ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

വിനോദ് കുമാർ*

“എന്താ ഇങ്ങനെ കണ്ണും തുറിച്ചു നോക്കിയിരിക്കുന്നത്??”
“കണ്ണ് ചിമ്മുന്ന നിമിഷം കൊണ്ടു നീ എങ്ങോട്ടും പറന്നു പോകാതിരിക്കാൻ??”
” അതിന്നെനിക്ക് ചിറകില്ലല്ലോ കോങ്കണ്ണാ… “
” ഇനിയിപ്പോ ചിറകുണ്ട് ന്ന് തന്നെ കരുതുക
എന്നേ കൂട്ടിലടക്കാതെ!! തുറന്നു വിടണ്ട??!!”
“എന്റെ ദിനങ്ങൾക്ക് പിന്നെ വെളിച്ചം കാണാൻ കഴിയില്ല…വസന്തകാലം മുഴുവൻ ഇരുട്ടിൽ തപ്പിനടക്കേണ്ടി വരും…”!!!
“വസന്തത്തോട്‌ മാത്രം തോന്നുന്ന അന്ധതയോ??”
“വസന്തത്തോട്‌ തോന്നുമ്പോഴാണ്‌ അന്ധത ഏറ്റവും ക്രൂരമാവുന്നത്..”
“അത്രയ്ക്ക് ഇഷ്ടമാണോ എന്നെ??
ഒരു ചാറൽമഴത്തുള്ളി പോലെ നീയെന്റെ കൺ പീലികൾക്കു മുകളിൽ ഉണ്ട്‌….
ആ മുഖം കണ്ടെത്തനാണ് ഞാൻ ഇത്രേം അലഞ്ഞിരുന്നത് . കണ്ടു മറന്ന ചില ഓർമ്മകൾ… പലപ്പോഴും ഓർമ്മകളിൽ
കടന്നരിക്കാറുണ്ട് എഴുതിക്കഴിഞ്ഞാൽ “ഞങ്ങൾ അല്ലെ അത് ” എന്ന് ചോദിച്ചു എന്നെ കാണാൻ വരാറുണ്ട്!. വായനയുടെ/ ഏകാന്തതയുടെയും നരകജാലകങ്ങളിലാണു എപ്പൊഴും…അവിടെ നിന്ന് ചിലപ്പോഴെങ്കിലും കുതറിച്ചാടുമ്പോൾ, ഒഴിഞ്ഞ വെള്ളക്കടാലാസുകളും എന്നെ പ്രലോഭിപ്പിക്കും. എഴുത്ത്‌ അനിവാര്യമാണെന്നും പറഞ്ഞ് അതെന്നെ ഓർമ്മകളിലെ വേദനകളുടെ ശിക്ഷാമുറികളിലേക്ക് തള്ളിയിട്ട് പുറത്തു നിന്നും ഓടാമ്പൽ ഇളക്കി അടക്കാറുണ്ട്…!!
“പെണ്ണേ… ഒരാൾക്ക് മറ്റൊരാളോട് സ്നേഹം ഭ്രാന്തമായി തോന്നുമ്പോഴല്ലേ , ജീവിതം അതിന്റെ ഏറ്റവും മനോഹാരിതയിൽ ജീവിക്കുവാൻ അങ്ങനെയൊരാൾ ഹേതുവാകുമ്പോഴല്ലേ ശെരിക്കും പ്രണയം ഉണ്ടാകുന്നത്.. “
“ഈ ഭാഷയൊന്നും എനിക്കു മനസ്സിലാവില്ല..
ഉന്മാദത്തിന്റെ വിജയ ദിവസങ്ങളിൽ പിടിച്ചു ജീവിതത്തിന്റെ അന്തമില്ലാത്ത ഇരുട്ടിലേക്ക് നോക്കി ഞാന്‍ തലയ്ക്കുള്ളിലെ ഭ്രമണം സ്വയം അറിഞ്ഞിട്ടുണ്ട് പണ്ട്….
ജീവിതത്തിന്റെ വേഗമേറിയ നാളുകളിൽ പെട്ട് പേരും നമ്പരും തെറ്റിയ തീവണ്ടി കാത്ത്.. .ഊരും ദേശവും അറിയാതെ നിന്നിട്ടുണ്ട്. സൂര്യന്‍ ഉദിക്കുന്നതോ അസ്തമിക്കുന്നതോ അറിയാതെ…
ഒരറ്റത്തുനിന്നും വാലിന്മേൽ തീപ്പിടിച്ചുപായുന്ന നക്ഷത്രങ്ങളെ നോക്കി മരുഭൂമിയുടെ ഒരറ്റം മുതൽ മറ്റേ അറ്റം നോക്കി ഒറ്റയ്ക്ക് നടന്നിട്ടുണ്ട്.
നടുക്കടലില്‍ വച്ച് ഉടൽ തകര്‍ന്നു പോയ ഒരു പായ്കപ്പലിലാണ് ഞാന്‍ മരപ്പണിക്കാരന്റെ ജീവിതം അഭിനയിച്ചത്. ശക്തമായ തിരകൾ ഏറ്റു മുറിഞ്ഞ ഉടൽ കൊണ്ട് ഞാന്‍ അതിന്റെ നേര്‍ത്ത ചുവരുകള്‍ തീര്‍ത്തു . നിന്നെക്കുറിച്ചുള്ള ഓര്‍മ്മകളുടെ മറത്തീർത്ത ഒരു ഗുഹ പോലെ തോന്നിച്ചു.
ഇല്ലാത്ത കാറ്റിൽ നിന്നും പരാഗരേണുക്കൾ പാറി ഓര്‍മ്മകളോ നഷ്ടങ്ങളോ മറവികളോ ഇല്ലാത്ത ഒന്നിനെ ജനിപ്പിക്കുന്നു!!..
മഴതുള്ളി മേഘത്തിന്റ ചെവിയില്‍ മൂളുന്ന പോലെ ഒരു പ്രകാശ രശ്മി ആത്മാവിലൂടെ പറന്നു പോയി പാറക്കഷണങ്ങൾ നിറഞ്ഞ ഉടലും ഉയിരും എത്താത്ത ഇടം പെട്ടെന്ന് വെളിപ്പെട്ടു
കടലോ മരുഭൂമിയോ എന്നറിയാത്ത ഒരിടത്ത് ഞാന്‍ ഒരു ഞണ്ടായി ജനിച്ചു…ഒഴിഞ്ഞു കിടക്കുന്ന മണൽക്കുഴികൾ വരണ്ട മണ്‍ കൂനകള്‍ക്കിടയിലൂടെ അനന്തമായ വഴികള്‍…!!
ഓരോ മണൽത്തരികളും എന്നോട് മൊഴിഞ്ഞു വെയിലില്‍ പ്രതിഫലിക്കുന്ന വെളിച്ചത്തില്‍ നീ എപ്പോൾ ഇണയുടെ മുഖം കാണുന്നു…അപ്പോൾ തൊട്ട് കൈകള്‍ കൊണ്ട് തുഴഞ്ഞു തീരത്തിലൂടെ തിരകളെ വകഞ്ഞുമാറ്റി സമുദ്രത്തിലൂടെ സഞ്ചരിക്കണം…
“സംശയമെന്താ?? ജീവിതത്തിലെ സന്തോഷം നഷ്ടപ്പെട്ട്, ഞാനൊരു വിരസ ജീവിതം ജീവിക്കുന്നത് എനിക്കൊരിക്കലും സഹിക്കാൻ പറ്റില്ല… എന്നും നിന്നോടൊപ്പം അലിയണം….!
“നിങ്ങൾക്ക് ഭ്രാന്താണ്… പക്ഷെ.. ആ ഭ്രാന്തും എന്റെ ശീലങ്ങളിൽ ഒന്നായിരിക്കുന്നു… ഓടിപ്പോകാൻ എനിക്കാവില്ല… ഓടിപ്പോയാലോ എന്ന് പേടിച്ച് ഞാൻ എന്നെ എന്നോ വേർപെടുത്താൻ ആവാത്ത ചങ്ങല കൊണ്ടു ബന്ധിച്ചു കഴിഞ്ഞിരിക്കുന്നു…”

By ivayana