ഠ ഹരിശങ്കരനശോകൻ*

പണ്ടാണ്, ഞാനൊരു കുഞ്ഞായിരുന്ന കാലം.
അന്നൊരു ഞായറാഴ്ചയാണെന്ന് അമ്മയ്ക്കുറപ്പാണ്,
കാരണം ദൂരദർശനിൽ നാല് മണി പടം കാണാൻ അയൽക്കാരൊക്കെ കൂടിയിരുന്നു.
ആ ടീവിയാണെങ്കിൽ കൊമ്പുള്ള വമ്പൻ ഒനീഡയുടേതായിരുന്നു.
അങ്ങനെയവർ പടം കണ്ട് രസിച്ചിരിക്കവെ ഏ അയ്യപ്പൻ വന്നു.
അമ്മ, മലയാളം എം ഏ കഴിഞ്ഞ് സരസ്വതിയമ്മയുടെ കഥകളെ പറ്റി മന്ദമന്ദം ഗവേഷണം തയാറാക്കുന്ന കാലമാണ്.
കെട്ട് പോയ അടുപ്പിൽ നിന്നും പാതി വെന്ത അരി കണക്കിനു വാർത്ത് വെച്ചതാണമ്മയുടെ ഗവേഷണം.
രാജലക്ഷ്മിയുടെ കഥകൾ വായിച്ചിട്ടുണ്ടെങ്കിലും സരസ്വതിയമ്മയുടെ കഥകൾ ഞാൻ വായിച്ചിട്ടില്ല.
അച്ഛൻ അക്കാലം ഒരു ബിസിനസ് മാഗ്നറ്റ് ആയിരുന്നു.
സായിബാബയുടെ ഭക്തനും.
പക്ഷേ കഥയെഴുതിയിരുന്ന അച്ഛനെയാണ് കവിതയെഴുതിയിരുന്ന അമ്മ പ്രേമിച്ചതും കെട്ടിയതുമെന്നാണ് മിഥോളജി.
അവരായിട്ടൊന്നുമെന്നോട് പറഞ്ഞിട്ടില്ല.
കേട്ടോ, പണ്ടാണ്‌, അച്ഛനന്ന് ഒരു താടിയൊക്കെ ഉണ്ടായിരുന്നു.
പക്ഷേ പുള്ളി അപ്പോൾ വീട്ടിൽ ഉണ്ടായിരുന്നില്ല.
ഏ അയ്യപ്പന്റെ കൂടെ വന്ന ആൾക്കും ഒരു താടിയുണ്ടായിരുന്നു.
പുള്ളിക്കും എന്റെ പേരു തന്നെയാണെന്നാണ് അമ്മ പറയുന്നത്.
അപ്പോൾ, ഏ അയ്യപ്പൻ വന്നു.
എന്നിട്ട് വലിയ വായിൽ ബഹളം തുടങ്ങി.
അയലത്തെ കുട്ടികളൊക്കെ പേടിച്ച് പോയി.
കുട്ടികളല്ലാത്തവരും കുറച്ചൊക്കെ പേടിക്കുകയും ശല്യമായല്ലോ എന്ന് വിചാരിക്കുകയും ചെയ്തിട്ടുണ്ടാകണം.
റാണിപ്പട്ടി നിസംഗതയിൽ, വളഞ്ഞവാൽ കൊണ്ട് തുടരനെഴുതുവതിനപ്പുറമൊന്നുമാക്കിയിട്ടുണ്ടാകില്ല, അത് പാവം.
പശുക്കൾ കാടിയിൽ ഏകാഗ്രത വരുത്താൻ ശ്രമിച്ച് പരാജയമണഞ്ഞിട്ടുണ്ടാകണം.
എന്തായാലും അമ്മയും അമ്മുമ്മയും പേടിച്ചു എന്ന് തന്നെയാണ് അമ്മ അവകാശപ്പെടുന്നത്.
എന്റെ പ്രതികരണമെന്തായിരുന്നുവെന്ന് കൃത്യമായ് രേഖപ്പെടുത്തിയിട്ടില്ല.
ഞാൻ കുഞ്ഞല്ലേ, ഇപ്പോഴെന്ന പോലെ അപ്പോഴുമെനിക്ക് പ്രതികരണശേഷിയൊന്നുമുണ്ടായിരിക്കില്ല.
എന്റെ പൊന്നച്ചോ, അച്ഛനെ കാണണം എന്നതാണ് ഏ അയ്യപ്പന്റെ ആവശ്യം.
ഇത് കേട്ടാൽ തോന്നും അച്ഛനെപ്പൊഴും വീട്ടിൽ കാണുമെന്ന്.
ആളുടെ ആവശ്യമെന്താണെന്നതൊക്കെ ഇവിടെ തികച്ചും അപ്രസക്തമാണല്ലോ.
കാരണം കവിയും സർവ്വോപരി ഏ അയ്യപ്പനുമാണല്ലോ.
പേട്ടതുള്ളൽ അവസാനിപ്പിച്ച് അവധൂതനെ പിടിച്ച് കൊണ്ട് പോകാൻ കൂടെ വന്നിരുന്ന ആളോട് അമ്മ ആവശ്യപെട്ടപ്പോഴാണ് ആ പുള്ളിക്ക് സ്വന്തം നിലയ്ക്ക് പോകാനുള്ള ശേഷി പോലുമില്ല എന്ന കിടിലോൽക്കിടിലം വസ്തുത തിരിച്ചറിയപ്പെടുന്നത്.
അമ്മ തോറ്റ് തിണ്ണയിൽ നിന്നു.
ഇഴജന്തുക്കൾ അകത്ത് കയറരുതല്ലോ.
ഇനി, പടപടാന്ന്, അമ്മയുടെ ഓർമ്മകളിൽ, നാടകം പ്രശസ്തമായ ആ സംഭാഷണശകലത്തിലേക്ക് മുന്നേറുകയാണ്,
‘യൂ നോ ഹൂ ആം ഐ?
ആം അയ്യപ്പൻ,
ഏ അയ്യപ്പൻ.
ഫേമസ് മലയാളം പൊയറ്റ്.’
ഓരോ വാക്കുകൾക്കുമിടയിൽ അട്ടഹാസങ്ങൾ ഇട്ടിട്ട് വായിക്കണം കേട്ടോ.
ഇതിനോടകം ബഹളമതിന്റെ സീമകൾ ലംഘിച്ചിരുന്നതിനാൽ നല്ലവരായ സമരിയാക്കാരിൽ പെട്ട ഏതാനും അയൽ‌വാസികൾ ഇരുവരെയും അവിടെ നിന്നും ഉച്ഛാടനം ചെയ്യാൻ രംഗപ്രേവശം ചെയ്തിരുന്നു.
അനന്തരം അവർ കർമ്മനിരതരായ്.
അങ്ങനെ ലഹള കഴിഞ്ഞു.
മുറ്റം ശാന്തമായ്.
പടം കഴിഞ്ഞ് കാണികൾ പിരിഞ്ഞിരുന്നു.
അമ്മയും ഞാനും അമ്മുമ്മയും ആ വീട്ടിൽ ബാക്കി ആയിട്ട് ഇരുന്നിട്ടുണ്ടാകും.
പുറത്ത് റാണിപ്പട്ടിയും പശുക്കളുമങ്ങനെ നിന്നിട്ടുണ്ടാകും.
അകത്ത് പാവമമ്മ. പാവം ഞാൻ. പാവമമ്മുമ്മ.
അകത്ത് കാളികളില്ല.
പുറത്ത് ദാസരുമില്ല.
പാവമമ്മ. പാവം ഞാൻ. പാവമമ്മുമ്മ.
പുല്ല്, അതൊക്കെ വിട്, നിങ്ങൾക്കറിയാമോ, അക്കാലത്ത് നൂറനാട് പാറ മുക്കിലുള്ള ചാരായക്കടയുടെ മുൻ‌ഭിത്തിയിൽ പരമശിവന്റെ ഒരു പടമുണ്ടായിരുന്നു.
പണ്ടാണ്, ഞാനൊരു കുഞ്ഞായിരുന്ന കാലം.

By ivayana