സുദർശൻ കാർത്തികപറമ്പിൽ*
ഇരുൾമൂടി,രാക്ഷസതാണ്ഡവമാടുന്നൊ-
രീയുലകിലിത്തിരി വെളിച്ചം പകർന്നിടാൻ ,
ഇനിഞാ,നുറങ്ങാതുണർന്നിരുന്നോമലേ-
യൊരുകവിതകൂടിക്കുറിക്കട്ടെയാർദ്രമായ്..
പകലിരവുകൾ വന്നുപോയതറിയാതെയെൻ
ഹൃദയഘടികാരത്തുടിപ്പിലെഴുമതിതപ്ത-
ഭാവനകൾ കോർത്തുഞാനെഴുതുന്നിതൊരുനവ്യ-
ഗീതാമൃതം സുകൃതമന്ത്രാക്ഷരങ്ങളാൽ
ഇവിടെ ഞാനാരു,നീയാരെന്നചോദ്യശര-
മേതേതുമില്ലാതെയാദർശധീരനാ,യദ്വൈതചിത്തനാ-
യാഗോളചിന്താശതങ്ങൾപുലർത്തി,യു-
ജ്ജീവന കേളികളാടും മനുഷ്യന്റെ
ദൈന്യനിശ്വാസങ്ങൾ കണ്ടുകണ്ണീർതൂകി-
യൊരുമാത്രവീണ്ടുമൊരുമാത്രഞാൻ പാടട്ടെ –
യെല്ലാം മറന്നാത്മതന്തിയിൽ വിരൽതൊട്ടു,
നല്ലൊരുനാളെയ്ക്കുവേണ്ടി സുസ്‌നിഗ്‌ദ്ധമായ്.
ഹേ,ജഗദംബ,നിൻമുന്നിൽ ശിരസ്സുനമിച്ചു,
നിരാലംബചിത്തനായ്,നിസ്തുലഭാവനായ്
നിർമ്മമത്വംപൂണ്ടു,സത്യവും ധർമ്മവും നീതിയു-
മൊന്നുപോലാരിലും പുലരുവാൻ,
താമസഭാവങ്ങളുള്ളിൽനിന്നകലുവാൻ,
ശതകോടിയർച്ചനാമന്ത്രങ്ങളുരുവിട്ടു,തിരു-
രൂപമുള്ളിൽപ്രതിഷ്ഠിച്ചുനിൽപ്പുഞാ-
നൊരുകെടാദീപംകണക്കെത്തെളിഞ്ഞുകത്തി,
സ്മൃതിസാന്ത്വനഭാവസൗന്ദര്യമാർന്നങ്ങനെ.
വേദാന്തികൾ,ധർമ്മമീമാംസകർ,കർമ്മ
പാതകൾ സംശുദ്ധമാക്കിമാറ്റേണ്ടുവോർ
ഇപ്രപഞ്ചത്തിന്റെ നാടിയിടിപ്പുകൾ
നിത്യവും കാതോർത്തുകേൾക്കേണ്ടുവോർവൃഥാ-
യെന്തിനിന്നൂതിക്കെടുത്തുന്നുസംസ്കൃതി?
പ്രാണന്റെവേദനയൊരിറ്റു മറിയാത്തവർ-
ക്കാവുമോ,വാഴ് വിൻ സമസ്യരചിക്കുവാൻ
ആഴിയുമൂഴിയുമാകാശവുംകട-
ന്നാരമ്യഭാവസൗരഭ്യം പൊഴിക്കുവാൻ?
ഒന്നല്ലി,നമ്മളൊരേവായുശ്വസിച്ചു,
വിണ്ണിലെ സൂര്യാംശുധാരനുകരുവോർ.
അറിയുന്നുഞാൻ,സ്വാർഥ മോഹികളാ-
യാത്മനിന്ദനടത്തും നിഷൂദവൃന്ദങ്ങളെ
അറിയുന്നുഞാൻ കാളകൂടവിഷംചീറ്റി-
യൂഴിതൻ ചൈതന്യമൂറ്റിയെടുപ്പോരെ!
എത്രഭയാനകവേദിയാണിന്നില-
മെങ്കിലുംപാടുന്നുഞാനിതാ,നിർഭയം പാടാതിരിക്കുന്നതെങ്ങനെ,
ജന്മങ്ങളാടൽമുഴുത്തുകേഴുമ്പോൾ!
പാടാൻമറന്നൊരാ,യീണങ്ങളോർത്തോർത്തു,
പാടുന്നിതോമലേ വീണ്ടും
‘ജാതിമതങ്ങൾതൻതേരിലേറിക്കാമ-
കേളികളാടിനടന്നിടുന്നൂചിലർ
ദൈവങ്ങളെ ബലാൽസംഗംനടത്തിയു-
ത്തുംഗപദങ്ങളിലെത്തിടുന്നൂചിലർ
രാഷ്ട്രത്തെയൊന്നായ്ഹനിച്ചു രാഷ്ട്രീയത്തിൻ
മാന്ത്രികശക്തിയായ് മാറിടുന്നൂചിലർ
പാരതന്ത്ര്യത്തിന്റെ മാറാലകൾകൊണ്ടു
പാരിലിരുൾക്കയം തീർത്തിടുന്നൂചിലർ
വേഷങ്ങൾമാറി നിമിഷങ്ങൾതോറുമി-
ങ്ങേഷണി പാടേപരത്തിടുന്നൂചിലർ
കാലമേ,നിന്റെയീമായാവിലാസങ്ങൾ
ആരറിഞ്ഞീടുന്നു നിത്യവുമങ്ങനെ’?
എങ്കിലും പാടിടുന്നാർദ്രമായ്ഞാ,നാത്മ-
ദുന്ദുഭി കൊട്ടിയുറങ്ങാതിരുന്നിതാ!