സർക്കാര് വെച്ചൊരു ” ആപ്പി”ൻ കഥ കേട്ട്
ചങ്കുപൊടിയുന്നു കൂട്ടുകാരേ
എത്രയോ നേരമായി ഈ കടത്തിണ്ണയിൽ
ആപ്പിനെ തേടിയിരിയ്ക്കുന്നു ഞാൻ
മാസമോ രണ്ടായി തൊണ്ട നനച്ചിട്ട്,
മീശ പിരിച്ചു ഞാനാളായ്ച്ചമഞ്ഞിട്ട്
“ക്യു “വിന് പിന്നാലെ മര്യാദ പാലിച്ചു
എന്നിട്ടും “കുപ്പി” എനിയ്ക്കവർ തന്നില്ല.
കണ്ണൊന്നുരുട്ടി കച്ചോടക്കാരനും
ആപ്പുണ്ടോ കയ്യിൽ, കുപ്പി തരാന്ന് .
ഏറെ മുഴുത്തൊരു ഫോണും പിടിച്ചോണ്ട്
നീണ്ടുമെലിഞ്ഞൊരു പയ്യൻ പറഞ്ഞു.
കൊച്ചേട്ടാ വീടിൻ്റെ മച്ചിലിരിയ്ക്കുന്ന
ഉരുപ്പടിയൊന്നിലൊരാപ്പുണ്ടാക്കൂ
എത്രയും പെട്ടെന്ന് വീട്ടിലോ ചെന്നിട്ട്
നല്ല കഴുക്കോലിൽ ആപ്പുണ്ടാക്കി.
ചന്തൂനെ തോൽപ്പിക്കാനാവില്ല മക്കളേ
മമ്മുക്ക വീശിയ വാക്കൊന്നതോർത്തു.
കയ്യിൽ കരുതിയ “രണ്ടാ”പ്പെടുത്തിട്ട്
കച്ചോടക്കാരൻ്റെ മുന്നിലായ് നീട്ടി
ഇത്രയും വലിയൊരു ആപ്പാണോ താനെന്ന്
പൊട്ടിച്ചിരിച്ചു കൊണ്ടാരോ പറയുന്നു.
വീട്ടിലോ ചെന്നാലോ ഭാര്യയ്ക്കും പരിഹാസം
തലയിൽ കയറ്റിയൊരാപ്പാണ് താനെന്ന്.