അരവിന്ദൻ പണിക്കശ്ശേരി*
മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായരുടെ നാൽപ്പത്തേഴാമത് ചരമ വാർഷികദിനമാണ് ഇന്ന്. ഇടശ്ശേരിയില്ലാത്ത നാലര പതിറ്റാണ്ട് കടന്ന് പോയിരിക്കുന്നു. കാർഷകാവബോധം കത്തിനിന്ന കേരളീയ മനസ്സുകൾ ഉപഭോഗ സംസ്കൃതിക്ക് അടിപ്പെടുന്നതും കേരളം ഒരു സമ്പൂർണ്ണ ലൗകീക സമൂഹമാവാൻ വെമ്പുന്നതുമാണ് ഈ കാലയളവിൽ നാം കണ്ടത്.ജീവിച്ചിരുന്ന കാലത്ത് വേണ്ടത്ര പ്രശസ്തിയോ അംഗീകാരമോ ലഭിച്ച കവിയായിരുന്നില്ല ഇടശ്ശേരി.
ഇടശ്ശേരിയുടെ സമ്പൂർണ്ണ കവിതകളുടെ ആമുഖത്തിൽ എൻ.വി.കൃഷ്ണവാരിയർ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്:
” ജീവിച്ചിരുന്ന കാലത്ത് ധാരാളം പ്രസിദ്ധീകരണവും ധാരാളത്തിലേറെ പ്രശംസയും നേടിയിരുന്ന കവികൾ മരിച്ച് ഏതാനും വർഷങ്ങൾക്കകം കാവ്യ ചർച്ചകളിൽ നിന്ന് മാത്രമല്ല, സഹൃദയ ചേതനകളിൽ നിന്ന് കൂടി നിശ്ശബ്ദമായി നിഷ്കാസിതരാവുന്നത് നാം കണ്ടിട്ടുള്ളതാണ്. വേണ്ടത്ര പ്രസിദ്ധീകരണം ലഭിക്കാതെയും തീരെ ശ്രദ്ധയാകർഷിക്കാതെയും ജീവിതം കഴിച്ച് കൂട്ടിയ വേറെ ചില കവികൾ മരണത്തിന് ശേഷം അധികമധികം സഹൃദയ ശ്രദ്ധയാകർഷിച്ച് പ്രശസ്തിയുടെ പാരമ്യത്തിലേക്ക് ക്രമത്താൽ ഉയരുക എന്നതും സംഭവിക്കാത്തതല്ല.
സാമാന്യമായ പ്രസിദ്ധീകരണവും വിവേചനശീലരുടെ അഭിനന്ദനവും ജീവിത കാലത്ത് കൈവന്നിരുന്ന മറ്റ് ചില കവികളാവട്ടെ മരണത്തിന് ശേഷം കൂടുതൽ വിസ്തൃതമായി വരുന്ന ഒരു അനുവാചക മണ്ഡലത്തെ ആകർഷിക്കുന്നതും നമ്മുടെ അനുഭവമണ്ഡലത്തിൽ പെട്ടതത്രെ.ഈ മൂന്നാമത്തെ കൂട്ടത്തിലാണ് ഇടശ്ശേരിയെ ഉൾപ്പെടുത്തേണ്ടതെന്ന് എനിക്ക് തോന്നുന്നു.”
എൻ.വി.യുടെ നിരീക്ഷണക്കത്ത ശരിവയ്ക്കുന്നതാണ് സമകാല കാവ്യാനുഭവം. ഇടശ്ശേരിയില്ലാത്ത ഈ കാലത്താണ് ഇടശ്ശേരിക്കവിത കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് .
കാച്ചിക്കുറുക്കിയ കവിതയായിരുന്നില്ല ഇടശ്ശേരിയുടേത്. വള്ളത്തോൾ കവിതയുടെ സ്വാധീനം ഉണ്ടായിരുന്നുവെങ്കിലും പിന്നീടത് കുടഞ്ഞ് കളഞ്ഞ് തന്റേതായ നടയഴകോടെ മുന്നോട്ട് പോയി ഇടശ്ശേരി. സ്വാഭാവികമായും പരുക്കൻ സ്വഭാവമാണ് ഇടശ്ശേരിക്കവിതകൾക്ക് കൈവന്നത്. അതൊരു പോരായ്കയായി കവി കരുതിയതും ഇല്ല.നാട്ടുമ്പുറത്തെ കരുവാന്റെ ആലയോടാണല്ലോ ഇടശ്ശേരി തന്റെ പണിപ്പുരയെ താരതമ്യപ്പെടുത്തിയത്. അനുഭവത്തിന്റെ ചൂളയിൽ നീറ്റിയെടുത്തവയാണ് തന്റെ രചനകൾ എന്ന് അദ്ദേഹം അഭിമാനം കൊണ്ടു.
ഭാവഗാനങ്ങളോടല്ല, കഥാകാവ്യങ്ങളോടാണ് ഇsശ്ശേരിക്ക് പ്രതിപത്തി.നാടകീയ സ്വഗതാഖ്യാനങ്ങളോ കഥാകാവ്യങ്ങളോ ആയിട്ടാണ് ഇടശ്ശേരി തന്റെ മികച്ച കവിതകളധികവും എഴുതിയിട്ടുള്ളത്. സംഘട്ടനാത്മകമായ ഒരു കഥയുടെ രൂപത്തിലാണ് കാവ്യബീജം ഉള്ളിൽ പതിയ്ക്കുക എന്ന് കവി സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. ഇടശ്ശേരിക്കവിതകളുടെ ശീർഷകങ്ങൾ പരിശോധിച്ചാൽ ഇത് ബോധ്യമാവും,
ഒട്ടും ആകർഷകങ്ങളല്ല അവ. ധ്വന്യാത്മകങ്ങളോ കാവ്യാത്മകങ്ങളോ അല്ല. “ചകിരിക്കുഴികൾ ‘പണി മുടക്കം’ ‘നെല്ലുകുത്തുകാരി പാറുവിന്റെ കഥ’ ‘കറുത്ത ചെട്ടിച്ചികൾ ‘ ‘ബുദ്ധനും നരിയും ഞാനും’ ‘പുരപ്പണി’ ‘പുത്തൻകലവും അരിവാളും.. ഇങ്ങനെ നീളുന്നു ആ പേരുകൾ. ശീർഷകം വായിച്ചാൽ ഉള്ളടക്കം ബോധ്യപ്പെടും.ത്യാജ ഗ്രാഹ്യ വിവേചന ശക്തിയുള്ള വായനക്കാർ ഇംഗിതം പോലെ സ്വീകരിക്കട്ടെ. മിക്ക കവിതകൾക്കും ഇടശ്ശേരി ആമുഖക്കുറിപ്പുകൾ എഴുതിയിട്ടുണ്ട്. ഈ പ്രസ്താവനകൾ കവിതകളുടെ ഘടന പഠിക്കാൻ തെല്ലൊന്നുമല്ല സഹായിക്കുന്നത്.1940- ഏപ്രിൽ മാസത്തിൽ പാപ്പിനിശ്ശേരി ആറോൺ മില്ലിലെ തൊഴിലാളികൾ നടത്തിയ ഐതിഹാസിക സമരത്തിന്റെ ഓർമ്മയാണ് ‘പണിമുടക്കം’ എന്ന പ്രശസ്ത കവിത.
1948- ജനുവരിയിൽ പ്രസിദ്ധീകരിച്ച ഈ കവിതയുടെ ആമുഖത്തിൽ ഇടശ്ശേരി ഇങ്ങനെ എഴുതി:
എന്റെ ചില സുഹൃത്തുക്കൾ ഒരു കാലത്ത് പണിമുടക്കിന് പ്രസിദ്ധമായ തൃശ്ശൂരിൽ സ്ഥിരതാമസക്കാരായിരുന്നു. അവരിലൂടെയാണ് വിശാല ലോകത്തിന്റെ കാറ്റ് എന്നിലേക്ക് അടിച്ചിരുന്നത്. ഒരു കോളറക്കാലത്ത്, 1914- ന് മുമ്പാകണം, കുറച്ച് ദിവസങ്ങൾക്കുള്ളിൽ തുടർച്ചയായി മരിച്ച് കൊണ്ടിരുന്ന സ്വന്തം ഭാര്യയെയും കുട്ടികളെയും അപ്പപ്പോൾ ചെന്ന് മറവ് ചെയ്ത്, ഭാരതപ്പുഴയിൽ കുളിയും കഴിഞ്ഞ് വീട്ടിലെത്താറുള്ള ഒരമ്മാമൻ, കുട്ടികളുണ്ടാവാൻ പല വഴിപാടുകളും ചെയ്ത് നിരാശതയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന മറ്റൊരു സുഹൃത്ത്, വൃദ്ധനായി അവശനായി, അവശതയിൽ പെടുംതോറും അപാരമായ കുടുംബസ്നേഹം ശുണ്ഠിയുടെ രൂപത്തിൽ പ്രകാശിപ്പിക്കാറുള്ള സ്വന്തം പിതാവ്… ഇവരെല്ലാം ഈ കാവ്യഖണ്ഡമാകുന്ന നാടകത്തിലെ കർട്ടൻവലിക്കാരോ പ്രോംപ്റ്റർമാരോ നടന്മാരോആണ് “
പണിമുടക്കത്തിലെ തൊഴിലാളി പ്രാതികൂല്യങ്ങളെ അതിജീവിക്കാൻ കരുത്തു നേടിയവനാണ്. രോഗം ദാരിദ്ര്യം പട്ടിണി മരണം തുടങ്ങി ഏറെ പ്രതിബന്ധങ്ങൾ അയാൾക്ക് മുന്നിലുണ്ട്. ചേതനയറ്റ കുഞ്ഞിന്റെ ശരീരത്തിന്മേൽ ബോധരഹിതയായി നിപതിച്ച അമ്മ തൊഴിലാളികളുടെ സമര ഗാനം കേട്ട് ഉയിർത്തെഴുന്നേൽക്കുന്നു.
“കുഴി വെട്ടി മൂടുക വേദനകൾ
കുതി കൊൾക ശക്തിയിലേക്ക് നമ്മൾ ! “
ഇത് വെറുമൊരു ആഹ്വാനമായിരുന്നില്ല. അനുഭവങ്ങളുടെ തീച്ചുളയിൽ സ്പുടം
ചെയ്തെടുത്ത വിശ്വാസ പ്രമാണമാണ്.
താൻ ജീവിക്കുന്ന കാലഘട്ടത്തോടും ചുറ്റുപാടിനോടും ചവിട്ടി നിൽക്കുന്ന മണ്ണിനോടും അങ്ങേയറ്റം സത്യസന്ധതയും കൂറും നീതിയും പുലർത്തിയ കവിയാണ് ഇടശ്ശേരി .പിറന്ന നാടിന്റെ നൈതികവും ഭൗതികവും സൗന്ദര്യാത്മകവുമായ പ്രതിസന്ധികളോട് ക്രിയാത്മകമായി സംവദിച്ച കവി. നിത്യജീവിത സന്ദർഭങ്ങളടെ പശ്ചാത്തലത്തിൽ കവിത എഴുതുമ്പോഴും ജീവിതത്തിന്റെ ഗഹനതകളിലേക്കും ആന്തരിക തലങ്ങളിലേക്കും കടന്ന് ചെല്ലാൻ കഴിഞ്ഞതാണ് ഇടശ്ശേരിക്കവിതകളുടെ ശക്തി. കാൽപ്പനിക സങ്കൽപ്പങ്ങളുടെ മായികതയും പച്ചയായ ജീവിതം അനാവരണം ചെയ്യുന്ന റിയലിസത്തിന്റെ കാർക്കശ്യവും രണ്ട് ധ്രുവങ്ങളിലായി അകന്ന് നിന്ന ഘട്ടത്തിലാണ് ഇടശ്ശേരി കാവ്യരചനയിൽ പുതുവഴികൾ തേടിയത്.
ഏത് ഗൗരവമേറിയ പ്രമേയത്തേയും ഇടശ്ശേരി സമീപിക്കുന്നത് സമചിത്തതയോടെയാണ്. മറ്റാരേക്കാളും പൊതുധാരണ കൈമുതലായുള്ള ഒരു നാടൻ കൃഷിക്കാരന്റെ സമീപനമാണ്, അത്യന്തം ഗഹനമായ ആധുനിക യുഗത്തിന്റെ പ്രശ്നങ്ങളെ സമീപിക്കുമ്പോൾ പോലും ഇടശ്ശേരി കൈക്കൊള്ളുന്നത്.
ആധുനികതയുടെ ആശയഘടനയിലെ പല അംശങ്ങളും ഇടശ്ശേരിയിൽ പ്രകടമായിരുന്നു.പരിസ്ഥിതിയെക്കുറിച്ചും സ്ത്രീവിമോചനത്തെക്കുറിച്ചും ആധുനിക വിദ്യാഭ്യാസത്തിന്റെ അപചയത്തെക്കുറിച്ചുമൊക്കെ ഇടശ്ശേരി ബോധവാനായിരുന്നു.പാരിസ്ഥിതിക വിഷയങ്ങൾ നാട്ടിൽ ചർച്ചാവിഷയമാകുന്നതിന് എത്രയോ മുമ്പ് ഇടശ്ശേരി ‘കുറ്റിപ്പുറം പാലം’ (1954) പോലുള്ള കവിതകൾ എഴുതി.അസന്തുലിതമായ ഒരു സമ്പദ്ഘടനയിൽ യന്ത്രവൽക്കരണം ഉണ്ടാക്കിയേക്കാവുന്ന പ്രശ്നങ്ങളെ 1954-ൽ തന്നെ കവിതയിലൂടെ ഇടശ്ശേരി ഉന്നയിച്ചു. സമൂഹം നേരിടുന്ന ജീവൽ പ്രശ്നങ്ങളിൽ മനുഷ്യന് പ്രയോജനകരമാകുന്ന ഏത് നിലപാടിനോടും സഹകരിക്കാൻ ഇടശ്ശേരി ഒരുക്കമായിരുന്നു. കാലോചിതമായ മാറ്റങ്ങളെ അനുഭാവപൂർവ്വമാണ് കവി നോക്കിക്കണ്ടത്. യാത്രാക്ലേശം പരിഹരിക്കാൻ കുറ്റിപ്പുറം കടവിൽ ഒരു പാലം വരേണ്ടത് അന്ന് അനിവാര്യമായിരുന്നു. അത് യാഥാർത്ഥ്യമാവുകയാണ്.ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയിരിക്കുന്നു.
“എങ്കിലും മർത്ത്യ വിജയത്തിന്മേൽ എൻകഴലൂന്നി നിവർന്ന് നിൽക്കെ ഉറവാർന്നിടുന്നുണ്ടെൻ ചേതസ്സിങ്ക –
ലറിയാത്ത വേദനയൊന്നു മെല്ലെ..”
പുതിയ നേട്ടങ്ങളുടെ അഭിമാനം ചില നഷ്ടങ്ങളുടെ വേദന കൂടിയാവുന്നു.
“കളിയും ചിരിയും കരച്ചിലുമായ്
കഴിയും നരനൊരു യന്ത്രമായാൽ
അംബ പേരാറേ, നീ മാറിപ്പോമോ
ആകുലയാമോരഴക്കു ചാലായ്… “
കവി നൽകിയ വിപൽസ്സന്ദേശം വൈകിയാണ് നാം ഉൾക്കൊണ്ടത്.
ഒരു പ്രത്യയശാസ്ത്രത്തോടും യോജിച്ച് പോകാൻ ഇടശ്ശേരിക്ക് കഴിയില്ല.
“വെളിച്ചം തൂകിടുന്നോളം
പൂജാർഹം താനൊരാശയം.
അതിരു,ണ്ടഴൽചാറുമ്പോൽ
പൊട്ടിയാട്ടുകതാൻ വരം…”
എന്നതാണ് ഇടശ്ശേരിയുടെ തത്വശാസ്ത്രം.
അഹിംസാവാദം കത്തി നിന്ന കാലത്താണ് അദ്ദേഹം ‘ബുദ്ധനും നരിയും ഞാനും’ എന്ന കവിത എഴുതുന്നത്.ജീവിതത്തോടുള്ള കവിയുടെ സമീപനം കൂടുതൽ വ്യക്തതയോടെ ആവിഷ്ക്കരിക്കുന്ന കവിതയാണത്. പകലന്തിയോളം പണി ചെയ്ത് റേഷൻ വാങ്ങി വരുന്ന തൊഴിലാളി എളുപ്പം വീടണയാനുള്ള തിടുക്കത്തിൽ അപകടം പതിയിരിക്കുന്ന കാട്ടുപ്രദേശം താണ്ടുകയാണ്. തന്റെ വരവും കാത്ത് വിശന്ന് വലഞ്ഞ് കാത്തിരിക്കുകയാവും ഭാര്യയും കിടാങ്ങളും. ബുദ്ധവിഹാരങ്ങളുണ്ടായിരുന്ന കാട്ടുപാത ഹിംസ്ര ജന്തുക്കളുടെ ആവാസകേന്ദ്രമാണ്. ഓരോന്ന് ഓർത്ത് ആധി പൂണ്ട് നടക്കുമ്പോൾ അതാ മുന്നിൽ ഒരു നരി .
“അരിയില്ല തുണിയില്ല നരകമാണെന്നാലും നരി തിന്നാൽ നന്നോ മനുഷ്യന്മാരെ.. “
നരിക്കിരയാവണോ,വിശന്ന്കരയുന്ന
മക്കൾക്കരികിലേക്ക് ഓടിയെത്തണോ?
ആലോചിച്ച്നിൽക്കാൻ നേരമില്ല.തൊട്ടടുത്ത് കണ്ട ബുദ്ധപ്രതിമ തള്ളിയിട്ട് നരിയെ അയാൾ വകവരുത്തുന്നു.താൻ ചെയ്തത് വലിയ അപരാധമായോ?
“ഇരുകാതം താണ്ടി ഞാൻ വരുവോളമെൻ മക്കൾ പൊരിയുകിൽ ചാവുകിൽ തെറ്റല്ലെന്നോ?
ഇടയുള്ളോർ വാദിപ്പിൻ,
മാർഗ്ഗവും ലക്ഷ്യവും ഇടറിയോ?
ഞാനൊന്ന് തല ചായ്ക്കട്ടെ… “
“ഞാനൊരു ഈശ്വരവിശ്വാസിയാണ്. എങ്കിലും എന്നെ എക്കാലവും അലട്ടിക്കൊണ്ടിരുന്ന വിശപ്പിനെയും സ്നേഹ ശൂന്യതയെയും പ്രതിപാദിക്കേണ്ടി വരുമ്പോൾ ആസ്തിക സാധാരണമായ വിനയവും തത്വശാസ്ത്രങ്ങളുടെ നേർക്ക് വേണ്ട ബഹുമാനവും എന്നെ വിട്ട് പിരിയാറുണ്ട്.. “
‘കവിത എന്റെ ജീവിതത്തിൽ ‘ എന്ന ലേഖനത്തിൽ കവി തന്റെ മനോഗതം മറയില്ലാതെ വെളിപ്പെടുത്തിയിട്ടുണ്ട്.
ഇടശ്ശേരിയുടെ കർക്കശമായ നിലപാടുകൾ സുഹൃത്തുക്കളുടെയും വിമർശകരുടെയും അപ്രീതിക്ക് കാരണമായി.’പണി മുടക്കം’ പോലുള്ള കവിതകൾ കവിയുടെ യശസ്സിനെ ബാധിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകിയിട്ടും ഇടശ്ശേരിക്ക് കുലുക്കമുണ്ടായില്ല. അവരെ മുഷിപ്പിക്കാതിരിക്കാൻ അത്തരം കവിതകൾ മുഖ്യധാരാ പ്രസിദ്ധീകരണങ്ങൾക്ക് നൽകാതെ സോവനീറുകൾക്കോ സമാന്തര പ്രസിദ്ധീകരണങ്ങൾക്കോ നൽകി. ഇടശ്ശേരിയുടെ മികച്ച രചനകളായി കാലം കൊണ്ടാടുന്ന കവിതകൾ പലതും ഇങ്ങനെ അപ്രശസ്തമായ പ്രസിദ്ധീകരണങ്ങളിൽ നിന്ന് കണ്ടെടുക്കേണ്ടി വന്നതിനെക്കുറിച്ച് ഇടശ്ശേരിയുടെ സമ്പൂർണ്ണ കവിതകൾ സമാഹരിച്ച കെ.ഗോപാലകൃഷ്ണൻ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇടശ്ശേരിയുടെ ആശയലോകത്ത് നിന്ന് പിൽക്കാല കവികൾ പ്രചോദനമുൾക്കൊണ്ടിട്ടുണ്ടെന്നതിന് എത്രയോ ഉദാഹരണങ്ങളുണ്ട്.
‘ തണുപ്പ് കാലത്ത് എന്റെ മുത്തശ്ശിയോട് വാക്ക് പറഞ്ഞിരുന്ന പുതപ്പ് സമ്മാനിക്കാനെനിക്ക് കഴിഞ്ഞില്ല.. ‘
(കടലാസ് പക്ഷി – ഏ അയ്യപ്പൻ)
അയ്യപ്പനെ ശ്ലാഘിക്കുമ്പോൾ ‘ബിംബസാരന്റെ ഇടയൻ’ എന്ന ഇടശ്ശേരിക്കവിതയിലെ പുതപ്പിന്റെ സങ്കടം നാം ഓർക്കാറില്ല.
“എനിക്കുമൊരു മാതുണ്ടായീ
പണ്ടെന്നെ നൃപന്ന് കൊടുത്തപ്പോൾ
കിട്ടിയ വിൽക്കാശപ്പടിയെന്നുടെ കോന്തലയ്ക്കലുടക്കിയവൾ !
അവൾക്ക് കുളിരിന് കമ്പിളി നേടി
പിന്നീടെന്നോ ഞാൻ ചെൽകെ
ഒരട്ടി മണ്ണ് പുതച്ച്കിടപ്പൂ
വീടാക്കടമേ മമജന്മം.. “
ആലപ്പുഴയിൽ വക്കീൽ ഗുമസ്തപ്പണി പഠിക്കാൻ പോയ ഇടശ്ശേരി ഇടയ്ക്ക് ട്യൂഷനെടുത്ത് സ്വരുക്കൂട്ടിയ തുച്ഛമായ തുകകൊണ്ട് അമ്മയ്ക്കൊരു പുതപ്പ് വാങ്ങി നാട്ടുകാരന്റെ കൈയിൽ കൊടുത്തയച്ചതും, അതവിടെ എത്തുമ്പോഴേയ്ക്കും അമ്മ വസൂരി ദീനം പിടിപെട്ട് കാലഗതി പ്രാപിച്ചതും ഇടശ്ശേരി കവിതയിൽ രേഖപ്പെടുത്തിയിട്ടില്ലാത്ത സങ്കടങ്ങളിൽ ഒന്നാണ്.ഇടശ്ശേരിക്കവിതകളുടെ മാനവികാവബോധത്തിന്റെയും മനുഷ്യത്വത്തിന്റെയും അടിത്തറ ഗ്രാമീണ കർഷകന്റെ കരുത്തും ആത്മബോധവുമാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
“കേവല മനഷ്യന്റെ തീവ്രമായ അന്തർമുഖതയിലല്ല, സാമൂഹിക മനുഷ്യന്റെ ബന്ധ വൈചിത്ര്യങ്ങളിലാണ് ” ഇടശ്ശേരി ഊന്നുന്നത്. ഏത് ആദർശം ഉയർത്തിപ്പിടിയ്ക്കുമ്പോഴും അത് പ്രായോഗികതയുടെ ഉറച്ച മണ്ണിൽ നിന്ന് വഴുതിപ്പോകാതിരിക്കാൻ ഈ കവി ശ്രദ്ധിച്ചു.
1971 മെയ് മാസത്തിൽ ഏലങ്കുളത്ത് നടന്ന സാഹിത്യകാരന്മാരുടെ മഹാ സമ്മേളനം. പുരോഗമന സാഹിത്യ പ്രസ്ഥാനത്തെ പുനരുജ്ജീവിപ്പിക്കുക എന്നതായിരുന്നു ആ സമ്മേളനത്തിന്റെ ലക്ഷ്യം. അവിടെ അവതരിപ്പിച്ച സഖാവ് ഇ.എം.എസ്സിന്റെ ‘ പുരോഗമന സാഹിത്യവും കമ്യൂണിസ്റ്റ് പ്രസ്ഥാനവും’ എന്ന മുഖ്യ പ്രബന്ധത്തോട് ആദ്യം പ്രതികരിച്ചത് ഇടശ്ശേരിയായിരുന്നു:
“സാഹിത്യകാരന്റെ സർഗ്ഗപരത വ്യക്തിനിഷ്ഠമാണെന്ന കാര്യത്തിൽ തർക്കമില്ല ആ നിലയ്ക്ക് പ്രതിഭാശാലികളായ സാഹിത്യകാരന്മാർക്ക് വ്യക്തിസ്വാതന്ത്ര്യം അനു പേഷണീയമാണ്. ഇതാണ് എടുത്ത് പറയേണ്ട ആദ്യത്തെ വസ്തുത. അതേയവസരത്തിൽ എത്ര പ്രതിഭാശാലിയായ വ്യക്തിയും താൻ അംഗമായ സമൂഹത്തിന്റെ സൃഷ്ടിയാണ്.
ആ സമൂഹം വളർത്തിയുണ്ടാക്കുന്ന സമൂഹമന:സ്സാക്ഷിയുടെ ഒരു ഭാഗമാണ്.ഈ സമൂഹ മന:സ്സാക്ഷിയുടെ ഏതെങ്കിലും ഒരംശമോ കൂടുതൽ അംശങ്ങളോ സത്യസന്ധമായി പ്രതിഫലിപ്പിക്കാനുള്ള കഴിവാണ് പ്രതിഭാശാലിയായ ഏത് സാഹിത്യകാരനെയും പൊതുജന പ്രീതിക്ക് വിധേയനാക്കുന്നത്. അതായത്, സാമൂഹിക ജീവിതത്തിനും സാമൂഹിക വികാര വിചാരങ്ങൾ സ്വയം കീഴ്പ്പെടുത്തി സാഹിത്യരചന നടത്താൻ കിനുള്ളവരാണ് ഏറ്റവും നല്ല സാഹിത്യകാരന്മാരാവുന്നത്. ഇതെഴുതിയ ഇ എം എസ്സിനെ ഞാൻ അഭിനന്ദിക്കുന്നു. ഞാൻ ഉൾപ്പെടുന്ന സമുദായത്തിന്റെ വികാരവിചാരങ്ങളാണ് എന്റെ സാഹിത്യ സാഹിത്യത്തിനുള്ള കരുക്കൾ.
ഞാൻ ഭൂതകാലത്തെക്കുറിച്ച് എഴുതുമ്പോഴും ഭാവനാ നിഷ്ഠമായ ഭാവിയെക്കുറിച്ചെഴുതുമ്പോഴും ആനുകാലിമായ സംഭവ വിശേഷങ്ങൾ എന്റെ മനസ്സിൽ ഉണ്ടാക്കുന്ന പ്രതി പ്രവർനങ്ങളിൽ നിന്ന് മുക്തനാകാൻ എനിക്ക് സാധ്യമല്ല പക്ഷേ, അത്തരം പ്രതിപ്രവർത്തനങ്ങൾ സ്വന്തം ശീലങ്ങളെ നേരിടുമ്പോൾ എന്തായിത്തീരുമെന്നുള്ളത് വ്യക്തിനിഷ്ഠമായ കാര്യമാണ്. വിഭിന്നങ്ങളായ വീക്ഷണങ്ങൾ – അനുകൂല പ്രതികൂല വീക്ഷണങ്ങൾ – സ്വീകരിച്ചു എന്ന് വരാം.ഏതായാലും അത് സമൂഹത്തിന്റെ അനുദിന ചര്യയുടെ പ്രതിപ്രവർത്തനമാകാതിരിക്കാൻ വയ്യ.. “
ഇടശ്ശേരി ഒരു മികച്ച നാടകകൃത്താണെന്ന കാര്യം ഇവിടെ ഓർക്കാവുന്നതാണ്.
സാംസ്കാരിക ഫാഷിസത്തിന്റെയും മതഭ്രാന്തിന്റെയും വർഗ്ഗീയ ഭീഷണികളുടെയും കിടിലംകൊള്ളിക്കുന്ന ഇന്നത്തെ ഇന്ത്യൻ മലയാള അവസ്ഥയിൽ
‘കൂട്ടുകൃഷി ‘ പോലുള്ള നാടകങ്ങളുടെ പുനർവായന അനിവാര്യമാണ്. അത്തരമൊരു വിഷയം കവിതയിൽ ആവിഷ്ക്കരിക്കാൻ കഴിയാഞ്ഞത് കൊണ്ടല്ല, ജനങ്ങളുമായി നേരിട്ട് സംവദിക്കാൻ പറ്റിയ മാധ്യമം എന്ന നിലയ്ക്കാണ് ‘കൂട്ട്കൃഷി’ നാടകമായി എഴുതിയതെന്ന് ഇടശ്ശേരി പറഞ്ഞിട്ടുണ്ട്. ‘കൂട്ടുകൃഷി ‘ ഒരു പ്രചരണാത്മക നാടകമായിരുന്നിട്ടും കഥാപാത്രങ്ങളുടെ ചുണ്ടിൽ പ്രസംഗം തിരുകിക്കയറ്റാൻ ഇടശ്ശേരി തുനിഞ്ഞില്ല.’ നാടകാന്തം കവിത്വം’ എന്ന സർഗ്ഗ രചനാവൈദഗ്ധ്യത്തിന്റെ പരമാവസ്ഥയിൽ എത്തിയ ഒരാൾക്കേ കാവ്യസൃഷ്ടിയുടേയും നാടകരചനയുടേയും സർഗ്ഗ തലങ്ങളെ സമന്വയിപ്പിക്കാൻ കഴിയൂ.
“വെറുതെയായിട്ടില്ലെന്റെ ശ്രമങ്ങളൊന്നും.
വെറുങ്ങലിപ്പെന്തെന്ന് ഞാനറിഞ്ഞിട്ടില്ല.
കുനിഞ്ഞെങ്കിലൊരു പിലാവില പെറുക്കാൻ
കുടിച്ചിട്ടൊരു കിണ്ണം കൊഴുത്ത കഞ്ഞി.. “ ഈ വീറിനെയാണ് നാം ഇടശ്ശേരിത്വം എന്ന് വിളിക്കുന്നത്. ഒമ്പത് കവിതാ സമാഹാരങ്ങൾ, ആറ് നാടകങ്ങൾ…
തികഞ്ഞ സംതൃപ്തിയോടെയാണ് അറുപത്തെട്ടാമത്തെ വയസ്സിൽ കവി ഇഹലോകവാസം വെടിഞ്ഞത്.
വിഷ്ണു നാരായണൻ നമ്പൂതിരി ഇടശ്ശേരിയെ സ്മരിച്ചു കൊണ്ട് എഴുതിയ കവിതയിലെ ഈരടി ഓർമ്മിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ :
“ഒരു മാത്ര, അലയേക്കാൾ നിലയേക്കാൾ ഉയരത്തിൽ നിൽപ്പാണിടശ്ശേരി
ഒരു മാത്ര, നക്ഷത്ര നിരയേക്കാൾ ഉയരത്തിൽ നിൽപ്പാണിടശ്ശേരി … “