറ്റം എനിക്ക് ബോധ്യമായി. ഞാൻ ചീരുവിൻ്റെ പേര് പറയാതൊളിപ്പിച്ചു.
“തേരോട്ടമൊന്നുമില്ല കേട്ടോ. അച്ഛൻ്റെ മോള് ഇതൊന്നും വിശ്വസിക്കരുതേ”. അച്ഛൻ്റെ ശബ്ദം വീണ്ടും മൃദുവായതായി തോന്നി. പിന്നൊന്നും ചോദിക്കാനൊരുമ്പെട്ടില്ല. അച്ഛൻ്റെ നെഞ്ചത്തെ രോമക്കൂട്ടിൽ മുഖമമർത്തി കിടന്നു.
“വാവ ഉറങ്ങിക്കോളൂ ട്ടാ…. “.

പുതച്ചിരുന്ന ടവൽ ഒന്നുകൂടി നേരെ വലിച്ചിട്ട് അച്ഛൻ എൻ്റെ മുതുകത്ത് താളത്തിൽ തട്ടിക്കൊണ്ടിരുന്നു. അത് താരാട്ടിൻ്റെ താളമായിരുന്നോ?. എത്ര ബലം പിടിച്ചിട്ടും കണ്ണുകൾ അടഞ്ഞു പോകുന്നു.
ദേവസംഗമത്തിലെ സഞ്ചാര രീതിയാണ് തേരോട്ടം. നാടും നാട്ടാരും ഉറങ്ങി എല്ലാം ശാന്തമാകുമ്പോൾ മൂപ്പൻപട്ടം കിട്ടിയ ഒരു പാതിരാക്കോഴി ആകാശം മുട്ടി നിൽക്കുന്ന ഏതെങ്കിലും മരത്തിൻ്റെ തുഞ്ചത്തിരുന്ന് ഉച്ചത്തിൽ കൂകും. അപ്പോൾ സ്ഥലത്തെ പ്രധാനക്ഷേത്രത്തിലെ ദേവനെ കാണാനും ഒരു ഒത്തുകൂടലിനുമായി പുറപ്പെടാൻ ചുറ്റുവട്ടത്തെ ചെറു അമ്പലങ്ങളിലെ ദേവീദേവൻമാർ ഒരുങ്ങിയിട്ടുണ്ടാവും. അവരുടെ തേരുകൾ തീപന്തങ്ങൾ പോലെ പായും. അത് തറനിരപ്പിൽ നിന്നും അധികം ഉയരത്തിലല്ലാതെ പാഞ്ഞു പോകും . സ്ഥിരം സഞ്ചാര പാതയിലൂടെ അത് പാടവും തോടും പുഴയുമൊക്കെ താണ്ടി ലക്ഷ്യസ്ഥാനത്തെത്തും. ശംഖനാദം മുഴക്കിയാകും തേരുകൾ കടന്നു പോകുക.

കുറ്റിച്ചൂലും പിടിച്ചു നിന്ന് ചീരുവാണ് തേരോട്ടത്തെ കുറിച്ച് പറയാൻ തുടങ്ങിയതെങ്കിലും ആധികാരിക ഭാഷയിൽ കൂടുതൽ കാര്യങ്ങൾ പറഞ്ഞത് അച്ഛമ്മയും ചന്ദ്രോത്തെ ജലജ അമ്മായിയുമായിരുന്നു. ചന്ദ്രോത്തെ കുറുപ്പമ്മാവൻ കല്ലായി അമ്പലം കമ്മറ്റി ഭാരവാഹിയും പ്രമുഖ മതപ്രാസംഗികനുമാണേ.
“അക്കരെ നമ്മുടെ ഷാരടി മാഷിൻ്റെ എതാണ്ട് രണ്ടാം നിലവരെയെത്തിയ വീട് ഇടിഞ്ഞു വീണത് ഓർക്കണൊണ്ടോ അമ്മായിയേ”
ജലജമ്മായിയുടെ ചോദ്യത്തിന് അച്ഛമ്മതലയാട്ടുന്നതു കണ്ടു.
” അന്ന് എല്ലാരും പറഞ്ഞതല്ലേ. അത് തേരോട്ട വഴിയാണ് അവിടെ വീട് വയ്ക്കരുതെന്ന്.” അച്ചമ്മ ഒന്നു നിർത്തി വീണ്ടും തുടർന്നു. “അതിനു ശേഷം അയാൾ കൊണം പിടിച്ചിട്ടുണ്ടോടീ. “
“നിങ്ങളാരേലും തേരോട്ടം കണ്ടിട്ടുണ്ടോ?”. ചോദ്യമെറിഞ്ഞിട്ട് ജലജമ്മായി എല്ലാവരേയും നോക്കി.
“എന്നാ ഞാൻ കണ്ടിട്ടുണ്ട്. ….. ൻ്റെമ്മായീ അതാലോചിക്കുമ്പോൾ ഇപ്പഴും കയ്യും കാലും വിറക്കണ്. ” അമ്മായി ദീർഘശ്വാസമെടുത്തു വിട്ടു.

“അന്നെനിക്ക് ഈ പൊടിയുടെ പ്രായേ ഉണ്ടാകൂ”. എന്നെ ചൂണ്ടീട്ട് അമ്മായി തുടർന്നു.
” പാതിര കഴിഞ്ഞ സമയത്ത് മൂത്രമൊഴുപ്പിക്കാനായി എന്നെ വീട്ടിനു പുറത്ത് കൊണ്ടുവന്ന് നിർത്തി. പാടത്തിനക്കരെ നിന്നും രണ്ട് അഗ്നിഗോളങ്ങൾ പാഞ്ഞു വരുന്നത് ഞാൻ കണ്ടു. ഞാനത് ചൂണ്ടി കാട്ടുമ്പോഴേക്കും എൻ്റെ കൈ തട്ടീട്ട് അച്ചൻ എന്നേം എടുത്തു കൊണ്ട് വീട്ടിനുള്ളിലേക്ക് പാഞ്ഞു. മോളത് നോക്കണ്ടാന്ന് പറഞ്ഞ് എൻ്റെ കണ്ണും പൊത്തി.”
ചാരുകസേരയിൽ നിന്നും എന്നേയും എടുത്തു കൊണ്ട് അച്ഛനെണീറ്റപ്പോൾ ഞാനുണർന്നു.അച്ഛനെൻ്റെ തോളത്ത് തട്ടി.

“മോളുറങ്ങിക്കോ….. നമുക്ക് അകത്തു പോയി കിടക്കാമേ”. അച്ഛൻ്റെ തോളത്ത് തല ചായ്ച് വീണ്ടും കണ്ണടക്കാനൊരുങ്ങുമ്പോഴാണ് ദൂരെ വടക്കേപ്പാടത്തു കൂടി പായുന്ന രണ്ട് അഗ്നിഗോളങ്ങൾ കണ്ടത്.ഉള്ളിൽ നിന്നാരോ കണ്ണടക്കാൻ വിളിച്ചു പറഞ്ഞതും ഞാനോർക്കുന്നു.
പൊട്ടിച്ചക്കിയെ വഴിയിലെവിടെയോ ഉപേക്ഷിച്ച് പിന്നേയും കാലമുരുണ്ടു. ചീരുവും അച്ഛമ്മയും ജലജമ്മായിയും മറഞ്ഞതോടെ തേരോട്ടത്തെക്കുറിച്ച് പറയാൻ ആളില്ലാതായി. അച്ഛൻ ഇല്ലാന്ന് പറഞ്ഞിട്ടുണ്ട് എന്നാലും ഇരുളിൽ തിളങ്ങുന്ന എന്തിനേയും പൊട്ടിച്ചക്കിയാണോന്ന് മനസ്സ് സംശയത്തോടെ നോക്കി.

വീണ്ടും മഴക്കുള്ള പുറപ്പാടാണ്, കാറ്റ് വീശുന്നുണ്ട്. നല്ല തണുപ്പും അനുഭവപ്പെടുന്നു.
ഇന്ന് എൻ്റെ വീട്ടിൽ വാർണീഷ് പൂശി പുത്തനാക്കിയ ആ പഴയ ചാരുകസേരയിൽ അച്ഛൻ്റെ കുടവയറിന് മുകളിലൂടെ ചരിഞ്ഞ് ആ നെഞ്ചത്തെ ചൂടും താളവും കൊതിച്ച് ഞാൻ കിടക്കുമ്പോൾ ചുമരിലെ ഫോട്ടോയിലിരുന്ന് അച്ഛനെന്നെ നോക്കി ചിരിക്കന്നു. അന്ന് മുഴുമിക്കാത്ത ഒരു ഉത്തരത്തിനായി ഞാൻ വീണ്ടുമാ ചോദ്യം ആവർത്തിക്കട്ടെ.
“അച്ഛാ….. ഈ തേരോട്ടം സത്യമാണോ”. അച്ഛൻ ചിരിക്കുന്നു.
” തേരോട്ടോ….. അങ്ങിനൊന്നില്ല കുട്ടീ”. ഇത് അച്ഛൻ പറഞ്ഞതാണോ? അതോ എനിക്ക് തോന്നിയതോ?.

ഉണ്ണി അഷ്ടമിച്ചിറ

By ivayana