മായ അനൂപ്.🙏

ഇന്നലത്തെ ദുരന്ത ഭൂമിയിൽ നിന്നും എനിക്കുണ്ടായ ഒരു അനുഭവ കഥ….
ഇന്നലെ രാവിലെ, ഏകദേശം ഒരു
പത്തു മണിയോടടുത്ത സമയത്താണ്
എന്റെ ഫോണിലെ മെസ്സെഞ്ചെറിലേയ്ക്ക്
ആ വോയിസ് മെസ്സേജ് വന്നത്.

കുറെ കാലങ്ങളായി കോൺടാക്ട് ഇല്ലാതിരുന്ന ഒരു ഫ്രണ്ട് അയച്ചതായിരുന്നു ആ ശബ്ദം. “അവന്റെ അമ്മയെ തലേദിവസം ഉച്ച മുതൽ കാണുന്നില്ല” എന്നതായിരുന്നു ആ മെസ്സേജിന്റെ സാരാംശം.
ഏങ്ങലടിച്ചുള്ള കരച്ചിലിനിടയിൽ പുറത്തു
വന്ന ഏതാനും ചില വാക്കുകൾ….

എനിക്ക് എങ്ങനെ, എന്ത് പറഞ്ഞ് അവനെ ആശ്വസിപ്പിക്കണം എന്ന് അറിയില്ലായിരുന്നു….. അത്രയും സമയം കൂടെയുണ്ടായിരുന്ന സ്വന്തം അമ്മയെ പെട്ടെന്നൊരു നിമിഷം കാണാതായ സാഹചര്യത്തിൽ, ആ സമയം മുതൽ തിരഞ്ഞും അന്വേഷിച്ചും പ്രതീക്ഷ നഷ്ടപ്പെട്ട ഒരു മകന്റെ, കരഞ്ഞു കണ്ണുനീർ വറ്റിയ ഒരു മകന്റെ, അമ്മ എവിടെ, എന്ന് പോലും അറിയാൻ അത് വരെ കഴിയാതെയിരിക്കുന്ന ഒരു മകനെ, എന്തു പറഞ്ഞാണ് ഞാൻ ഒന്ന് ആശ്വസിപ്പിക്കുക. എങ്കിലും ഞാൻ പറഞ്ഞു….. ഒരു ആശ്വാസത്തിനായി… എന്തൊക്കെയോ കുറച്ചു പാഴ് വാക്കുകൾ….
ഫോൺ താഴെ വെച്ചതിനു ശേഷം മറ്റു ജോലികൾ ചെയ്യുന്ന നേരത്തും ആ ശബ്ദം എന്റെ മനസ്സിൽ നിന്ന് പോകുന്നതേ ഉണ്ടായിരുന്നില്ല. കുറേക്കാലമായി കോൺടാക്ട് ഇല്ലാതിരുന്നിട്ടു കൂടി അത്രയും തീവ്രമായ ഒരു ദുഃഖത്തിന്റെ സമയത്ത് എന്താവാം അവൻ എന്നെ അറിയിക്കാൻ തോന്നാൻ ഉണ്ടായ കാരണം….

എന്നിൽ നിന്നും എന്തെങ്കിലും ഒരു ആശ്വാസം കിട്ടുമെന്നുള്ള ഒരു വിശ്വാസം ആയിരുന്നിരിക്കാം. അല്ലെങ്കിൽ ആരോട് പറഞ്ഞാലാവും ഒരു ആശ്വാസം കിട്ടുക എന്നുള്ള ഒരു തോന്നലിലും ആവാം. എന്നിട്ടും എനിക്കൊന്നും ചെയ്യാൻ പറ്റിയില്ലല്ലോ എന്നുള്ള ചിന്ത എന്നെ വല്ലാതെ വേദനിപ്പിച്ചു. വിളിച്ചു വിവരം തിരക്കാമെന്ന് വിചാരിച്ചു നോക്കിയപ്പോൾ മാത്രമാണ് എന്റെ കൈയ്യിൽ നിന്നും അവന്റെ ഫോൺ നമ്പർ നഷ്ടപ്പെട്ടിരുന്നു എന്നുള്ളത് ഞാൻ അറിയുന്നത്. അതിനാൽ കുറച്ചു കഴിഞ്ഞപ്പോൾ, ഞാൻ അവനോട്‌ മെസ്സേജ് ആയി തന്നെ പറഞ്ഞു. നീ മുഴുവൻ ഡീറ്റെയിൽസും എന്നോട് പറയൂ. ഞാൻ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടു നോക്കാം എന്ന്. അതിന് മറുപടി ഒന്നും കണ്ടില്ല. കുറേ സമയം കഴിഞ്ഞപ്പോൾ അതിന് എനിക്ക് അവന്റെയൊരു റിപ്ലൈ വന്നു. ” ഇനി എന്തിനാ…. എല്ലാം കഴിഞ്ഞു” എന്ന്. അപ്പോഴേക്കും, അവരുടെ വീടിന്റെ മുറ്റത്തോട് ചേർന്ന് ഉണ്ടായ ഉരുൾപൊട്ടലിൽ ഒലിച്ചു പോയ ആ അമ്മയുടെ മൃതശരീരം കണ്ടെത്തി കഴിഞ്ഞിരുന്നു. കരയരുത് എന്നോ സമാധാനമായി ഇരിക്കാനോ എനിക്ക് പറയാൻ കഴിയില്ലല്ലോ. അത് കൊണ്ട് ഞാൻ അവനോട് പറഞ്ഞു.നീ കുറെ കരയൂ….നിന്റെ ദുഃഖഭാരം കുറച്ചൊന്നു കുറയട്ടെ എന്ന്.
മിനിഞ്ഞാന്ന് ഉണ്ടായ ഒരു ഉരുൾപൊട്ടലിൽ സ്വന്തം അമ്മയെ പെട്ടന്ന് ഒരു നിമിഷം നഷ്ടപ്പെട്ട ഒരു മകന്റെ കഥയാണ് ഞാൻ പറഞ്ഞത്.

ഇത് പോലെ എത്രയെത്ര മക്കളുടെ…..
എത്രയെത്ര അച്ഛനമ്മമാരുടെ ….
എത്രയെത്ര സഹോദരീ സഹോദരൻമാരുടെ അലറിക്കരച്ചിലുകളാണ് ഓരോ ദുരന്തഭൂമികളിലും മുഴങ്ങി കേൾക്കുന്നത്….
അങ്ങനെയാണ്…. ദുരന്തങ്ങളും വേർ പെടലുകളും നഷ്ടപ്പെടലുകളും നമ്മുടെ ശരീരത്തെയും മനസ്സിനെയും ആകെ തളർത്തുന്നു. അമ്മയെ നഷ്ടപ്പെട്ട ആ ദുഃഖത്തിൽ, 35 വയസ്സുള്ള ആ മകൻ പോലും, അമ്മയെ നഷ്ടപ്പെട്ട ഒരു പിഞ്ചു പൈതൽ മാത്രമായി മാറുന്നു. ഇതു തന്നെയാണ് നമ്മുടെ ഓരോരുത്തരുടെയും അവസ്ഥ.
എന്തൊക്കെ ഉണ്ടെങ്കിലും, ഇത് പോലെയുള്ള ചില ജീവിത സാഹചര്യങ്ങളിൽ നമ്മൾ ഒന്നുമേ ഇല്ലാത്തവരായി മാറുന്നു…. എത്ര പണമുണ്ടെങ്കിലും….. എത്ര വിദ്യാഭ്യാസം ഉണ്ടെങ്കിലും… എന്ത്‌ ജോലി ഉണ്ടെങ്കിലും…

പിന്നെ എന്തിനായി നമ്മൾ കലഹിക്കണം…..
എന്തിനായി നമ്മൾ മത്സരിക്കണം…. എന്തിനായി നമ്മൾ അഹങ്കരിക്കണം….
പ്രിയ സുഹൃത്തേ നിന്റെ ദുഃഖത്തിൽ ഞാനും പങ്ക് ചേരുന്നു…
എങ്കിലും, നിന്റെ അനുവാദം വാങ്ങാതെയാണ് ഞാൻ നിന്റെ കഥ എഴുതിയത്…..
ഹൃദയപൂർവ്വം സോറി 🙏

By ivayana