അശോകൻ പുത്തൂർ*

നരകത്തിലെ
കയറ്റിറക്കു തൊഴിലാളികൾ
സമരത്തിലായതിനാൽ
ഇവിടെ ഇപ്പോൾ ഭക്ഷ്യക്ഷാമമാണ്……..
അടുത്ത് ആരെങ്കിലും വരുന്നുണ്ടെങ്കിൽ
നല്ല വരിക്കച്ചക്ക ഉണ്ടെങ്കിൽ
കൊടുത്തയക്കുക…………
അരവിന്ദന്റെ തമ്പിൽ
രണ്ടുദിവസം മുന്നെ
കാവാലത്തിന്റെ
അവനവൻ കടമ്പയുണ്ടായിരുന്നു.
ഗോപിയും നെടുമുടിയും കലാനാഥനും
അരങ്ങിൽ പൂണ്ടുവിളയാടി
ഇന്നലെ
സ്വർഗ്ഗത്തിലെ ഉത്സവനാളിൽ
പൊറാട്ട് നാടകം കണ്ടുമടങ്ങുമ്പോഴാണ്
ഉത്സവപ്പറമ്പിൽ
ഓടക്കുഴൽ വിറ്റുനടക്കുന്ന
ചങ്ങമ്പുഴയെ കണ്ടത്.
നന്നായി മെലിഞ്ഞ്
ഊശാന്താടി നീട്ടിവളർത്തിയിട്ടുണ്ട്.
പ്രേമനൈരാശ്യത്തിൽ സങ്കടപ്പെടുന്നോർക്ക്
തൂങ്ങിമരിക്കാൻ
താടിരോമം പിഴുതുവിറ്റ് സമ്പന്നനായത്രേ!
തകഴിച്ചേട്ടന്റെ
ചെമ്മീൻ കമ്പനിയിൽ
അരിവെപ്പുകാരിയാണ് കറുത്തമ്മ.
പരീക്കുട്ടി ചെറിയൊരു
ചായക്കട നടത്തുന്നു.
കറുത്തമ്മയും പരീക്കുട്ടിയും
മിണ്ടാറേ ഇല്ലത്രേ
വിജയേട്ടൻ
തസ്രാക്കിലെ കരിമ്പനകളെ ധ്യാനിച്ച്
പനനൊങ്ക് കച്ചോടമാണ്.
ചിലപ്പോൾ
ദാർശനിക വ്യഥകളൊന്നുമില്ലാതെ
മീനില്ലാകുളത്തിൽ ചൂണ്ടയിടുന്നത് കാണാം.
മൂപ്പര് സ്വർഗത്തിലെ ഗുണ്ടയാണത്രേ
കൂടെ കിരീടത്തിലെ
കൊച്ചിൻ ഹനീഫയുമുണ്ട്
ബഷീർക്കാ
ആടുകച്ചോടവുമായി
ഒരുവിധം പച്ചപിടിച്ചു വരുന്നു
കഴിഞ്ഞയാഴ്ച്ച കുറേ ആടുകൾ ചത്തു
കുളമ്പ് രോഗമായിരുന്നത്രേ.
മിനുങ്ങിയ ദിവസം
കുന്നിൻ ചരുവിലിരുന്ന്
സോജാ രാജകുമാരി
പാടുന്നത് കേൾക്കാം
ഉണ്ണീരിമുത്തപ്പനും കമ്മളൂട്ടിയും
കള്ളുചെത്തും പൊരുത്തുകച്ചോടവുമായി
കഴിഞ്ഞുകൂടുന്നു.
കഴിഞ്ഞയാഴ്ച്ച മുത്തപ്പനെ കാണാൻ
കോവിലനെത്തിയിരുന്നു.
ഗുരുദക്ഷിണയായി ഒരേറ് കന്നുംകിടാരിയും
ഒരു മാട്ടകള്ളും മുന്നിൽവച്ച്
മുത്തപ്പനും കമ്മളൂട്ടിയും
താണുതൊഴുതു നിന്നത്രേ.
സൃഷ്ടാവിന് സൃഷ്ടികളുടെ സമർപ്പണം
ഇഷ്ടികക്കളത്തിൽ
പണിക്കുപോകുന്ന ഞങ്ങൾക്ക്
നല്ലൊരു വീട് വെക്കാനായിട്ടില്ല.
മക്കൾ രണ്ടുപേരും
ഇംഗ്ലീഷ്മീഡിയത്തിലാണ്.
പിന്നെയൊരു തമാശയുണ്ട്
പൊറാട്ട് നാടകത്തിൽ
സത്യൻസാർ കുറവനും
നസീർസാർ കുറത്തിയും
ഗോവിന്ദൻകുട്ടി കള്ളനുമാണ്.
ജയന്റെ പോലീസ്
ദൈവങ്ങൾക്കും മാലാഖമാർക്കും ഹരമാണ്.
വിമലയും രാച്ചിയമ്മയും
ഇപ്പോഴും കാത്തിരിപ്പ്തന്നെയാണോ?
നിന്റെ വിശേഷമെങ്ങനെ
നാലുകെട്ട് ഇടിച്ചുനിരത്തിയോ?
ഒറോതയോടും മയ്യഴിയിലെ തുമ്പികളോടും
അന്വേഷണം പറയുക.
മറുകുറി ഉടൻ എഴുതുമല്ലോ……
സ്നേഹത്തോടെ
സ്വർഗത്തിൽനിന്ന്
ദാസനും ചന്ദ്രികയും 🌹

By ivayana