എൻ.കെ.അജിത് ആനാരി
ഇത്തിരിച്ചായത്തിലൊത്തിരി ദു:ഖത്തെ –
യുള്ളിലൊളിപ്പിച്ചു നന്നായ് ചിരിച്ചിടും,
വെട്ടിത്തിളങ്ങും പ്രഭാപൂരമധ്യേയായ്
പൊൻപ്രഭയെന്നപോൽ തന്വി, തപിപ്പവൾ
ഒട്ടേറെ വേഷത്തിലെത്തിപ്പകർന്നാടി-
യൊട്ടേറെയാദരമേറ്റുവാങ്ങുമ്പഴും
ഉള്ളിൽ ജ്വലിക്കുന്നൊരഗ്നിയിൽ താന്തമായ്
നിന്നുരുകുന്നു കരിന്തിരിയായവൾ!
നാട്യം, ചതുഷ്ടയ ഭാവംവരിക്കേണ്ട
തീർത്തും സമർപ്പണം വേണ്ടതാം സത്കല
വേഷപ്പകർച്ചയ്ക്കു താനെ സമർപ്പിച്ചു
നാട്യത്തിലാണവൾ നാമറിയാത്തവൾ!
ഭാണ്ഡത്തിലാക്കിയൊളിപ്പിച്ചു വച്ചിടും
ഭാരങ്ങളൊക്കെയണിയറയ്ക്കുള്ളിലായ്
തീർത്തും പ്രസന്നയായ് സുസ്മിതയായിടും
വീഴ്ചയില്ലാതവൾ വേദിയിൽ വന്നിടും
പോക്കുവെയിലിൻ നിറം തന്നെയുള്ളവൾ
ഭാവങ്ങളെത്രയാ, ആനനം കാണുകിൽ!
രുദ്രയായ്, മാതൃത്വഭാവമായ്, കാമ്യമാ-
യെത്രയാവേഷങ്ങളാടിത്തിമിർക്കുവാൻ!
ഓർമ്മയും, സ്പഷ്ടസ്വരശുദ്ധി യർപ്പണം
താദാത്മ്യമേറും കഥാപാത്രമേതിലും
ജീവിതം സ്വന്തമായാടിത്തികച്ചിടാൻ,
ഓടുന്നു രാപ്പകൽ ഭേദമില്ലാതവൾ!
നോക്കുവോർക്കൊക്കെയുമൂർജ്ജം പകരുന്ന
ജാജ്വല്ല്യമായൊരു പൊൻവിളക്കാണവൾ
ചേർത്തണയ്ക്കാൻ നിന്നുവെമ്പും, പലരുമോ
തീർത്ഥമായ് ആചനം ചെയ്യാൻ കൊതിച്ചിടും
ആർക്കറിയാമവൾ പേറുന്ന ഭാണ്ഡത്തി –
ലേറെയും കണ്ണീർപ്പരലുകളെന്നത്
വേദിയിൽ നിന്നേെറെ വേദിയിലേക്കുള്ള
തീരാ പ്രയാണത്തിലാണവൾ പെൺമണി
ഓജസ്സും തേജസ്സും തീരുന്ന വൈകിയ
വേളയിലാർക്കുമേ വേണ്ടാതെയാകുവോൾ
നാടകക്കാരിക്കു നാട്ടിലും വീട്ടിലും ചേർ-
ത്തുനിർത്താനേതു കൈയിലുണ്ടാർദ്രത?