ഷാജു. കെ. കടമേരി*
ചങ്ക് പൊട്ടി പുളയുന്ന
കാലത്തിന്റെ നെഞ്ചിലൂടെ
കലിതുള്ളിയുറഞ്ഞ
മഴക്കണ്ണുകൾ
ആകാശവാതിൽ
ചവിട്ടിതുറന്ന്
കണ്ണീർതുള്ളികൾ
കവിത വരച്ച് വച്ച
ഭൂമിയുടെ മടക്കുകളിൽ
ആർത്തലച്ച്
പാതിമുറിഞ്ഞ നിലവിളിയായ്
ഇടവഴികളും,റോഡും,തോടും
കവിഞ്ഞ് കുതറിപിടയുന്നു.
കരയുന്ന ഇന്നിന്റെ
ശിരസ്സിൽ ചവിട്ടി
പേപിടിച്ച കാറ്റിന്റെ
തോളിൽ കയറി
കടലിന്റെ മക്കൾക്ക്
സങ്കടചീന്തുകൾ
വാരിയെറിഞ്ഞ്
ദുരന്തചിത്രങ്ങളായ്
കാലചക്രത്തിന്റെ
നെഞ്ച് മാന്തിപൊളിക്കുന്നു.
അനാഥനോവുകളിൽ ചവിട്ടി
പൊട്ടിയൊലിച്ച്
കുതറിവീഴുന്ന മഴ
നെഞ്ചിൽ വിരിയുന്ന
കൊടുങ്കാറ്റിന്റെ
ആഴങ്ങളിൽ ദിശതെറ്റി
ചോർന്നൊലിച്ച്
കൊടുംവെയിൽ
നിവർത്തിയിട്ട
ജീവിതതാളിൽ
മുറിവുകളുടെ ചിത്രം
വരയ്ക്കുന്നു.
കലികാലഭൂപടത്തിന്
മീതെ വരഞ്ഞ
മഴച്ചിത്രങ്ങളിൽ
കരഞ്ഞ് കലങ്ങിയ
കണ്ണുകളുമായ്
ഇരുൾക്കയങ്ങളിൽ
തലയിട്ടടിച്ച് പിടയുന്ന
നെഞ്ചിടിപ്പുകൾ.
ചെവിപൊട്ടിയെത്തുന്ന
വാർത്തകൾക്ക് നടുവിൽ
നമ്മളൊറ്റയ്ക്കിരിക്കുമ്പോൾ
ഓരോ നിമിഷവും
തീചൂടി നിൽക്കുന്ന
ഇന്നിന്റെ നെറുകയിൽ
മഴച്ചിറകുകൾ വിരിച്ച്
പ്രളയനോവുകളിലേക്ക്
കുതിക്കുന്നു.
ദുരന്തവിലാപങ്ങൾ
കൊളുത്തിട്ട
ശപിക്കപ്പെട്ട നിമിഷങ്ങളിൽ
ഇരുള് കോരിയെടുത്ത
മൗനം പുതച്ച്
തോരാത്ത സങ്കടക്കടലിൽ
കൈകാലിട്ടടിച്ച്
തുഴയുന്ന ജന്മങ്ങളിൽ
അഗ്നിവർഷമായ്
വീണ്ടും കുത്തിയിറങ്ങുന്നു
കൊടുംമഴക്കിനാവുകൾ.