ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

വൈഗ ക്രിസ്റ്റി*

ആത്മാവിൻ്റെ
ആഴമുള്ള രണ്ടു കണ്ണുകൾ കൊണ്ടാണവരെ
ഞാൻ കണ്ടത്
പുലരുന്ന ആകാശത്തിൻ്റെ
നിഴൽ പോലൊരുവൾ
നഗരത്തിലെ
മാലിന്യം നീക്കുന്ന സ്ത്രീയായിരുന്നു
അവർ
ആരും നോക്കിനിന്നുപോകുന്നത്ര
സുന്ദരിയായിരുന്നില്ല അവർ
ഉപേക്ഷിച്ചു പോയതോ ,
രോഗിയോ,
മറ്റൊരുവളുടെ കാമുകനോ
ആയ ഭർത്താവുള്ള
ഏതൊരുവളുടെയുമെന്ന പോലെ
അവളുടെ കണ്ണുകളിൽ
ഒഴുകിത്തളർന്നൊരു പുഴയുണ്ടായിരുന്നു
അവളുടെ നോട്ടത്തിൽ നിന്നും
രണ്ടു സൂചികൾ നീണ്ടു വന്നിരുന്നു
ഒരു പൊതിച്ചോറിനോ
വിലകുറഞ്ഞ ഒരു മിഠായിക്കോ
ഒരു കീറയുടുപ്പിനോ വേണ്ടി
നാണമില്ലാതെ
വഴക്കടിക്കുകയും
കാറിക്കരയുകയും
പരസ്പരം തെറി പറയുകയും
ചെയ്യുന്ന ,
രണ്ടോ മൂന്നോ കുട്ടികളുള്ള
അമ്മയെ പോലെ
അവളുടെ ചിരി
നടുക്ക് വച്ച് തേഞ്ഞിരുന്നു
അവരുടെ
ഉപ്പൂറ്റികൾ വിണ്ടു പൊട്ടുകയും
അതിൽ നിന്നും
നിശ്ശബ്ദമായൊരു പ്രളയമിറങ്ങി
നഗരത്തെ മുക്കിക്കളയുകയും
ചെയ്തിരുന്നു
അതിരാവിലെയവർ
ചവറുകൂനയ്ക്കരികിലുണരുകയും
തലേന്നത്തെ നഗരത്തെ
തുടച്ചു മാറ്റി
പുതിയൊന്നിനെ സ്ഥാപിക്കുകയും
ചെയ്തു
മനുഷ്യരുടെ ഇരമ്പം അവരെ
പരിഭ്രമിപ്പിക്കുകയും
ഒരു കാട്ടുമൃഗത്തെ പോലെ
അവർ പിൻവാങ്ങുകയും ചെയ്തു
നഗരമൊരിക്കലും
അവരെ കണ്ടിട്ടേയുണ്ടായിരുന്നില്ല
അതിന് ,
ആത്മാവിൻ്റെ ആഴമുള്ള
രണ്ടു കണ്ണുകളില്ലായിരുന്നു

By ivayana