2020 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിന് ജയസൂര്യ മികച്ച നടനുള്ള പുരസ്‌കാരം നേടി. കപ്പേള എന്ന സിനിമയിലൂടെ അന്ന ബെന്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച ചിത്രമായി ദ ?ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചന്‍ തെരഞ്ഞെടുക്കപ്പെട്ടു.മികച്ച സംവിധായകന്‍ – സിദ്ധാര്‍ഥ് ശിവ. കപ്പേള എന്ന ചിത്രത്തിലൂടെ വരവറിയിച്ച സംവിധായകന്‍ മുസ്തഫ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം നേടി.മികച്ച സ്വഭാവ നടനായി സുധീഷ് തെരഞ്ഞെടുക്കപ്പെട്ടു.അയ്യപ്പനും കോശിയുമാണ് മികച്ച ജനപ്രിയ ചിത്രം.
സുഹാസിനി മണിരത്‌നമാണ് ജൂറി അധ്യക്ഷ.30 ചിത്രങ്ങളാണ് പുരസ്‌കാരത്തിനായി അന്തിമ പട്ടികയിലുണ്ടായിരുന്നത്.
മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് പറയുകയാണ് ജയസൂര്യ. സിനിമ കഴിഞ്ഞ് ഇറങ്ങിയാലും ജനമനസില്‍ നില്‍ക്കുന്ന കഥാപാത്രമാണ് വെള്ളം സിനിമയിലെ മുരളിയേട്ടന്‍. മുഴുക്കുടിയനായ മുരളിയേട്ടന്‍ കുടി നിര്‍ത്തി കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായ മാറ്റമാണ് സിനിമ പറയുന്നത്. സിനിമ കണ്ട് പരിവര്‍ത്തനം സംഭവിച്ച നിരവധി പേര് സമൂഹത്തിലുണ്ട്. എനിക്ക് ലഭിച്ച ആദ്യത്തെ അവാര്‍ഡ് അതാണ്. സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും കൂടിയാണ് ഈ അവാര്‍ഡ് വാങ്ങുന്നതെന്നാണ് ജയസൂര്യ പറയുന്നത്.
അവാര്‍ഡ് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് നടി അന്ന ബെന്‍ പ്രതികരിച്ചത്. അവാര്‍ഡ് കപ്പേള ടീമിന് സമര്‍പ്പിക്കുകയാണെന്നും നടി പറഞ്ഞു.