രചന :- ബിനു. ആർ*

ഒറ്റയടിപ്പാതയിലൂടെ
നടന്നുപോയീടവേ
ഒറ്റയായിപോകുന്ന-
തറിയുന്നൂ മനമെല്ലാം.
ചിന്തകളെല്ലാം നമ്ര-
ശിരസ്കരായീടവേ,
കാണുന്നതെല്ലാം
പൊള്ളിയടർന്ന
ചന്തമില്ലാത്ത
ചിതറിത്തെറിച്ച
വർണ്ണങ്ങളാകുന്നൂ..
ലോകത്തിൽ സ്വയം-
പ്രഭനാകണമെന്നു
നിനച്ചീടിൽ
സ്വാർഥതയുടെമീനച്ചൂടിൽ
വെന്തുരുകീടണം.
അകലങ്ങളിൽ നീലാകാശത്തിൽ
കാണുന്ന നുറുങ്ങിയ
വെണ്മേഘങ്ങളെല്ലാം
അകമേ ഉരുണ്ടുകൂടുന്ന
ഏകാന്തചിന്തകളായിരിക്കാം..
ഒറ്റയടിപ്പാതയുടെ ഇരു-
വശങ്ങളിലുമുള്ള
ഒറ്റതിരിഞ്ഞപൊന്തകളിൽ
സ്വാർത്ഥതപോൽ
ഒറ്റതിരിഞ്ഞ കുശലരാം
കുറുക്കന്മാരാകാം.
നന്മനിറഞ്ഞ മനസ്സി-
ന്നുടമയാകണമെങ്കിൽ
നല്ല വിശാലമാം വീഥിയിലൂടെ
ശാന്തമായ് നടന്നീടണം
സ്വപ്നങ്ങളെല്ലാം
വിരിഞ്ഞീടണമെങ്കിൽ
ഉലകിൽ തപ്തമാം
നീലവിഹായസ്സുകണ്ടീടണം,
അതിൽ ചെറുശകലങ്ങൾ
പോൽ, വെൺമേഘങ്ങൾ
ചിറകു വിടർത്തിപറ –
ന്നീടുന്നതുകാണുമാറാകണം..
അതിനിടയിലൂടെ
വെൺ കൊറ്റികൾ
പ്രഭാകിരണനാൽ
വെള്ളിനിറമാർന്ന്
അകലങ്ങളിൽ നിരനിര –
യായിപോകുന്നതുകണ്ടു
മനസ്സുനിറഞ്ഞീടണം.
ഒറ്റയടിപ്പാതയിലൂടെ
അനേകം കാതങ്ങൾ
നടക്കാമെന്നാകിലും
വിശാലമാം കാഴ്ചപ്പാടുക-
ളുണ്ടാകണമെങ്കിൽ
വീതിയേറിയ വീഥികളിൽ
ചെന്നീടണം.

By ivayana