രാജു കാഞ്ഞിരങ്ങാട്

സനാഥനായി പിറന്നു
അനാഥനായി അലഞ്ഞു
അതിഥിയും
ആതിഥേയനും ഇവൻ തന്നെ

പാതിവഴിയിൽ
ചിറകൊടിഞ്ഞു കിടപ്പാണ്
പ്രതീക്ഷയുടെ പക്ഷി

ഗ്രീഷ്മത്തിൻ്റെ ഖരം കുടിച്ചു –
മടുത്തു
വസന്തം വേദന മാത്രമായി
ചുഴറ്റിയടിക്കുന്നു ചുറ്റും ചുടു –
വാതൻ

അലയാൻ ഇനിയിടമില്ല
ഉലയാൻ മനസ്സും
ആഴിയും
ആകാശവും
ഊഴിയും
ഉടയോനും ഇവൻ തന്നെ

കാലമേ,
ചെങ്കോലും, കിരീടവും
തിരികെയെടുത്തുകൊൾക
ഈ തിരസ്കൃത ശരീരം മാത്രം –
വിട്ടുതരിക
ഭൂമിയിലെ കോടാനുകോടി
സൂക്ഷ്-
മാണുക്കൾക്ക് സമർപ്പിക്കട്ടെ

രാജു കാഞ്ഞിരങ്ങാട്

By ivayana