ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

സുനു വിജയൻ*

ന്യൂ ബോംബെയിലെ വാശി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ എന്റെ മനസ്സ്‌ വല്ലാതെ തുടിക്കാൻ തുടങ്ങി.രാജുമോന്റെ അമ്മ വിജയലക്ഷ്മിയെ കാണുമ്പോൾ എന്നിൽ ഉണ്ടായേക്കാവുന്ന സങ്കടപെയ്ത്തിന്റെ അനുരണനം ആണ് എന്റെ മനസ്സിനെ ഇങ്ങനെ വ്യാകുലപ്പെടുത്തുന്നത്.

സമയം വൈകുന്നേരം ആറുമണി കഴിഞ്ഞെങ്കിലും ഇനിയും സന്ധ്യ മയങ്ങിത്തുടങ്ങിയില്ല. ദൂരെ മാൻഖുർഡ് പാലം കടന്നുവരുന്ന കാറ്റിനു ചെളിയുടെ ഗന്ധം. കാറ്റ് വീശുമ്പോൾ ചുണ്ടു നനച്ചാൽ ഉപ്പുരസം ലഭിക്കും.വാശിയിൽ നിന്നും മാൻഖുർഡ് പോകുന്ന നീളൻ പാലത്തിന്റെ ഇടതു വശം ഉപ്പളങ്ങളുണ്ട് ഉപ്പളങ്ങളിൽ തട്ടിയൊഴുകി വരുന്ന ചെളി ഗന്ധം നിറഞ്ഞ കാറ്റിനു ഉപ്പുരസം ഉള്ളത് സ്വാഭാവികം മാത്രം.

ദൂരെകാണുന്ന നെരൂളിന്റെ ആകാശത്തിന് ചുവപ്പു നിറം. ആകാശത്തിന്റെ ചുവപ്പു കണ്ടപ്പോൾ എന്റെ മനസ്സിൽ ഒരു നോവുണർന്നു. ഒറ്റമുലയുള്ള ഒരു പെണ്ണു പകർന്ന നോവ്.
മെയിൻ റോഡ്‌ മുറിച്ചു കടന്ന് സെക്ടർ പതിനാലിലെ ഗണപതി മന്ദിരത്തിനു മുന്നിലെ ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിൽക്കുമ്പോൾ കോപ്പർ ഖരണയിൽ താമസിക്കാൻ പോയ നിമിഷങ്ങളെ ഓർത്തു ഞാൻ സങ്കടപ്പെട്ടു. വേണ്ടായിരുന്നു. എങ്ങനെയും അതൊഴിവാക്കാമായിരുന്നു.അവിടെ പോകാതിരുന്നെങ്കിൽ ഈ നൊമ്പരം പേറാതെ രക്ഷപെടാമായിരുന്നു.

ആറു മാസം മുൻപാണ് വാടക കൂടിയ വാശിയിലെ ഫ്ലാറ്റ് ഒഴിവാക്കി കൂടെ ജോലി ചെയ്യുന്ന അശോകൻ താമസിക്കുന്ന ഖോപ്പർ ഖരണയിലെ ചെറിയ വീട്ടിലേക്ക് താമസം മാറിയത്.
വാശി പട്ടണത്തിൽ നിന്നും നാലു മൈൽ അകലെയാണ് ഖോപ്പർ ഖരണ. ഉയർന്നു നിൽക്കുന്ന മൂന്നു വലിയ വാട്ടർ ടാങ്കുകളുള്ള സ്റ്റോപ്പിൽ ബസിറങ്ങി ആസ്ബട്ടോസ് ഷീറ്റുകൾ മേഞ്ഞ നീളൻ ചാളുകൾ കടന്ന് ഖോപ്പർ ഖരണ ഗാവിലേക്ക് കടക്കുന്ന വഴിയുടെ ഓരത്തായിരുന്നു അശോകൻ വാടകക്ക് താമസിച്ചിരുന്ന ഒറ്റമുറിയും, കിച്ചണും ഉള്ള വീട്.

ഒരു വീട് രണ്ടായി തിരിച്ചതായിരുന്നു അത് . അപ്പുറത്ത് രണ്ടു സ്ത്രീകളും അവരുടെമൂന്നു മക്കളും താമസിക്കുന്നു. സ്ത്രീകൾ സഹോദരിമാരാണ്. മൂത്തയാൾ ഭാഗ്യ ലക്ഷ്മി. അവരുടെ രണ്ടു മുതിർന്ന ആൺകുട്ടികൾ. തുർബായിലെ ഒരു കമ്പനിയിൽ അവർ ജോലിക്ക് പോകുന്നു. ഇളയസ്ത്രീ വിജയ ലക്ഷ്മി. അവരുടെ മകന് കഷ്ടിച്ചു പതിമൂന്നു വയസ്സ് പ്രായം കാണും. അവർക്ക് കൂടിയാൽ മുപ്പത്തി അഞ്ചു വയസ്സ് പ്രായം.വിജയ ലക്ഷ്മി ഐറോളിയിലെ ഒരു കമ്പനിയിൽ ജോലിചെയ്യുന്നു.
താമസിക്കുന്ന റൂമിന്നേക്കുറച്ചു പറഞ്ഞാൽ, പുറത്ത് പൊതുവായ ഒരു കക്കൂസ്.

കിച്ചനിലെ മോറിയിൽ പൈപ്പ് കണക്ഷൻ ഉണ്ട്. കുളിക്കുന്നതും, തുണി അലക്കുന്നതും മോറിയിൽ തന്നെ. വാടക മാസം ആയിരം രൂപയെ ഉള്ളൂ. അതുകൊണ്ടാണ് ഞാൻ വാശിയിലെ ഫ്ലാറ്റിൽ നിന്നും അശോകന്റെ കൂടെ ഷെയറിങ് അക്കോമഡേഷൻ നോക്കി പോയത്. ഇതാകുമ്പോൾ കുറച്ചുകൂടി പൈസ മിച്ചം പിടിച്ചു വീട്ടിലേക്കു അയക്കാൻ കഴിയും.വീട്ടിലെ പൈസയുടെ ആവശ്യങ്ങൾ ഓർത്താൽ റെയിൽവേ പ്ലാറ്റഫോംമിൽ പോലും കഴിയാൻ ഞാൻ തയ്യാറായിരുന്നു.

പിന്നിലെ ഗണപതി മന്ദിരത്തിൽ നിന്നും ഗണേശ സ്തുതി ഉയരുന്നു. ഗണപതി പൂജാ വേളയാണ്. ഓരോ ഹൗസിങ് സൊസൈറ്റികളിലും ഗണപതി മൂർത്തീകളെ അലങ്കരിച്ചു വച്ചിട്ടുണ്ട് ഗണേശ ചതുർത്ഥിക്ക് നദികളിൽ മൂർത്തീകളെ നിമഞ്ജനം ചെയ്യും.മുംബയിലെ വലിയ ഉത്സവമാണ് ഗണേശ ചതുർഥി.കോപ്പർ ഖരണയിലെ ഗാവിലെ ഗണേശ മന്ദിരത്തിലും വലിയഗണേശ മൂർത്തിയെ പ്രതിഷ്ടിച്ചിട്ടുണ്ട്.

ഇന്നലെ, തനിക്കും ദാൻഡിയ ഡാൻസും, കലാപരിപാടികളും കാണാൻ പോയാൽ മതിയായിരുന്നു. എല്ലാവരും പോയപ്പോൾ ഒഴിഞ്ഞു മാറിയത് മനഃപൂർവം അല്ലായിരുന്നു. പോകാൻ തോന്നിയില്ല. അത്രമാത്രം.

കോപ്പർ ഖരണ ബസ് വന്നു. നല്ല തിരക്കായിരുന്നെങ്കിലും ഇരിക്കാൻ സീറ്റുകിട്ടി. പതിനഞ്ചു മിനിറ്റ് യാത്രയേ ഉളളൂ. എങ്കിലും ഇരുന്നു പോകുമ്പോൾ വഴിക്കാഴ്ചകൾ കാണാം. പാതയോരങ്ങളിൽ അലങ്കരിച്ചു വച്ചിരിക്കുന്ന ഗണേശ മൂർത്തീകളെ കാണാം. ഡാൻഡിയ ഡാൻസിന് പ്രാക്ടീസ് ചെയ്യുന്ന പെൺകുട്ടികളെ കാണാം. പക്ഷേ എനിക്ക് ഒന്നിലും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. മനസ്സിൽ ചോര ഇറ്റിറ്റു വീഴുന്ന ചെത്തിയെറിഞ്ഞ മുലപ്പാടിൽ അമർത്തിപ്പിടിച്ചു അലറിക്കരയുന്ന സ്ത്രീ രൂപം.അത് ചിന്താ മണ്ഡലത്തിൽ പടർന്നു നിറഞ്ഞിരിക്കുന്നു. ചോരയിൽ കുതിർന്ന ചെത്തിയെറിഞ്ഞ ഒരു മുല മനസ്സിൽ ത്രസിച്ചു വിറക്കുന്നു.

അശോകന് ഇന്നലെ നൈറ്റ്‌ ഷിഫ്റ്റ്‌ ആയിരുന്നതിനാൽ അവൻ നേരത്തേ പോയി.ഞാൻ ഡ്യൂട്ടികഴിഞു ചെല്ലുമ്പോൾ വിജയ ലക്ഷ്മി അല്ലാതെ ബാക്കി ഏവരും അൽപ്പം അകലെ ഗാവിൽ ഉള്ള ഗണേശ മന്ദിരത്തിൽ ഡാൻഡിയ മത്സരം കാണാൻപോകാൻ ഒരുങ്ങി ഇറങ്ങിക്കഴിഞ്ഞു. എന്തോ കാരണത്താൽ വിജയ ലക്ഷ്മി പോയില്ല.

കുളിക്കാൻ നോക്കിയപ്പോൾ മോറിയിൽ വെള്ളം ഇല്ല. ബക്കറ്റിൽ അശോകൻ വെള്ളം പിടിച്ചു വച്ചിട്ടുമില്ല. അപ്പുറത്ത് നിന്നും ഒരു ബക്കറ്റ് വെള്ളം വാങ്ങിക്കാം എന്നുകരുതി ഞാൻ വിളിച്ചു.
“രാജുവിന്റെ അമ്മേ “
ഞാൻ വിജയ ലക്ഷ്മിയെ അങ്ങനെയാണ് വിളിക്കുക.
ഇല്ല അനക്കം ഒന്നും കേൾക്കിന്നില്ല…
മുന്നിലെ വാതിൽ ചാരിയിട്ടേയുള്ളൂ. വാതിൽ തുറന്നു അകത്തേക്ക് കടന്നു . അടുക്കളയിൽ നേരിയ വെളിച്ചമുണ്ട്. എന്തായാലും മോറിയിൽ നിന്നും ഒരു ബക്കറ്റ് വെള്ളം എടുക്കാം. ഞാൻ മോറിയിലേക്ക് കാൽവച്ചപ്പോൾ അവിടെ പൂർണ്ണ നഗ്നയായ വിജയ ലക്ഷ്മി.
അവർ മോറിയിൽ ഇരുന്നു കുളിക്കുകയായിരുന്നു!!

പെട്ടെന്ന് എന്തുചെയ്യണം എന്നറിയാത്ത ഒരവസ്ഥ. കയ്യിൽ ബക്കറ്റുമായി ഞാൻ സ്തബ്ധനായി നിന്നുപോയി.നേരിയ പ്രകാശത്തിൽ വേഗം മോറിയിൽ നിന്നും എഴുന്നേറ്റ വിജയ ലക്ഷ്മിയുടെ വെള്ളത്തുളികളാൽ തിളങ്ങുന്ന നഗ്ന മേനി ഒരു വെണ്ണക്കൽ പ്രതിമപോലെ കണ്ടു. പക്ഷേ അതിൽ ഒരു കുറവ് വേഗം അറിഞ്ഞു. ഒരു മുലയുടെ കുറവ്. ഞാൻ അത് വേഗം തിരിച്ചറിഞ്ഞു.
നഗ്നയായിതന്നെ വിജയലക്ഷ്മി എന്നോട് ഒന്നും ചോദിക്കാതെ ബക്കറ്റിൽ വെള്ളം നിറച്ചു നൽകി. റൂമിൽ എത്തി കുളിച്ച് കസേരയിൽ ആ രംഗംആലോചിച്ച് ഇരുന്നു. നഗ്നയായ വിജയലക്ഷ്മി എന്തുകൊണ്ട് വേഗം നഗ്നത മറച്ചില്ല എന്നല്ല ഞാൻ ആലോചിച്ചത് , അതിൽ കാണാതെയായ ആ മുലയുടെ കാര്യം അതാണ്‌ ഞാൻ ആലോചിച്ച് ഇരുന്നത്.

അപ്പോൾ മുന്നിൽ ഒരു പാത്രത്തിൽ ഗണപതി പ്രസാദവുമായി വിജയലക്ഷ്മി.
“ഖോപ്പർ ഖരണ “
ബസ് കണ്ടക്ടർ വിളിച്ചു പറഞ്ഞപ്പോൾ ഞാൻ ഓർമ്മകളിൽ നിന്നുണർന്നു. ബസിറങ്ങി വാട്ടർ ടാങ്കിനു മുന്നിലെ ബദാം മരത്തിനു ചുവട്ടിൽ നിലക്കടല വിൽക്കുന്ന യൂ പി ക്കാരനോട് കടലവാങ്ങിക്കൊറിച്ചുകൊണ്ട് വീട്ടിലേക്കു പോകാതെ ഞാൻ അടുത്തുകണ്ട സിമന്റു ബഞ്ചിൽ ഇരുന്നു.
മനസ്സിൽ രാജുവിന്റെ അമ്മ വിജയ ലക്ഷ്മിയുടെ രക്തത്തിൽ കുതിർന്ന ഒറ്റമുല ആസ്വസ്ഥതയായി പടർന്നു കയറുന്നു.

നിർവികാരതയോടെ ഇന്നലെ അവരു പറഞ്ഞത് എന്റെ മനസ്സിലേക്ക് വീണ്ടും മുഴങ്ങി.
ഗണപതി പ്രസാദം നീട്ടിക്കൊണ്ട് വിജയ ലക്ഷ്മി പറഞ്ഞു
“എനിക്കറിയാം അജയൻ ഇപ്പോൾ എന്താണ് അആലോചിക്കുന്നതെന്ന്.”
“എന്റെ മുലയെക്കുറിച്ചല്ലേ”
ഞാൻ ഒന്നും മിണ്ടാതെ അവരെ നോക്കി.
“രാജുവിന്റെ അച്ഛൻ മുഴുക്കുടിയനായിരുന്നു. സംശയ രോഗിയും. എന്റെ വലിയ മാറിടങ്ങൾ അയാൾക്ക് ഇഷ്ടമില്ലായിരുന്നു. ഒരർത്ഥത്തിൽ അതെന്നിലെ പെണ്ണിന്റെ സൗന്ദര്യമായിരുന്നു.”
“അന്ന് ഞാൻ ഇന്നത്തേക്കാൾ സുന്ദരിയായിരുന്നു. രാജുമോന് ആറുവയസ്സ്. എന്റെ സൗന്ദര്യം രാജുവിന്റെ അച്ഛനെന്നും സംശയത്തിന്റെ കണ്ണിലൂടെയേ നോക്കി കണ്ടിട്ടുള്ളൂ. എന്നും പണികഴിഞ്ഞു വന്ന് എന്നെ ക്രൂരമായി മാർദ്ദിക്കുമായിരുന്നു.

ഒക്കെ സഹിക്കും അല്ലാതെ എന്തു ചെയ്യാൻ “
“അന്ന് നല്ല മഴയുള്ള ഒരു ദിവസമായിരുന്നു. ഭർത്താവ് എന്നെ ഉപദ്രവിക്കുന്നത് കാണാതിരിക്കാൻ മോനേ തൊട്ടടുത്തുള്ള ചിറ്റയുടെ വീട്ടിലാണ് മിക്കവാറും രാത്രി ഞാൻ ഉറങ്ങാൻ കിടത്താറ്..”
“ഷാപ്പിൽ നിന്നും മഴയിൽ നനഞ്ഞു കുളിച്ചാണ് അന്നയാൾ വന്നത്. കാലുകൾ നിലത്തുറക്കാൻ പാടായിരുന്നെങ്കിലും ആക്രോശത്തിനു യാതൊരു കുറവും ഇല്ലായിരുന്നു”
“വന്നതേ മുഖമടച്ചു എന്നെ അടിച്ചു. അടിയുടെ ശക്തിയിൽ ഞാൻ വേച്ചു നിലത്തു വീണു. അയാൾ എന്റെ വയറിനു മുകളിൽ കയറിയിരുന്നു വീണ്ടും ഇരു കവിളുകളിലും മാറി മാറി അടിച്ചു. മാറിടത്തിൽ നിന്നും എന്റെ ബ്ലൗസ് വലിച്ചു കീറി”

“വൈകുന്നേരം അയാളോട് ആരോ കള്ളുഷാപ്പിൽ എന്റെ മുലകളെക്കുറിച്ച് പുകഴ്ത്തി പറഞ്ഞതായി അയാൾ പുലമ്പുന്നത് ഞാൻ കേട്ടു. “
“അന്നു വാങ്ങിയ നീളമുള്ള മൂർച്ചയുള്ള കത്തി അയാൾ അരയിൽ നിന്നും പുറത്തെടുത്തു. നഗ്നമായ എന്റെ ഇടതു മുലയിൽ അയാൾ ഇടതു കൈകൊണ്ട് അമർത്തിപ്പിടിച്ചു. വേദനകൊണ്ട് ഞാൻ പുളഞ്ഞുഎങ്കിലും എനിക്ക് ഒന്നും മനസിലായില്ല. ഒരു നിമിഷം. എന്റെ ഇടതുമുല ആ മൂർച്ചയേറിയ കത്തികൊണ്ട് ഒരു നിമിഷം കൊണ്ടയാൾ അരിഞ്ഞെടുത്തു. അതുയർത്തി എന്നെ കാണിച്ചിട്ട് ആ മുല അയാൾ മുറിയുടെ മൂലയിലേക്ക് വലിച്ചെറിഞ്ഞു.”
“എനിക്ക് ബോധം നഷ്ടപ്പെട്ടില്ല. ഞാൻ കണ്ടു ആ മുറിയുടെ മൂലയിൽ രക്തത്തിൽ കുളിച്ച് ത്രസിച്ചു വിങ്ങി നിശ്ചലമായ എന്റെ ഇടതു മുലയെ.”
“ഞാൻ അലറിക്കരഞ്ഞു. നീറിപ്പിടഞ്ഞു ചോരച്ചീറ്റുന്ന എന്റെ മാറിൽ കയ്യമർത്തി ഞാൻ മുറിച്ചെറിഞ്ഞ എന്റെ സ്ത്രീത്വത്തെ കണ്ടു.”
“സകല ശക്തിയുമെടുത്ത് ഞാൻ ആർത്തു ചിരിക്കുന്ന അയാളെ ആ മരണ വേദനയിൽ കുടഞ്ഞെറിഞ്ഞു.”
“ഭിത്തിയിൽ തലയടിച്ചു വീണ അയാൾ അപ്പോഴും ചിരിച്ചുകൊണ്ട് എഴുനേൽക്കാൻ ശ്രമിച്ചു. എന്റെ വലതു മുലയറുക്കാൻ “
“ചോരവാർന്നുവീഴുന്ന മാറിൽ കയ്യമർത്തി ഞാൻ അയാളുടെ ചിറ്റയുടെ വീട്ടിലേക്ക് ഓടി. ബോധ രഹിതയായി അവിടെ വീണു. അയാളെ പോലീസ് പിടിക്കും എന്നു കരുതി അവർ എന്നെ ആശുപത്രിയിൽ എത്തിച്ചില്ല. നാട്ടുമരുന്ന് ചെയ്തു മുറിവുണക്കി. എനിക്കൊന്നും സംഭവിച്ചില്ല. പിന്നെ ചേച്ചി എന്നെ ഇവിടേയ്ക്ക് കൊണ്ടുവന്നു. കട്ടിയുള്ള പാഡ് ബ്രായിൽ ഞാൻ എന്റെ അഭംഗി മറച്ചു വച്ചു. ലോകത്ത് എന്റെ വീട്ടുകാരല്ലാതെ ഇപ്പോൾ നിങ്ങൾ മാത്രം ഇതറിഞ്ഞു. ഇതൊരു കഥയായി മറന്നേക്കൂ.

ലോകത്ത് മുലപറിച്ചെറിഞ്ഞ കണ്ണകിയും, മുല അരിഞ്ഞെറിയപ്പെട്ട ഒരു വിജയലക്ഷ്മിയും മാത്രം.”
രാജുവിന്റെ അമ്മ വിജയ ലക്ഷ്മി അജയൻ എന്ന എന്നെ നോക്കി ചിരിച്ചു.
ആ ചിരി ഒരു പെണ്ണിന്റെ, ഒരമ്മയുടെ സഹനത്തിന്റെ, ആർജ്ജവത്തിന്റെ ചിരിയായിരുന്നു. ആ ചിരി ഞാൻ നിങ്ങളുടെ മനസ്സുകളിലേക്ക് പകർത്തുകയാണ്. വേദന നിറഞ്ഞ എന്റെ മനസ്സിന്റെ തൂലികതുമ്പിലൂടെ.

ഇനി ഞാൻ കോപ്പർ ഖരണ ഗാവിലെ എന്റെ വാടക വീട്ടിലേക്ക് നടക്കട്ടെ. ഇപ്പോൾ എനിക്കൊരാൽപ്പം മനസുഖം തോന്നുന്നുണ്ട്. പിന്നിൽ ഗണേശ സ്തുതികൾ ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു. ഡാൻഡിയ ഡാൻസിന്റെ മനോഹരമായ ഈരടികളും.

By ivayana