ജിബിൽ പെരേര*

ക്ഷയിച്ച തറവാട് പോലെ മനസ്സ്…
പൊയ്പോയ പ്രതാപത്തിന്റെ മാറാലകൾ
കൺകോണുകളിൽ തൂങ്ങിനിൽക്കുന്നു
ചിത്രശലഭങ്ങൾ കൂട്കൂട്ടിയ
ഇടനെഞ്ചിലെ ഉദ്യാനം
തരിശായിരിക്കുന്നു.
പ്രതീക്ഷകളുടെ പൂങ്കുരുവികളെ
ഹൃദയത്തിൽവെച്ച് തന്നെ
കാലവേടന്മാർ അമ്പെയ്തു കൊന്നു.
കാവിൽ
പട്ടിണികിടന്ന് മടുത്ത
ശുഭചിന്തകളുടെ സർപ്പങ്ങൾ
കരൾ വിട്ട് കാട്ടിലേക്കിഴഞ്ഞു തുടങ്ങി
മുത്തച്ഛന്റെ ഗ്രഹപ്പിഴപോലെ
കായ്ക്കാത്തൊരു മാവും പ്ലാവും…
അച്ഛന്റെ സുകൃതക്ഷയം പോലെ
തൊടിയിലെ ഒറ്റത്തെങ്ങിൽ
ഒരു ഉണങ്ങിയ തെങ്ങിൻകുല..
പിന്നെ
കായ്ക്കാത്ത മുന്തിരിവള്ളി പോലെ
ഞാനെന്ന സ്വപ്നവും
ഇനിയൊരിക്കലും പൂക്കാത്ത
ചെമ്പകച്ചോട്ടിലിരുന്ന്
ചിറകില്ലാത്ത
ഒരു പെണ്കിളിക്കു വേണ്ടി
അവസാനമായി
ഞാനൊരു
പ്രണയഗീതമെങ്കിലും എഴുതട്ടെ.
നിവേദിക്കാനിനി
കൈയിലുള്ളത്
പേനത്തുമ്പിൽ തുളുമ്പുന്ന
ഇച്ചിരിമഷി കൂടിയാണ്.
സന്ധ്യയാവുന്നു.
മഴയും ഇടിയും വരുന്നുണ്ട്.
പൊക്കോട്ടെ ഞാൻ…
അസ്ഥിത്തറയിൽ
വിളക്ക് കൊളുത്തണം.
പകലുറക്കം കഴിഞ്ഞെണീക്കുമ്പോൾ
കാരണവന്മാർ
ഒരു നിമിഷമെങ്കിലും ഒരു നിമിഷം
ഇരുട്ടിലാവരുത്.
നാളെയിനി
അവിടെയൊരു ചെരാതിനും
തീ കൊളുത്താൻ
ഈ കൊള്ളി കൂടി
ഇല്ലെന്നാകിലോ..

By ivayana