രചന ~ഗീത മന്ദസ്മിത…✍️

(‘അ’ മുതൽ ‘അം’ വരെ നുറുങ്ങു കവിതകൾ )

അമ്മ :-
അമ്മയെ അറിയാനൊരു അമ്മയാകണമെന്നില്ല
അമ്മിഞ്ഞപ്പാൽ നുകരും കുഞ്ഞായിരുന്നാൽ മതി
അമ്മതൻ സ്നേഹം നമുക്കളക്കാനാവതില്ല
അമ്മയെ സ്നേഹിച്ചീടാം അളന്നു തൂക്കീടാതെ
ആരവം :-
ആരവമൊഴിഞ്ഞ വീഥികൾ
ആരവമൊഴിഞ്ഞ മൈതാനങ്ങൾ
ആരവമറിയാത്ത കുരുന്നുകൾ
ആരവങ്ങളില്ലാത്ത നാളുകൾ
ഇഷ്ടം :-
ഇഷ്ടമായിരുന്നെന്നുമാ ബാല്യകാലം
ഇഷ്ടമെല്ലാം നേടിയയൊരാ ബാല്യകാലം
ഇഷ്ടമുള്ളവരുമായ് ഒത്തുചേർന്ന കാലം
ഇഷ്ടമുള്ള കഥകളെല്ലാം പങ്കുവെച്ച കാലം
ഈണം :-
ഈറൻ നിലാവിൻ കുളിരുമായി
ഈണത്തിൽ ചാഞ്ചാടും പുഴയരികിൽ
ഈണങ്ങൾ മൂളി നീയെത്തിടുമ്പോൾ
ഈ ലോകം സ്വർഗ്ഗമായ് മാറിടുന്നു
ഉയരം :-
ഉലയാത്ത മനസ്സുമായ്
ഉണർന്നു ശ്രമിച്ചീടുകിൽ
ഉയരങ്ങൾ താണ്ടിടാം
ഉന്നതിയിലെത്തിടാം
ഊഴം :-
ഊഴത്തിനായ് കാത്തിരിപ്പൂ ചിലർ
ഊഴിയിൽപ്പിറന്ന നാൾ മുതൽ
ഊട്ടു പുരയുടെ മുമ്പിലും, പിന്നെ
ഊർദ്ധ്വൻ വലിക്കുന്ന നാളിലും
ഋതുക്കൾ :-
ഋതുക്കൾ മാറി വന്നനാൾ
ഋതുമതിയായ കന്യക
ഋതുഭേദമേതുമറിയാത്ത
ഋഷികുമാരനെ കണ്ടനാൾ
എന്റെ :-
എന്റേതെന്നു നിനച്ചതൊന്നും
എന്റേതല്ലെന്നറിയുന്നു ഞാൻ
എന്റെ കൂടെക്കാണ്മതില്ലിതൊന്നും
എന്റെ ജീവൻ പോവുന്ന നാൾ
ഏകാന്തത :-
ഏകാന്തമാം രാവുകളിൽ
ഏകാന്തതയെ ഭയന്നവൾ
ഏകാന്തതയിലവൾക്കു കൂട്ടായ് വന്ന
ഏകാന്തതയെ പ്രണയിച്ചുപോൽ
ഐക്യം:-
ഐക്യമുണ്ടെങ്കിൽ ഏറിടും ബലം
ഐക്യമുണ്ടെങ്കിൽ നേരിടാമെല്ലാം
ഐക്യമുണ്ടെങ്കിൽ നേടിടാമെല്ലാം
ഐക്യമില്ലെങ്കിൽ പോയിടാമെല്ലാം
ഒരുമ :-
ഒരുമയോടിരിക്കുകിൽ
ഒത്തുചേർന്നു നിൽക്കുകിൽ
ഒരുമനസ്സതാകുകിൽ
ഒത്തിരിയായ് നേടിടാം
ഓർമ്മച്ചെപ്പ് :-
ഓർമ്മവെച്ച നാൾമുതലെൻ കനവുകൾ നിറച്ചൊരാ
ഓമനയാം സപ്തവർണ്ണ നിറമെഴുന്ന ചെപ്പിത്
ഓർത്തെടുത്ത സ്വപ്നമെല്ലാം ചേർത്തുവെച്ച ചെപ്പിത്
ഓർമ്മകൾ മായുന്ന നാളിലേകിടാം നിനക്കിത്
ഔദാര്യം :-
ഔദാര്യത്തിനായ് കാത്തുനിൽക്കുന്നു ചിലർ
ഔചിത്യമൊട്ടുമേ ഇല്ലാതെ
ഔഷധം പോലും ഇക്കൂട്ടർ
ഔദാര്യത്തിൽ നേടിടും
അംബുജം :-
അംബുജത്തെപ്പോലെ
അമ്പരപ്പിക്കും ചില ജന്മങ്ങൾ
അമ്പേ ചേറിലാഴിലും
അംബരത്തിൽ മുത്തിടും

By ivayana