സുദർശൻ കാർത്തികപ്പറമ്പിൽ*
ഒന്നിൻ വെളിച്ചത്തിൽ നിന്നല്ലി,ജീവന്റെ-
യൗന്നത്യമെന്തെന്നറിയുന്നു നാംസ്വയം!
ഈ വിശ്വവീണാനിനാദമായങ്കുരി-
ച്ചേവമുൾക്കാമ്പിൽ ജ്വലിക്കുന്നൊരുണ്മയെ;
ദിവ്യാനുഭൂതിയായ് മാറ്റുമ്പൊഴല്ലയോ,
നവ്യാനുരാഗങ്ങൾ നമ്മിലുയിർത്തിടൂ!
ആത്മാവുമാത്മാവുമൊന്നുചേർന്നധ്യാത്മ-
ചിന്താശതങ്ങളായുദ്ഗമിക്കുമ്പൊഴേ,
കാവ്യാനുരക്തമായ് വാഴ് വൊരമേയമാം
നിർവാണഭാവസ്ഫുലിംഗമാർന്നേറിടൂ
മാംസപിണ്ഡങ്ങളാൽ ജീവനെ ബന്ധിച്ചൊ-
രജ്‌ഞാത ശക്തിയെത്തൊട്ടറിഞ്ഞീടുവാൻ,
കർമ്മകാണ്ഡങ്ങളൊന്നൊന്നായ് രചിച്ചു നാം
നിർമ്മമ ചിത്തരായ് മാറുകനാരതം
കേവലാനന്ദത്തിനപ്പുറം ജീവിത-
ഭാവരസോൻമൃദുവീചികളായ് ചിരം
പാവന സ്നേഹസൗഗന്ധികപ്പൂങ്കിനാ-
ക്കാവ്യശരങ്ങളായ്ത്തീർന്നീടുകെങ്കിലേ;
ജന്മം തളിർത്തുപൊന്തീടൂ,വിലോലമാം
ധർമ്മസൗഗന്ധികപ്പൂക്കൾ വിരിഞ്ഞിടൂ
സൃഷ്ടിതന്നാർദ്ര സങ്കല്പങ്ങളോരോന്നു-
സൃഷ്ടിച്ചെടുക്കാൻ മുതിരുകയാണുഞാൻ
പൂർണ്ണമാവില്ലെന്നിരിക്കിലുമാദ്യന്ത-
മപ്പാദപങ്കജമൊന്നേമമാശ്രയം
ഉല്ലസൽ പ്രേമസ്മിതം തൂകിയുള്ളിലുൽ-
ഫുല്ലസൗന്ദര്യമേ,നീയെത്തുകെപ്പൊഴും
എല്ലാമൊരേ,ശക്തിതൻ പ്രഭാവങ്ങളെ-
ന്നല്ലോനിനയ്ക്കേണ്ടു,നമ്മളീയൂഴിയിൽ
വാക്കുകൾ കൊണ്ടൊന്നുമാവില്ലനന്തമാം
ത്വൽകൃപാവൈഭവമൊട്ടു വർണ്ണിക്കുവാൻ!
എങ്കിലും പാടിടുന്നൂ,നിർന്നിമേഷനായ്
സങ്കൽപ്പസീമകൾക്കപ്പുറം ചെന്നുഞാൻ.