രഘുനാഥൻ കണ്ടോത്ത്*

വിഹഗവീക്ഷണംചെയ്തു റോന്തുചുറ്റുന്നുണ്ടവർ
വിഹായസ്സിൽ പരുന്തിൻ കണ്ണുമായ്
മണ്ണിൽവിരിഞ്ഞിറങ്ങുമവസരക്കുഞ്ഞുങ്ങളെ,
കാണുമവർ ഭൂതക്കണ്ണാടിയിലെന്നപോൽ!
അമ്പുപോൽ നിപതിച്ച് കാൽനഖങ്ങളാഴ്ത്തും
അംബരേചെന്ന് വൻമരേ തമ്പടിക്കും
മരണനിലവിളി സംഗിതമായാസ്വദിക്കും
ഇരയെയുണ്ണും ഉയിരുടൻ അതീവദാരുണം
അർഹരുടെയന്നം കവർന്നുണ്ണുമവർ
വക്രമാർഗ്ഗേ ലക്ഷ്യത്തിലെത്തുവോർ
അവസരങ്ങൾക്കൊത്ത് ആൾമാറാട്ടവും
അവർക്കുപഥ്യം കുതികാൽവെട്ടലും!
അവസരവാദികൾക്ക് ദക്ഷിണവെച്ചു ശിഷ്യപ്പെടണം
അനർഹപദവികളനായാസമാസ്വദിച്ചീടുവാൻ
അതിസമർത്ഥം സ്വായത്തമാക്കണം കള്ളച്ചൂതാട്ടം
അനായാസകാര്യസാധ്യത്തിനതേ കരണീയം!
ദാശനികസ്ഥിരതയറ്റ,അപ്പൂപ്പൻതാടികൾ
സ്വാർത്ഥമോഹങ്ങളിൽ കോട്ടകെട്ടുവോർ
നെറികേടിന് ദാർശനികക്കുപ്പായമണിയിക്കും
അയോഗ്യപ്പരിഷകൾ,അവസരവാദികൾ!
അധികാരം പച്ചമീനായ്ക്കാണ്മൂ മാർജ്ജാരങ്ങൾ
അതിൻ രുചിയറിഞ്ഞാൽ വിടുമോ പണ്ടാരങ്ങൾ?
കാലുമാറികൾക്കൊരുക്കുന്നു പല്ലക്കുകൾ
കാലക്കേടെന്നന്തിച്ചിരിപ്പൂ കാലവും!
ദരിദ്രകോടികളെ പിഴിഞ്ഞ കറൻസിക്കോടികൾ
നിരങ്കുശം തിന്നുമുടിച്ച ദ്രോഹികൾ
മന്ത്രിയായ് കുതന്ത്രം കാട്ടി ദേവഭണ്ഡാരങ്ങളും
തന്ത്രിയെവിരട്ടിക്കവരുന്നു കശ്മലർ!
വട്ടപ്പൂജ്യരക്ഷരവൈരികളവിവേകികൾ
വംശവർഗ്ഗവർഗ്ഗീയവിദ്വേഷികൾ,നിന്ദ്യരും
വിരാചിപ്പൂ ചെങ്കോലണിഞ്ഞ് നാടിതിൽ
വിധ്വംസകരത്രയും കിരീടധാരികൾ!
ഒറ്റിക്കൊടുപ്പൂ അരനൂറ്റാണ്ട് പോറ്റിയപാർട്ടിയെ
നേതൃനിരയെ,ജനതതിയെ നിർദ്ദയം
അക്കരയിലെന്തുപച്ചപ്പുകണ്ടാണോ
അവസരവാദികൾ ഒടിമായം മറയുന്നിതു!
ഒന്നിച്ചത്താഴമുണ്ടു സഹചാരിയായ്
ഒന്നിച്ചുറങ്ങിയുറക്കത്തിൽ കത്തിയാഴ്ത്തുന്നു
എന്നെന്നും ഉയിർക്കയല്ലോ ദേവദവേനെപ്പോൽ
നിന്ദ്യരാമൊറ്റുകാർ,യൂദാസിൻ കൂട്ടുകാർ!!

By ivayana