നിസാം കിഴിശ്ശേരി*

ചൈനാങ്കുന്നിന്റെ മോളീന്ന്
എറങ്ങി വര്ണ സൂപ്പ്യാജീന്റെ
വാങ്കിന്റൊപ്പാണ് ഞങ്ങളെ
നബിദിനം തൊടങ്ങാറ്.
അല്ലാഹു അക്ബർ..
അല്ലാഹു അക്ബർ..
കേൾക്കുമ്പം തന്നെ കുഞ്ഞോനും
ഞാനും പള്ളീക്കോടും
“ബാക്കിണ്ടെങ്കീ ലേശട്ടോ”
അയലത്തെ സീനത്ത വിളിച്ച് പറയും
നുണച്ചീന്ന് ഞങ്ങൾ
അടക്കം പറീമ്പോ_
വല്ല്യുമ്മ അത് തിരുത്തും
“മൗലൂദ്ന്റെ കുലാവീല് ബറക്കത്തുണ്ടുട്ട്യേ”
ഇശാ കഴിഞ്ഞ്
മൗലൂദിന് ആള് കൂടും
“മുന്നിലെ സ്വഫാര്ക്ക് വല്ല്യ കൂല്യാ”
വല്ല്യുപ്പാന്റെ മുഖോർക്കും
കുത്തീം തിക്കീം മുന്നിലെത്തീട്ട്
ഈണത്തിലോത്ണ
മുക്രീന്റെ കൂടെ
ഞങ്ങളും വാ കീറും
മൗലൂദ് കഴിഞ്ഞ്,
കുലാവിക്കോട്ണ ഞങ്ങളേം നോക്കി മൂത്തോല് പറിം
ആക്രാന്തം.. ആക്രാന്തം..
ഗ്ലാസിലെ, അവസാന തുള്ളീം
വീഴാൻ വാ പൊളിക്ക്ണ
കുഞ്ഞോനെ ഞാൻ കളിയാക്കും
തൊള്ള നെറയെ കുലാവിയായി
ഓൻ ചിരിക്കും
ചിറി തുടച്ച് സീനത്താക്കുള്ളതുമായി
ഞങ്ങള് മടങ്ങും
നബി ദിനത്തിന്റെ തലേന്ന്
കുട്ട്യാളെല്ലാരും മലകേറും
വല്ല്യുപ്പാന്റെ പഴേ അരിവാള്
അരേ തിരുകും
“ഈന്തുംപട്ട കൊണ്ടരണം,
കൊടി കെട്ടാന്”
ഉസ്താദിന്റെ വാക്കോർക്കും
ഈന്ത് വെട്ടി മുള്ള് തറയുമ്പോ,
വെച്ച് കുത്തി കാല് മുറിയുമ്പോ
കുഞ്ഞോൻ കരയും
ഊതിയൂതി ചോര നിർത്താൻ
ഞാൻ വിയർക്കും
വെട്ടി, കെട്ടിയ
ഈന്തുംപട്ട ചുമക്കുമ്പോ
കുഞ്ഞോൻ പറിം കനണ്ടെന്ന്
കിതച്ച് തുപ്പി എന്നെ നോക്കുന്ന
ഓൻ്റെ ചെവിയിൽ
ഇതിനൊക്കെ പടച്ചോൻ
കൂലി തരൂംന്ന് ഞാൻ മന്ത്രിക്കും
മൗലൂദ് കഴിഞ്ഞ് ഒച്ചേം ബഹളോയി
മദ്റസ നെറഞ്ഞന്ന്
വൈകി ഞങ്ങള് പൊരേലെത്തും
“പെൽച്ചക്ക് വുൾച്ചണം”
തഹജ്ജുദ്നീച്ച്ണ
വല്ല്യുമ്മാനോട് കരാറ് വെച്ച്
ഉറങ്ങാൻ കിടക്കും
നബിദിനത്തിന്റന്ന്,
ന്നേം കുഞ്ഞോനീം ഉമ്മച്ചി
വേഗം വിളിക്കും
എണീറ്റ്, കുളിച്ചൊരുങ്ങി
ഞങ്ങള് ചമയും
അട്ക്കളപ്പൊറത്ത്ന്ന്
തുളയില്ലാത്ത കീസ് കീശേൽ
തിരുകും
അല്ലാഹു അക്ബർ..
കുന്നിന്റെ മോളീന്ന്
സൂപ്പ്യാജി നീട്ടും
മൗലായ സ്വല്ലി വസാ..
സുബ്ഹ് കഴിഞ്ഞ് മുക്രി
പിന്നേം ചൊല്ലും
എറച്ചീം പത്തിരീന്റേം
മധുരത്തോടെ ഞങ്ങളും
ഏറ്റ് ചൊല്ലും
“ലിം താഇ മൻ അബദാ”..
മീലാദ്ന്റെ നീണ്ട റാലീല്
ഞങ്ങളും നിക്കും
കൊടി പിടിക്കും
യാനബീ സലാം..
താളത്തിൽ ചൊല്ലി പതിയെ നടക്കും
നടന്ന്, നടന്ന് റാലി
പൊരന്റടുത്തെത്തുമ്പോ
കുഞ്ഞോനും ഞാനും
ഉമ്മച്ചീനെ നോക്കും
കൈ വീശും
പെണ്ണ്ങ്ങൾക്കെടേന്ന്
ഞങ്ങളേം നോക്കി ഉമ്മച്ചി ചിരിക്കും
ഇഴഞ്ഞിഴഞ്ഞ് റാലി
അവറാക്കാന്റെ പീട്യേലെത്തുമ്പോ
തിണ്ണേല്,
നാല് ബീത്തെ അപ്പുണ്ണീനെ കാണും
വീർത്ത കീസീന്ന് മുട്ടായിട്ത്ത്
ഓന് കൊടുക്കും
ഓന്റെ കണ്ണില് തെള്ക്കം നെറയും
ഞങ്ങളത് കണ്ടോണ്ടിരിക്കും
രാത്രീല്,
ആണുങ്ങളും പെണ്ണുങ്ങളായി
സ്കൂൾ മുറ്റം നെറയും
ആദ്യായിട്ട് സ്റ്റേജീ കേറ്ണ
കുഞ്ഞോൻ ഇടക്കിടക്ക് പറയും
“പാത്താൻ മുട്ട്ണ്”
“അഹമ്മദ്,
ക്ലാസ് അഞ്ച്, സിംഗിൾ ഗാനം”
ചെവീല് മുഴങ്ങിയ
പേര് കേട്ട് ഞാൻ നടുങ്ങും
ചെന്നിട്ട് സ്റ്റേജീ കേറും
“അസ്സലാമു അലൈക്കും”
ഉമ്മച്ചിരിക്ക്ണടത്തേക്ക് നോക്കീട്ട്
ഉറക്കെ പറയും
പരിപാടി കഴിഞ്ഞ് ദുആയും കഴിഞ്ഞ് ഉറക്കം പിടിച്ചും ഞങ്ങള്
ചെവിയോർത്തിരിക്കും
മൈക്കെടുത്ത്,
സ്വദറുസ്താദ് ഉച്ചത്തിൽ പറയും
“മദ്റസ നാളെ ലീവാണ്”
മാവിന്ററ്റത്തെ കോളാമ്പീലൂടെ
അത് നാടാകെ കേൾക്കും
മദ്റസ നാളെ ലീവാണ്..
നാളെ ലീവാണ്..
കുന്നിന്റെ മോളീന്ന് സൂപ്പ്യാജി
അപ്പഴും വിളിക്കും
അല്ലാഹു അക്ബർ..
അല്ലാഹ്..

By ivayana