ജയൻ മണ്ണൂർകോഡ്*

ഈ നാട്ടഴകി വീണ്ടും ഓർമ്മപ്പെടുത്തുന്നു…
നാട്ടഴകി.. അസ്ഥിരന്റെ ഒരു കിനാക്കാലം.

ഇന്നലെയുടെ വരണ്ട പാടത്തിൽ
അന്നൊരു വറുതിപ്പകലിൽ
നാട്ടഴകിയുടെ നോട്ടമുനത്തുമ്പിൻ-
സുഖക്കുത്തേറ്റൊരു കിനാക്കാലം..
സമയം തെറ്റി
വിശപ്പു മറന്നു
പ്രണയവിചാരം വാക്പൊരുളായി
കനമില്ലാതൊഴുകി കനവാകാശങ്ങളിൽ
തുണപ്പെട്ടൊഴുകി വിചാരതീരങ്ങളിൽ..
വാഴ് വറിയാത്തവനെന്ന് വാക്കേറുകൾ ചേർന്നപ്പോൾ
അസ്ഥിരൻ എന്നൊരു വാക്കുണ്ടായി
നാക്കേറുകൾ പരിഹസിച്ചൊരു പകലിൽ
ആസ്ഥിരന്റെ ഉപേക്ഷിതങ്ങളിൽ
ജീവൻ കത്തിയ ചാവുമണമുണ്ടായി
അസ്ഥിരപ്രയാണങ്ങളുടെ തുടർച്ചകളിൽ
കാണിവിചാരങ്ങളുടെ അർഥപ്പെരുക്കങ്ങളുണ്ടായി
അങ്ങിനെ അസ്ഥിരന്റെസ്വകീയസ്വൈരങ്ങളിൽ
ഒരു നിർഭയൻ പരുവപ്പെട്ടു..
മാറ്റത്തിന്റെ കാലസൂചനകളിൽ
ആണ്ടുകളനവധി മറഞ്ഞു പോയപ്പോൾ
നാട്ടുകവലയിലൊരന്തിപ്പകലിൽ
കൂട്ടുകാരൊത്തൊന്നിച്ചിരിക്കെ
ഏതിരുട്ടിലും തെളിയുന്നൊരാച്ചിരി
എന്നെ മെല്ലെ കയ്യാട്ടി വിളിക്കെ
ഒരു നൊടി നാലുചുറ്റും മറന്നൊരു
വിറയൊച്ചയാൽ കുറുകി “നാട്ടഴകീ”
ഒരു പെൺകിടാവവളടുത്തെത്തി
മകളാണെന്നവൾ ചേർത്തു നിർത്തി
നിമിഷവർത്തമാനങ്ങളിൽ
പറഞ്ഞേറെ, പറയാതെയേറെ
അവൾ പോയൊരാ നാട്ടുപാതയിൽ
രണ്ടു കണ്ണുകൾ തറഞ്ഞു നിന്നുപോയ്..!

By ivayana