മോഹൻദാസ് എവർഷൈൻ*

നാട്ടിൽ പോകുവാനുള്ള ടിക്കറ്റും, പാസ്പ്പോർട്ടും കൈയിൽ കിട്ടിയപ്പോൾ, മുകുന്ദന് സത്യത്തിൽ വാക്കുകൾ കൊണ്ട് വരച്ചിടനാകാത്ത സന്തോഷം തോന്നി.
അറബിയാണെങ്കിലും അബ്ദുൽറഹ് മാൻ,

മുകുന്ദന്റെ മുഖത്തെ സന്തോഷം ആസ്വദിക്കുകയാണ്.അയാൾ തന്റെ കസേരയ്ക്ക് പിന്നിലുള്ള ബോക്സിൽ നിന്നും ഒരു പായ്ക്കറ്റ് ഈന്തപ്പഴം എടുത്ത് മുകുന്ദന്റെ നേർക്ക് നീട്ടി.
അത് സന്തോഷത്തോടെ വാങ്ങുമ്പോൾ മനസ്സിൽ ആ മനുഷ്യന്റെ മനുഷ്യത്വത്തെ ഹൃദയംകൊണ്ട് തൊഴാതിരിക്കാൻ കഴിഞ്ഞില്ല.
വന്നിട്ട് വർഷം രണ്ട് കഴിഞ്ഞിരിക്കുന്നു. എങ്കിലും അറബ് സംസാരിക്കാൻ ഇതുവരെ പഠിച്ചില്ല. കുറച്ച് വാക്കുകൾ കൊണ്ടുള്ള ഒരു ഞാണിമേൽ കളിയായ് മാറുമ്പോൾ ചിലപ്പോൾ ചിരി വരാറുണ്ട്.

അറബികൾ പൊതുവിൽ പരുക്കൻ സ്വഭാവത്തിന്റെ ഉടമകളായിരിക്കുമെന്നാണ് ഇവിടെ എത്തുന്നത് വരെ കരുതിയത്. അത് അപ്പാടെ മാറിയത് ആദ്യമായി തന്റെ കഫീൽ (സ്പോൺസർ )ആയ അബ്ദുൽ റഹ്മാനെ കാണുമ്പോഴാണ്
“അസലാം മലൈക്കും “
“അലൈക്കും അസ്‌ലാം “. പറഞ്ഞ് സലാം മടക്കുമ്പോൾ അയാൾ ചോദിച്ചു.
“കൈഫ്‌ ഈജി ഇന്ത, തെയ്യാറാ മിൻ മുംബൈ, വല്ല ഇന്ത ഈജി ആലത്തൂൽ കേരള?”.(നീ എങ്ങനെയാ മുംബൈയിൽ നിന്നും ഫ്‌ളൈറ്റിൽ വന്നോ, അതോ നേരെ കേരളത്തിൽ നിന്നും വന്നതാണോ?.)

എന്താണ് ചോദിച്ചതെന്ന് മനസ്സിലായില്ലെങ്കിലും ആ ചോദ്യത്തിന് മനുഷ്യസ്നേഹത്തിന്റെ മധുരമുള്ളതാണെന്ന് തോന്നിയിരുന്നു.
മറുപടി പറയുവാനാകാതെ ഞാൻ നിന്ന് പരുങ്ങുന്നത് കണ്ടപ്പോൾ അയാൾ പറഞ്ഞു.
“മാഫി മുഷ്കിൽ , മാഫി ഹോഫ്,”. (കുഴപ്പമില്ല, പേടിയ്ക്കണ്ട )
ചിരിച്ചുകൊണ്ട് ചുമലിൽ തട്ടി, യാത്രപറയുമ്പോൾ തകർന്ന് വീണത് അറബികളെ കുറിച്ച് അതുവരെ മനസ്സിലുണ്ടായിരുന്ന തെറ്റിദ്ധാരണകളായിരുന്നു.

ടിക്കറ്റും, പാസ്പ്പോർട്ടും വാങ്ങി ക്യാബിനിൽ നിന്നും പുറത്ത് വരുമ്പോൾ, ഓഫീസിലെ അക്കൗണ്ടന്റ് മാത്യൂസ് അച്ചായൻ എന്നെ അടുത്തേക്ക് വിളിച്ചു.ഈ കമ്പനിയിൽ മുപ്പത് വർഷമായി ജോലിചെയ്യുന്ന അച്ചായൻ എല്ലാവർക്കും സ്വന്തം ചേട്ടന്റെ സ്ഥാനത്താണ്. കഴിഞ്ഞ രണ്ട് വർഷത്തെ തന്റെ പരിചയത്തിനിടയിൽ ഒരിക്കൽ പോലും മുഖം കറുപ്പിച്ച് അച്ചായൻ ആരോടും സംസാരിക്കുന്നത് ഇതുവരെ കണ്ടിട്ടില്ല.
“എല്ലാം കിട്ടിയോ?.സെറ്റിൽ ചെയ്തു കിട്ടിയ കാശുമായി ഇനി മാർക്കറ്റിൽ കറങ്ങി ചവറുവാങ്ങി കൂട്ടാൻ നില്കണ്ടാ, നാട്ടിൽ ചെല്ലുമ്പോൾ പൈസയാണ് വേണ്ടത് “.
“ഏയ്‌ ഇല്ല, ഞാൻ ഇനി പുറത്തെങ്ങും പോകുന്നില്ല, പെട്ടിയൊക്കെ ഇന്നലെ തന്നെ കെട്ടിവെച്ചു. അതുമല്ല ഇതല്ലാതെ കൈയിൽ ഒന്നുമില്ല “.ഞാൻ പറഞ്ഞു.
“നീ സന്തോഷമായിട്ട് പോ… അവിടെ ചെല്ലുമ്പോൾ അത്രയ്ക്ക് ബുദ്ധിമുട്ട് തോന്നിയാൽ നീ വിളിക്ക്, നമുക്ക് എന്തെങ്കിലും ചെയ്യാം “.അച്ചായൻ ആശ്വസിപ്പിച്ചു.

ഓഫീസിൽ ഒപ്പിട്ട് നല്കാനുള്ള പേപ്പറുകളിൽ ഒപ്പിട്ട് തിരികെ ഇറങ്ങി. റൂമിലേക്ക് പോകുവാൻ ടാക്സി കാത്ത് നില്കുന്ന സമയത്താണ് നാളെ നാട്ടിലെത്തുമെന്ന് വീട്ടിൽ ഫോൺ ചെയ്തത്.
അവൾ തന്നെയാണ് ഫോൺ എടുത്തത്.
” പാസ്സ്പോർട്ടും, ടിക്കറ്റും ഇപ്പോഴാ കിട്ടിയത്.ഇന്ന് രാത്രിയിൽ ഞാൻ തിരിക്കും, നാളെ രാവിലെ ഞാൻ അവിടെഎത്തും.”. അങ്ങേ തലയ്ക്കൽ അവൾക്ക്‌ ശബ്ദം നഷ്ടപെട്ടു നിന്നു.
രണ്ട് വർഷമായിട്ടുള്ള വിരഹത്തിന് ഒരിടവേള, നാട്ടിൽ താമസിയാതെ വരാനാകുമെന്ന് പറഞ്ഞിരുന്നെങ്കിലും, പാസ്സ്പോര്ട്ടും, ടിക്കറ്റും കൈയിൽ കിട്ടാതെ ഉറപ്പിച്ചു പറയാൻ കഴിയുമായിരുന്നില്ല.
“നീ എന്താ ഒന്നും മിണ്ടാതെ “ഞാൻ ചോദിച്ചു.
“ഒന്നുമില്ല, കേട്ടപ്പോൾ മനസ്സ് വല്ലാതെ നിറഞ്ഞ് പോയി. അപ്പോൾ ഒന്നും മിണ്ടാൻ കഴിയാത്ത പോലെ”. അവൾ പറഞ്ഞു.

ഒരുപാട് രാത്രികളിൽ കേൾക്കുവാൻ കാത്തിരുന്ന വാക്കുകൾ സന്തോഷത്തിന്റെ തേൻമഴയായ് മനസ്സിലേക്ക് പെയ്തിറങ്ങിയപ്പോൾ അവൾ എല്ലാം മറന്ന് പോയ നിമിഷങ്ങൾ.
“ഞാൻ മക്കളോട് പറയട്ടെ, ഇത് കേൾക്കുമ്പോൾ അവർ തുള്ളിചാടും”. അവൾ അത് പറയുമ്പോൾ ആ ചിത്രം, ഇത്രയും ദൂരെ നില്കുമ്പോഴും കൺമുന്നിൽ തെളിഞ്ഞു വന്നു. ആഹ്ലാദത്തിന്റെ നിലാവ് പരക്കുന്ന അവളുടെ മുഖവും.
ഇവിടേക്ക് എത്തിപ്പെടുവാൻ വരുത്തിവെച്ച കടങ്ങൾ ഒരു വിധം തീർത്തെങ്കിലും, ഇപ്പോഴും തിരിച്ചു ചോദിക്കാത്ത ഒത്തിരികടങ്ങൾ പിന്നെയും ബാക്കിയാണ്. അവളുടെ കഴുത്തിലും, കാതിലും, ഉണ്ടായിയിരുന്നത്, കൂടാതെ അമ്മ തന്ന മാലയും കൂടി വിറ്റത്, തിരികെ കൊടുക്കണം. അത് അടുത്ത വരവിൽ തീർക്കാം.

ഓരോ യാത്രയും ഓരോ കടങ്ങളും, കടമകളും തീർക്കാനുള്ളതാണ് പ്രവാസിക്കെന്ന് തോന്നിപോകും. അത് തന്നെയാണ് സത്യവും.
ടാക്സിയിൽ നിന്നിറങ്ങി റൂമിലേക്ക് കയറുമ്പോൾ ഫോൺ ശബ്‌ദിച്ചു കൊണ്ടിരുന്നു. എടുക്കുമ്പോൾ അങ്ങേ തലയ്ക്കൽ അവളുടെ ശബ്ദം.
“ചേട്ടാ അമ്മയ്ക്ക് ഒരു കമ്പിളി പുതപ്പ് വാങ്ങാൻ മറക്കല്ലേ, സിനിമയിൽ പറഞ്ഞത് പോലെ കമ്പിളി പുതപ്പ് ആകല്ലേ, അമ്മ ഇപ്പോഴും എന്നെ പറയാൻ ചട്ടം കെട്ടിയതാ “.
“അതൊക്കെ ഞാൻ എന്നോ വാങ്ങിയെന്ന് അമ്മയോട് പറയ്”. അവളുടെ ചിരി എന്നെത്തേക്കാളും നിറവോടെ കാതുകളിൽ മുഴങ്ങി.

റൂമിൽ ഒറ്റയ്ക്കിരിക്കുമ്പോൾ സമയം ഒച്ചിനെ പ്പോലെ ഇഴഞ്ഞു നീങ്ങുകയാണെന്ന് തോന്നി. എയർപോർട്ടിൽ പോകാൻ ഇനിയും അഞ്ച് മണിക്കൂർ ബാക്കി.. രണ്ട് വർഷം കടന്ന് പോയതിനേക്കാളും മാനസ്സിക പിരി മുറുക്കം തോന്നുന്നു ഈ സമയം കടന്ന് പോകാൻ.
കഫീൽ തന്ന ഈന്തപ്പഴം ബ്രീഫ്കേസിനുള്ളിൽ ഇടം കണ്ടെത്തി വെച്ചു. വീണ്ടും ഫോൺ ചിലച്ചു. നോക്കുമ്പോൾ അവൾ തന്നെ
“എന്താ പിന്നെയും എന്തെങ്കിലും…”.
“ഏയ്‌ ഒന്നുമില്ല, വെറുതെ, എന്തോ ഒന്ന് ചുമ്മാ വിളിക്കാൻ തോന്നി അതാ, അവിടെ ഇപ്പോൾ എന്ത് ചെയ്യുന്നു “.
“ഞാനോ.. ഈ കെട്ടിവെച്ചിരിക്കുന്ന പെട്ടിയും നോക്കി കിടക്കുന്നു, സമയം പോകുന്നില്ല “.

“ശരിയാ വരുന്നൂന്ന് വിളിച്ചു പറഞ്ഞതിൽ പിന്നെ എനിക്കും സമയം പോകാത്ത പോലെ “.
സന്തോഷമായിരിക്ക് ഏതാനും മണിക്കൂർ കഴിയുമ്പോൾ അങ്ങടുത്തെത്തില്ലെ “.
വിരഹത്തിന്റെ മുറിവുണങ്ങുന്ന വാക്കുകൾ കൊണ്ട് മുകുന്ദൻ പിന്നെയും സപ്ത സാഗരത്തിനിപ്പുറത്ത് നിന്നും അവളെ ചേർത്ത് പിടിച്ചു.
ഉച്ചക്ക് ഊണ് കഴിയ്ക്കാൻ മുറിയിൽ കൂടെയുള്ള ചന്ദ്രൻ വന്നപ്പോഴാണ് ഞാനും ഊണ് കഴിക്കാൻ മറന്നകാര്യം ഓർത്തത്.
“നീ കഴിച്ചില്ലേ ഇതുവരെ?.വാ കഴിക്കാം.”.
നിലത്ത് വിരിച്ച മേശവിരിപ്പിൽ പാത്രങ്ങൾ നിരത്തി വെച്ചിട്ട് ചന്ദ്രൻ വിളിച്ചു.
“നിന്നെ എയർപോർട്ടിൽ കൊണ്ട് പോകാൻ സലിം അഞ്ച് “മണിയാകുമ്പോൾ എത്തും, അവനിപ്പോൾ വർക്ക്‌ ഷോപ്പിൽ വന്നിരുന്നു “.

“ഇനി അവനെ വിളിക്കണ്ടല്ലോ?. ഏതെങ്കിലും ഓട്ടം കിട്ടി അവൻ വരാൻ വൈകുമോന്ന് ഒരു പേടിയുണ്ടായിരുന്നു “.
“അക്കാര്യത്തിൽ നീ ഒട്ടും പേടിക്കണ്ട, അതൊക്കെ അവൻ കൃത്കൃത്യമായിരിക്കും.
ഇത്തവണ നാട്ടിൽ ചെല്ലുമ്പോൾ നിനക്ക് നമ്മുടെ വീട്ടിലൊന്നും പോകണ്ടല്ലോ, അതൊരു വലിയ ജോലിയാ, നീ ഏതിനും അതിൽ രക്ഷപെട്ടു “.
“അത് ശരിയാ, ചന്ദ്രാ , ഈ കോവിഡ് സമയത്ത് എങ്ങും പോകാൻ പറ്റില്ലല്ലോ ‘.
“എടാ ആഹാരം കഴിക്ക് നീയ്… നാട്ടിൽ പോകുന്ന ദിവസം എനിക്കും ഇങ്ങനെയാ ഒന്നും അങ്ങോട്ട് ഇറങ്ങില്ല. സന്തോഷം കൊണ്ടാണ് “.

ചന്ദ്രൻ നിർബന്ധിച്ചപ്പോൾ ഒരു ഖുബൂസ് കറിയിൽ മുക്കി കഴിച്ചെന്ന് വരുത്തി.
“മുകുന്ദാ നീ ഇറങ്ങുന്ന സമയത്ത് ഇവിടെ ആരും എത്തില്ല. പെട്ടിയൊക്കെ വണ്ടിയിൽ കയറ്റുവാൻ സലിം സഹായിക്കും നീ പേടിക്കേണ്ട “.
ആഹാരം കഴിച്ച് വീണ്ടും ഡ്യൂട്ടിക്ക്‌ പോകുവാൻ ഇറങ്ങുമ്പോൾ ചന്ദ്രൻ പറഞ്ഞു.
“കടമൊന്നും തീരാതെ പുരപ്പണി തുടങ്ങാനൊന്നും നില്കണ്ടാ കേട്ടോ,അങ്ങനെ തുടങ്ങിപ്പെട്ടുപോയത് കൊണ്ടാണ് നാട് കാണാൻ കഴിയാതെ ഞാനിവിടെ കിടന്ന് തുഴയുന്നത് “.
ആ വാക്കുകൾ തികച്ചും അനുഭവങ്ങളുടെ ഗൃഹപാഠത്തിൽ നിന്ന് ഉയർന്ന് വന്നതാണെന്ന് എനിക്കറിയാം.
കരയോടടുക്കുന്തോറും തിരകൾ വീണ്ടും നടുക്കടലിലേക്ക് വലിച്ചുകൊണ്ട് പോകുന്ന തോണി പോലെയാണ് പ്രവാസി യുടെ ജീവിതം.

തറവാട് വീതം വെച്ച് കൊത്തിപറിച്ച് പറക്കുവാനായി എന്റെ വരവും കാത്തിരിക്കുന്ന ജ്യേഷ്ഠന്റെയും, ചേച്ചിയുടെയും മുഖങ്ങൾ പെട്ടെന്ന് എന്റെ കൺമുന്നിലേക്ക് കടന്ന് വന്നു.
“ഇതെല്ലാം വീതം വെച്ച് പോയാൽ നമ്മൾ എവിടെ പോകും?”. അവളുടെ സകല സങ്കടംങ്ങളും ചുമക്കുന്ന ആ വാക്കുകൾ പല ആവർത്തി എന്റെ മനസ്സിൽ പെരുമ്പറ മുഴക്കി കൊണ്ടിരുന്നു.
വീതം വെയ്ക്കുവാൻ ഉറക്കമിളച്ചു കാത്തിരിക്കുന്നവർ ഒരിക്കലും ഓർക്കാതെ പോകുന്ന രണ്ട് ജന്മങ്ങളെ ആരും വീതം വെച്ചെടുക്കില്ലെന്ന് എനിക്കറിയാം. മക്കളെ വളർത്തുവാൻ വണ്ടിക്കാളയെ പോലെ ഭാരം വലിച്ചു, വലിച്ച് ഇന്ന് കട്ടിലിൽ ഒരു വശം തളർന്ന് കിടപ്പിലായ അച്ഛനെ ആർക്കാണ് വേണ്ടത്?.അടുക്കളയിൽ ഒരു പണിക്കാരിക്ക് പകരക്കാരിയായി ചേട്ടൻ ചിലപ്പോൾ അമ്മയെ കൂട്ടുമായിരിക്കും. എല്ലാം മക്കൾക്ക് പങ്ക് വെച്ചതിനു ശേഷമുള്ള നിമിഷങ്ങളെക്കുറിച്ച് അച്ഛനും, അമ്മയും എന്താവും ചിന്തിക്കുക എന്ന് പലപ്പോഴും ഞാൻ ഉറങ്ങാതെ ആലോചിച്ചു്.

അതെ വീട് അത് എത്ര ത്യാഗം സഹിച്ചാലും ആഗ്രഹിക്കാതെ വയ്യെന്ന് എനിക്കുറപ്പായിരുന്നു.
എയർപോർട്ടിലേക്ക് പോകുമ്പോൾ സലിം നിർത്താതെ സംസാരിച്ചു കൊണ്ടിരുന്നു. “ഞാനും ചിലപ്പോൾ അടുത്തമാസം നാട്ടിൽ വരും. അനുജത്തിയുടെ വിവാഹത്തിന് “.
ഞാൻ യാന്ത്രികമായി എല്ലാം മൂളികേട്ട് കൊണ്ടിരുന്നു.
മനസ്സിൽ നാട്ടിലെത്താനുള്ള തിടുക്കത്തിനിടയിലും,വെട്ടിമുറിക്കുന്ന തറവാടിന്റെ ചിത്രം തെളിഞ്ഞു നിന്നു.തന്റെ മാത്രം എതിർപ്പ് കൊണ്ട് തടുക്കുവാൻ കഴിയാത്ത വലിയൊരു ദുരന്തമാണതെന്ന് അറിയാമായിരുന്നു.

വണ്ടി എയർപോർട്ടിൽ എത്തിയതും ഇത്രയും ദൂരം പിന്നീട്ടതും ഞാൻ അറിഞ്ഞില്ല.
“മുകുന്ദാ.. ലെഗ്ഗേജ് അവിടെ ഇറക്കി വെയ്ക്കാം, ട്രോളിക്കാർ എടുത്ത് അകത്തു കൗണ്ടറിൽ എത്തിക്കും നീ എന്തെങ്കിലും ചില്ലറ കൊടുത്താൽ മതി. ഞാൻ നില്കുന്നില്ല. നീ സന്തോഷത്തോടെ പോയിട്ട് വാ “.
ടാക്സി ചാർജ്ജ് കൊടുത്ത്, ഹസ്തദാനം ചെയ്തു സലീമിനോട്‌ യാത്ര പറഞ്ഞ് എയർപോർട്ടിനുള്ളിലേക്ക് നടന്നു.ഇമിഗ്രേഷൻ കൗണ്ടറിൽ തന്റെ ഊഴം കാത്ത് നില്കുമ്പോൾ, ഈ രാത്രിയിൽ ഉറങ്ങാതെ തന്റെ മുഖം കാണാൻ കാത്തിരിക്കുന്ന അവളുടെ നെഞ്ചിടിപ്പ് എനിക്ക് കേൾക്കാമായിരുന്നു.

ഇരുട്ടിന്റെ നേരിയ വരപോലും അവശേഷിക്കാതെ,എൽ, ഈ, ഡി. വിളക്കുകൾ നിറഞ്ഞു കത്തുന്ന പ്രകാശം കൗതുകത്തോടെ നോക്കിയിരിക്കുമ്പോൾ വിമാനത്തിലേക്ക് പ്രവേശിക്കുവാനുള്ള അറിയിപ്പ് വന്നു.പൊടുന്നനെ എല്ലാവരും വരിവരിയായി നില്കുന്നതിന് പിന്നിൽ ഞാനും കയറി നിന്നു.
വിമാനത്തിനുള്ളിൽ കയറുമ്പോൾ പെട്ടെന്ന് ,കൂട്ടിൽ നിന്നും പറക്കുവാൻ സ്വാതന്ത്ര്യം കിട്ടിയ പക്ഷിയെ പോലെയായിരുന്നു മനസ്സ്.
ഇരുട്ടിന്റെ മേഘക്കീറുകളെ വകഞ്ഞുമാറ്റി വിമാനം പറന്നുയർന്ന് ആകാശത്തിന്റ മടിത്തട്ടിലൂടെ നീങ്ങുമ്പോൾ ഞാനും ഉറങ്ങാതെ കാത്തിരുന്നു.
മകനെ കാണാനുള്ള സന്തോഷം മറ്റാരോടും പങ്കുവെയ്ക്കാതെ കാത്തിരിക്കുന്ന അച്ഛന്റെയും അമ്മയുടെയും മുഖങ്ങൾ ഓർത്തപ്പോൾ വിഷമം തോന്നി.അമ്മയെക്കൂടെ എയർപോർട്ടിൽ കൂട്ടി വരണമെന്ന് കരുതിയിരുന്നു.

“കിടപ്പിലായ അച്ഛനെ തനിച്ചാക്കി അമ്മ വരുമെന്ന് തോന്നുന്നുണ്ടോ “.
അവളുടെ മറുചോദ്യത്തിന് മുന്നിൽ ഉത്തരമില്ലാതെ ഞാൻ നിന്നു.
വിഷമവും, വിരഹവും, വിഷാദവും, മനസ്സിൽ മറച്ച് വെച്ചു സന്തോഷത്തിന്റെ രസചരടിൽ കോർത്തെടുത്ത നിമിഷങ്ങളിലേക്ക് തലചായ്ച്ചിരുന്നപ്പോൾ അറിയാതെ കണ്ണുകളിൽ ഉറക്കം വന്നണയുന്നത് ഞാനറിഞ്ഞു.
കാത്തിരിപ്പിന്റെ വിരസതയ്ക്ക് വിരാമമിട്ട് കൊണ്ട് വിമാനം ലാൻഡ് ചെയ്തു.കസ്റ്റംസിന്റെ പരിശോധനകൾ, വലിയ നൂലാമാലകളില്ലാതെ കഴിഞ്ഞപ്പോൾ ആശ്വാസം തോന്നി. ടെർമിനലിൽ നിന്നും പുറത്തേക്ക് കടക്കുമ്പോൾ, പുറത്ത് വേലിക്കെട്ടുകൾപ്പുറത്തു കാത്ത് നിന്ന അവൾ കണ്ട് കൈ വീശി കാണിച്ചിട്ട്, മക്കളെ എന്നെ ചൂണ്ടി കാണിക്കുണ്ടായിരുന്നു.
എന്റെ സിരകളിൽ പുതു ജീവൻ വീണത് പോലെ ഒരുണർവ് അപ്പോൾ അനുഭവപ്പെട്ടു.
വണ്ടിയിൽ കയറുമ്പോൾ മോൻ പറഞ്ഞു.
“ഞാൻ അച്ഛന്റെ മടിയിലിരിക്കും “.

അവൾ വണ്ടിക്കുള്ളിൽ എന്നെ ചേർന്നിരിക്കുവാൻ ശ്രമിച്ചപ്പോൾ, മോൾ അവളുടെ മടിയിൽ നിന്നും ഊഴ്ന്നിറങ്ങി നമുക്കിടയിൽ ഇടം പിടിച്ചു.
ഞങ്ങൾ അറിയാതെ ചിരിച്ചുപോയി.
“അമ്മ നോക്കിയിരിപ്പുണ്ടാകും അല്ലെ “.
“അത് പിന്നെ പറയണോ?, ഇന്നലെ അച്ഛനും, അമ്മയും ഉറങ്ങിയ ലക്ഷണമില്ല. അവരുടെ മുറിയിൽ നിന്നും വെളുക്കുന്നത് വരെ സംസാരം കേൾക്കാമായിരുന്നു”.
“അപ്പോ നീയും ഉറങ്ങിയില്ല,അല്ലെ “.എന്റെ ചോദ്യം കേട്ട, അവളുടെ ചിരിയിൽ ചെറുനാണം നിറഞ്ഞിരുന്നു.

റോഡിൽ ആൾതിരക്ക് തീരെ കുറവായിരുന്നതിനാൽ ഡ്രൈവർ സാമാന്യം നല്ല വേഗതയിലാണ് വണ്ടി ഓടിക്കുന്നത്. രണ്ട് വർഷം കൊണ്ട് വലിയ മാറ്റങ്ങൾക്ക് വിധേയമാകാത്ത കാഴ്ചകൾ നോക്കിയിരിക്കുമ്പോൾ അവൾ ചോദിച്ചു.
“രണ്ട് ദിവസം കഴിയുമ്പോൾ അവർ വരും, അപ്പോൾ ഓഹരി വെയ്ക്കുമ്പോൾ വീട് ആർക്കായിരിക്കും?. അത് ചേച്ചിക്ക് വേണമെന്നല്ലേ പറയുന്നത്?”
ഈ നിമിഷങ്ങളിലെ സന്തോഷം ചോർന്ന് പോകാതെ വാക്കുകൾക്ക്‌ നല്ല കരുതലുണ്ടാകണമെന്ന് മനസ്സ് മന്ത്രിച്ചു.

“നീ വിഷമിക്കാതിരിക്ക്,വീട്ടിൽ എത്തിയിട്ട് നമുക്ക് ആലോചിക്കാം “.
അവൾക്ക്‌ എന്റെ വാക്കുകൾ തൃപ്തി നൽകിയില്ലെങ്കിലും,അത് പുറത്ത് കാട്ടാതെ മകളെ ചേർത്ത് പിടിച്ച്,എന്റെ ചുമലിൽ ചാരിയിരുന്നു.
അവളുടെ ആശങ്കകൾ തന്റെ ഉള്ളിൽ ഒരുപാട് ചോദ്യങ്ങളായി,പടർന്നു കയറി കൊണ്ടിരുന്നു.
വീട്ടിലേക്കുള്ള വഴിയിലേക്ക് വണ്ടി തിരിയുമ്പോൾ ഒരു നിഴൽ പോലെ മതിലിനരികിൽ അമ്മയുടെ രൂപം ഞാൻ കണ്ടു.ഈ സ്നേഹം ഞാൻ ആർക്കും വീതം വെയ്ക്കില്ല. അവരുടെ സ്നേഹവും, വാത്സല്യവും കവർന്നെടുത്തിട്ട് തിരികെ കൊടുക്കാതെ കടന്ന് കളയുവാൻ തനിക്ക് കഴിയില്ല. അതിന്റെ മൂല്യം അറിയാത്തവർ മണ്ണ് പങ്ക് വെച്ച് മടങ്ങിക്കോട്ടെ.
നല്ലൊരു വാടക വീട് കണ്ടെത്തണം, അച്ഛനെയും, അമ്മയെയും, കൂട്ടി അങ്ങോട്ട് താമസം മാറണം. അവരെ അവർക്ക് വേണ്ടി വരില്ലല്ലോ.ഞാൻ ആത്മഗതം ചെയ്തു.
“എത്ര ബുദ്ധിമുട്ടിയാലും നമുക്കൊരു വീട് വെയ്ക്കണം”. അവൾ ഒട്ടും പ്രതീക്ഷിക്കാതിരുന്ന സമയത്താണ് ഞാനത് പറഞ്ഞത്.

അത്ഭുതം കൂറുന്ന മിഴികളോടെ അവൾ എന്നെ നോക്കി.
ഞാൻ അതേയെന്ന അർത്ഥത്തിൽ അവളെ നോക്കി പുഞ്ചിരിച്ചു.
വണ്ടിയിൽ നിന്നിറങ്ങി മുറ്റത്തേക്ക് കയറുമ്പോൾ, അടുത്ത് വന്ന അമ്മയെ ഞാൻ ചേർത്ത് പിടിച്ച് ആ നെറ്റിയിൽ ഒരുമ്മ വെച്ചു.
അമ്മയുടെ കൈകൾ എന്നെ പിടിച്ചു കൊണ്ട് അച്ഛന്റെ മുറിയിലേക്ക് നടക്കുമ്പോൾ ഞാൻ ഒരു കൊച്ചു കുട്ടിയെ പോലെ കൂടെ നടന്നു.അനുസരണയുള്ള അവരുടെ കുഞ്ഞ് മുകുന്ദനായി.

By ivayana