രചന : ശ്രീകുമാർ എം പി*
മനുഷ്യ, നിനക്കെന്നെ
നേരെയറിയില്ല
മാസ്മരലഹരി
പടർത്തും മദ്യമായ്
മദിപ്പിച്ചു നിന്നെ
പുണർന്നു കൊല്ലും ഞാൻ.
എന്നിൽ രമിയ്ക്കുന്നു
എന്നിൽപ്പടരുന്നു
എന്നോടു ചേർന്നു പി
ന്നെന്നിൽ ലയിയ്ക്കുന്നു.
എങ്കിലും നിനക്കെന്നെ
നേരെയറിയില്ല !
നീയ്യെന്നെ യറിയും
നാൾ വരുമന്നേരം,
നിന്നിലെ നിൻ പിടി
നിന്നിലുണ്ടാകില്ല.
നിന്റെ ഞെരമ്പിലെ
ശക്തിയും വീര്യവും
ഞാനെന്ന ലഹരി
മാത്രമായിരിയ്ക്കും.
നിന്റെ മനസ്സിലെ
അഗ്നിയും ശോഭയും
ഞാനെന്ന ലഹരി
മാത്രമായിരിയ്ക്കും.
നിന്റെ ശിരസ്സിലെ
ബുദ്ധിയിലെന്നുടെ
മാസ്മര ശക്തികൾ
ഫണം വിടർന്നാടും !
നിൻ കൈവിരലുകൾ
നിവർന്നു നില്പാനായ്
ഞാൻ വേണമെപ്പോഴും
ഇല്ലായെന്നാകിലൊ
വിറയാർന്നു തുള്ളും
വിരൽത്തുമ്പു നോക്കി
വിതുമ്പാനുമാകാ
താർത്തനായീടും നീ.
കാഴ്ചതൻ വെട്ടം പോയ്
ഉമിനീരു വറ്റി
തൊണ്ട വരണ്ടേറെ
വെപ്രാളപ്പെട്ടിടും
ആരോഗ്യം സമ്പത്ത്
സന്തോഷം സൗന്ദര്യം
മനശ്ശാന്തി മാനം
വിശ്വാസം വിവേകം
സമയ മായുസ്സു
മൊക്കെ കവർന്നെടു
ത്തൊന്നിനും കൊള്ളാത്ത
പാഴ്ജൻമ മാക്കും ഞാൻ.
മാസ്മര ലഹരി
പടർത്തി നിന്നിൽ നി-
ന്നെല്ലാം കവർന്നിട്ടു
മൃത്യുവിലെത്തിയ്ക്കും.
എന്നെ നുകരുമ്പോൾ
നിന്നെ മറക്കും നീ
നിന്നിൽ പടരും ഞാൻ
കൊടും വിഷാഗ്നിയായ് !
മനുഷ്യ, നിനക്കെന്നെ
നേരെയറിയില്ല
മാസ്മര ലഹരി
പടർത്തും മദ്യമായ്
മദിപ്പിച്ചു നിന്നെ
പുണർന്നു കൊല്ലും ഞാൻ !