ഓ കെ ശൈലജ ടീച്ചർ*
ഗ്രാമത്തിന്റെ മനോഹാരിതയും, നൈർമ്മല്യവും ഒന്ന് വേറെ തന്നെയാണ്. പച്ചപട്ടുടയാടയണിഞ്ഞ വയലേലകളും, കളകളം പാടിയൊഴുകും പുഴയും, കേരങ്ങളും, പറങ്കിമാവും തിങ്ങി നിറഞ്ഞു തലയെടുത്തു പിടിച്ചു നിൽക്കുന്ന കുന്നുകളും, കൊച്ചു കൊച്ചു തോടുകളും, കുളങ്ങളും, മണ്ണിന്റെ മണമുള്ള നിഷ്കളങ്കരായ മനുഷ്യരും, അവരോടൊപ്പം ഇഴുകി ചേർന്നു നിൽക്കുന്ന വളർത്തുമൃഗങ്ങളും, എല്ലാം ചേർന്നൊരു കൊച്ചു ഗ്രാമം… ഒരു സുന്ദരി!!
കോഴിക്കോട് ജില്ലയിൽ, വടകര താലൂക്കിന്റെ വടക്ക് കിഴക്ക് ഭാഗത്തായി കല്ലാച്ചി ടൗണിൽ നിന്നും രണ്ടു കിലോമീറ്റർ വടക്ക് മാറിയാണ് “വിഷ്ണുമംഗലം “എന്ന എന്റെ ഗ്രാമം സ്ഥിതിചെയ്യുന്നത്.
വിഷ്ണുമംഗലം എന്ന പേരിനു പിന്നിൽ ഒരു ഐതിഹ്യം ഉണ്ട്. പശ്ചിമഘട്ടത്തിലെ മലനിരകളിൽ നിന്നും ഉത്ഭവിച്ചോഴുകുന്ന “മയ്യഴിപുഴ “എന്റെ ഗ്രാമത്തിന്റെ വടക്ക് ഭാഗത്തുകൂടി കുണുങ്ങി കുണുങ്ങി ഒഴുകികൊണ്ടിരിക്കുന്നു. ഞങ്ങളുടെ പ്രധാന ജലസ്രോതസ്സ്.
ഈ പുഴയോരത്താണ് പുരാതനമായ “വിഷ്ണുമംഗലം.. മഹാവിഷ്ണു ക്ഷേത്രം “സ്ഥിതി ചെയ്യുന്നത്. മഹാവിഷ്ണു ആണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഈ ക്ഷേത്രത്തിനും, എന്റെ ഗ്രാമത്തിനും “വിഷ്ണുമംഗലം “എന്ന പേര് വരാൻ ഉണ്ടായ കാരണം മുൻ തലമുറ പറഞ്ഞു കേട്ട അറിവാണ്.
പുഴയിൽ കൂടി ആനപ്പുറത്തേറി കൊണ്ടു മഹാവിഷ്ണു വരികയും… പ്രസ്തുത സ്ഥലത്തു എത്തിയപ്പോൾ അവിടെ തന്നെ നിന്നുവെന്നും, ആന കല്ലായി മാറിയെന്നും പറയപ്പെടുന്നു.
അതിനു ശേഷം ആ സ്ഥലത്തു ക്ഷേത്രം നിർമ്മിച്ചതാണത്രേ… ആനയുടെ രൂപ സാദൃശ്യമുള്ള കരിങ്കല്ല് ഇപ്പോഴും അവിടെ കാണുന്നു. ആ പറമ്പിനു പേര് “അച്യുതൻകുന്ന് “എന്നാണ്.
ഈ ഗ്രാമത്തിലെ വിദ്യാലയത്തിന്റെ പേരും “വിഷ്ണുമംഗലം എൽ. പി. സ്കൂൾ “എന്നാണ്.. ഈ വിദ്യാലയത്തിൽ 27വർഷം അദ്ധ്യാപികയായി സേവനം ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായി. ഈ വിദ്യാലയവും പുഴവക്കിലാണ്.. ഇതിനോട് ചേർന്നു ഒരു പമ്പ്ഹൌസ് ഉണ്ട്… വടകര നഗരത്തിലേക്കുള്ള ജലം ഈ പുഴയിൽ നിന്നും ശേഖരിച്ചു ശുദ്ധി ചെയ്തു അയക്കുന്നു. പുഴയ്ക്ക് കുറുകെ പാലം ഉണ്ട്… അതിനുമപ്പുറം മലയോര മേഖലയാണ്.
ഇന്നും ഇവിടെ കർക്കടക മാസത്തിൽ വീടു തോറും കയറി പാട്ടു പാടുന്ന വേടൻപ്പാട്ട് എന്ന കലാരൂപം ഉണ്ട്. പി കെ ആർ… എന്ന പേരിൽ ഒരു കലാസമിതി അതിനോട് ചേർത്ത് ഒരു ഗ്രന്ഥശാലയും ഉണ്ട്… ഈ നാട്ടിലെ ആബാലവൃദ്ധം ജനങ്ങളും പങ്കെടുക്കുന്നു ഈ കലാസമിതിയുടെ വാർഷികത്തിനും, മറ്റു പ്രധാന ദിവസങ്ങളിലും നടത്തുന്ന കലാസാംസ്‌കാരിക പ്രവർത്തനങ്ങളിൽ..
കല്യാണം, പുരകെട്ട്… എന്ന് വേണ്ട എല്ലാ കാര്യങ്ങളിലും, ജാതി മത ഭേദമെന്യേ കൂട്ടായ്മയോടെ പ്രവർത്തിക്കുന്നു. മണ്ണിനേയും, മരത്തിനെയും, മനുഷ്യരെയും, സ്നേഹിക്കുന്ന നന്മമനസ്സുകളെ ഇവിടെ കാണാം.
ഇന്ന് സാമ്പത്തിക നേട്ടത്തിന്റെ മേഖലയിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ് എല്ലാവരും. ആ മാറ്റം കുറേയൊക്കെ ഈ ഗ്രാമത്തിലും കണ്ടു തുടങ്ങിയിരിക്കുന്നു. എങ്കിലും പ്രകൃതി രാമണീയമായ ഈ ഗ്രാമത്തെ എന്റെ ജന്മദേശം പോലെ തന്നെ ഞാൻ സ്നേഹിക്കുന്നു. ഗ്രാമത്തിന്റെ പരിശുദ്ധിയും, ചാരുതയും, നിഷ്കളങ്കതയും നഷ്ടപ്പെടാതെ തന്നെ ഒത്തൊരുമയോടെ തന്നെ പോകുന്നു. എന്നും ഈ സൗന്ദര്യം, സമൃദ്ധി, പരിശുദ്ധി ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ…. അതിനു വേണ്ടി പ്രവർത്തിക്കാനുള്ള മനസ്സോടെ ഓരോ പുലരിയേയും വരവേറ്റുകൊണ്ട് ഞങ്ങൾ ഞങ്ങളുടെ വിഷ്ണുമംഗലത്തപ്പന്റെ കൃപയാൽ സുഖമായി സഹോദര്യത്തോടെ കഴിയുന്നു.