രാജശേഖരൻ

ഇരമ്പിപ്പായുന്നു തീവണ്ടി
ഇടനെഞ്ചിലലറിക്കൂകിക്കുതിപ്പൂ.
ഇരുഹൃദയധമനികൾ നീളുമു-
രുക്കിൻ ദൃഢപാളങ്ങൾ പോലെ.
സർവ്വതും വിറപ്പിച്ചതിശീഘ്രമോടുമു-
ന്മാദിക്കൊരേയൊരു ലക്ഷ്യം.
സർവ്വതും തട്ടിത്തെറിച്ചോടുന്നു
മസ്തകം പൊട്ടിപ്പായും മത്തേഭം പോൽ.

ചിന്തകൾ കുത്തി നിറച്ചു പിഞ്ഞിയ
ചാക്കിൽ ചരക്കു നിറഞ്ഞ മുറി.
നിറം കെട്ട മുറികളിൽ
നിലതെറ്റിവീണുതുളുമ്പിയ കോലങ്ങൾ.

യാത്രികർ, തീർത്ഥാടകർ
ചെറുവാതായനങ്ങളിൽ
വാതിൽപ്പടികളിൽ…
പട്ടുപുഴുക്കൾ പോൽ
തൂങ്ങിയാടുന്നു
ചവിട്ടുപടിയിലും, ഹാ കഷ്ടം!

ആശകൾ,ആശങ്കകൾ
നിരാശകൾ, പ്രതിഷേധങ്ങൾ
മോക്ഷമോഹങ്ങൾ…
പട്ടുപുഴുക്കൾ പോൽ
തൂങ്ങിയാടുന്നു
ചവിട്ടുപടിയിലും, ഹാ കഷ്ടം!

കേൾപ്പതില്ലാരും ദീനവിലാപങ്ങൾ
കാർക്കശ്യമാർന്നോരാക്രോശങ്ങളും.
കേൾപ്പതോ ഘോരഗർജ്ജനം മാത്രം
കർണ്ണമുടച്ചിടും ശകടഘോഷം!

കേൾപ്പിക്കുമോ കൃഷ്ണവേണുനാദം
അറുക്കാൻ കൊണ്ടു പോം പൈക്കൾ രസിക്കാൻ?.
ഊതിക്കെടുത്തുന്നു കാഴ്ച്ച, ശകടം
ഭൂതക്കരിമ്പുക കണ്ണിലൂതി.
ശ്വാസമടക്കിപ്പായുമീയാത്ര തൻ
ശ്വാസാന്ത്യത്തിനിനിയെത്ര മാത്ര?

By ivayana