രചന : അശോക് കുമാർ.കെ.

ഞാനില്ലാത്തൊരു
ഗ്രൂപ്പ് ഫോട്ടോയിൽ
നോക്കിയിരിക്കുകയായിരുന്നു
ഞാൻ ….

മുൻ നിരയിൽ
ഗുരുനാഥന്മാർ .
രണ്ടും മൂന്നും നിരകളിൽ
എന്റെ സഹപാഠികൾ .

രണ്ടാം നിരയിൽ
ആദ്യം നിൽക്കുന്നവൻ
അർജ്ജുനൻ.
ഇന്നവനൊരു
കർഷകൻ.

പഠിച്ച നാൾ
ചരിത്രത്തിനു
നൂറു മാർക്കും വാങ്ങിയവൻ.

ഇന്ന്,
അവൻ
നെൽ പ്പോളകളിൽ
വിളയിപ്പിക്കും
നെന്മണികളുടെ
വില കെഞ്ചി നടക്കുന്നവൻ…

രണ്ടാമത് നിൽക്കുന്നത്
കൃഷ്ണകുമാർ.
അർജ്ജുനനോട്
സമരമത് ധർമ്മമെന്ന്
ഉപദേശിച്ചവൻ.

ഇന്നവൻ,
പെട്രോൾക്കമ്പനിയുടെ
വില വർദ്ധനചെയർമാൻ….

മൂന്നും നാലും
ആറും എട്ടും കോളങ്ങളിലുള്ളവർ
ജീവിച്ചിരിപ്പില്ല.

നാലും ആറും
കരൾ ദ്രവിച്ചു മരിച്ചു.
അവർ പണ്ടേ
കൂട്ടുകാർ.

മൂന്നും എട്ടും
പ്രണയിച്ചു
കല്യാണം കഴിച്ചവർ..
അവർ പിന്നെയും പിന്നെയും
പ്രണയിച്ചു മരിച്ചുവോ..

അവസാന നിരയിൽ
ആദ്യം കാണുന്നത്
കുമാരൻ.
അന്നേ നനുനനുത്ത
മീശയുള്ള
മധുകുമാർ .

ഇന്നവനൊരു
കൊമ്പൻ മീശക്കാരൻ
അവനെ കണ്ടാൽ
എല്ലാരും പേടിക്കും.
അവനോ
എല്ലാവരേയും
എപ്പോഴും
പേടി…..

അവനടുത്തു
നിൽക്കുന്നവൻ
വിശ്വനാഥൻ.
ഒരു പഠിപ്പൻ.
പഠിച്ച് പഠിച്ച്
എല്ലാ പടികളും
കടക്കണമെന്ന്
കലിപ്പുള്ളവൻ.

ഇന്നവനൊരു
ആകാശചാരി.
പറന്ന് പറന്ന്
കൂടെപ്പിറപ്പുകളെ
മറന്നവൻ.

മുൻ നിരയിലെയാരും
പോയില്ലിതുവരേയും, ഭാഗ്യം.
കൃഷി തട്ടകത്തിന്റെ പൂഴിയിൽ
തക്കാളി പൂക്കുന്നു പിന്നെയും.
മുറ്റത്തെ പൂവിതളുകളിലെ
കീടങ്ങൾ മാറ്റുന്നു ,അവർ
പിന്നെയും..
കാറ്റു വീശാത്ത പങ്കകളെ
കാറ്റുവീശാൻ പഠിപ്പിക്കുന്നു, അവർ
പിന്നെയും .

ഗുരുഭൂതനിരയിലെ
മധ്യത്തിലിരിക്കും
പ്രഥമ ഗുരുനാഥൻ
പറഞ്ഞെതെന്നോർമയിൽ

‘കൂട്ടത്തിൽ കൂടാത്തവൻ
കരിങ്കാലിയെന്നോർമവേണം’.

ഗ്രൂപ്പ് ഫോട്ടോയുടെ
ഒരു കോളത്തിലും
പതിയാത്ത ഞാനത്
പിന്നെയും പിന്നെയും
ഓർത്തിടുന്നു….’

അശോക് കുമാർ.കെ.

By ivayana