വിദ്യാ രാജീവ് ✍️

അവൾക്ക് പ്രസവവേദന തുടങ്ങി പ്രസവമുറിയിലേക്ക് കൊണ്ടു പോയി.പ്രാർത്ഥനയോടെ എല്ലാവരും കാത്തിരിക്കുന്നു. പ്രസവമുറി അവൾ ആദ്യമായിട്ടായിരുന്നില്ല കാണുന്നത് അതിനാലൊരു ഭാവമാറ്റവും ആ കുട്ടിക്ക് ഉണ്ടായിരുന്നില്ല. ഇടയ്ക്ക് ഇടയ്ക്ക് വയറിൽ അസഹനീയമായ് വരുന്ന വേദന അവൾ കടിച്ചമർത്തി. അടുത്ത കിടക്കയിൽ പ്രസവത്തിനായ് ട്രിപ്പ്‌ കൊടുത്തൊരു സ്ത്രീയെ കിടത്തിയിരിക്കുന്നു.

ആ സ്ത്രീ പ്രസവവേദന കൊണ്ട് നിലവിളിക്കുന്നു. എന്നിട്ടും അവൾ കരഞ്ഞില്ല,കരയാനിനി വയ്യ അത് തന്നെയാകും കാര്യം. വേദന കൂടി തുടങ്ങി,ഉടനെ പ്രസവം ഉണ്ടാകുമെന്ന് ഡോക്ടർ നഴ്സുമാരോട് പറയുന്നുണ്ടായിരുന്നു.
“അധികം താമസിയാതെ തന്നെ അവൾ പ്രസവിച്ചു ഒരു സുന്ദരനായ ആൺ കുഞ്ഞിനെ”…. കുഞ്ഞിന്റെ കരച്ചിൽ കേട്ടു അവൾ പതിയെ തല ഉയർത്തി നോക്കി ആ കുഞ്ഞോമനയെ കണ്ടതും സന്തോഷം അശ്രുക്കളായി കണ്ണിൽ നിറഞ്ഞു തൂകി.. ഈ കുഞ്ഞിനെയെങ്കിലും ആ കുട്ടിക്ക് ഭഗവാൻ ജീവനോടേ കൊടുത്തുവല്ലോ ഡോക്ടർ പറഞ്ഞു.

ആദ്യത്തെ മൂന്നു കുഞ്ഞും പ്രസവത്തിൽ മരിച്ചിരുന്നു. അപ്പോഴും അടുത്ത കിടക്കയിലെ ആ സ്ത്രീ പ്രസവിച്ചിട്ടുണ്ടായിരുന്നില്ല ..അവർക്ക് വീണ്ടും നഴ്സ് ട്രിപ്പ്‌ കൊടുക്കുന്നത് കണ്ടു…
നഴ്‌സ്‌ ഒരു രജിസ്റ്റർ എടുത്തു എന്നിട്ട് പ്രസവിച്ച പെൺകുട്ടിയോട് ചോദിച്ചു…എന്താ മോളുടെ പേര്? “നാൻസി”…. കുഞ്ഞു ജനിച്ച സമയം 2:15ആണ് കേട്ടോ. കുഞ്ഞിന്റെ ഭാരം എത്രയുണ്ട് അവിടുത്തെ സ്റ്റാഫ്‌നോട്‌ ചോദിച്ചു 2/45 കിലോ. നാൻസിയുടെ കുഞ്ഞിന് പേര് എന്തേലും കണ്ടുവച്ചിട്ടുണ്ടോ… ഉണ്ട് സിസ്റ്റർ “മിഖായേൽ” എന്നാണ് പേര്… നഴ്‌സ്‌, ആ കുട്ടി പറഞ്ഞതെല്ലാം രജിസ്റ്ററിൽ കുറിച്ചിട്ടു.

അടുത്ത കിടക്കയിൽ കിടന്ന പെൺകുട്ടി പ്രസവിച്ചു അത് മോളാണ്.. കുറച്ചു സമയം കഴിഞ്ഞു മോനെ കുളിപ്പിച്ച് വൃത്തിയാക്കി കൊണ്ടു വന്നു. അവൻ നിർത്താതെ കരയുന്നുണ്ടായിരുന്നു പെട്ടെന്ന് കുഞ്ഞ് ശ്വാസംമുട്ടലു പോലെ അസ്വസ്ഥത കാണിച്ചു. ഡോക്ടർ വേഗം കുഞ്ഞിന് ഓക്സിജൻ നൽക്കാൻ പറഞ്ഞു. ഉടനെ തന്നെ കുട്ടികളെ നോക്കുന്ന ഡോക്ടറെ വിളിച്ചു.
നാൻസി വല്ലാതെ ഭയന്നു എന്റെ കുഞ്ഞിന് എന്താ ഡോക്ടർ….അവന് എന്ത്‌ പറ്റി… അവൾ കിടക്കയിൽ കിടന്നു പരിഭ്രമിച്ചു ചോദിച്ചു കൊണ്ടേയിരുന്നു. പേടിക്കാൻ ഒന്നുമില്ല നാൻസിയെന്ന് ഡോക്ടറും നഴ്സുമാരും പലതവണ പറഞ്ഞു. ഡോക്ടർ നഴ്സിനോട്‌ നാൻസിയുടെ ഭർത്താവിനെയും അമ്മയെയും വിളിക്കാൻ പറഞ്ഞു. കുഞ്ഞിന് നല്ല ശ്വാസം തടസമുണ്ടെന്നും ഉടനെ തന്നെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകണമെന്നും പറഞ്ഞു.

ഡോക്ടർ പറഞ്ഞത് കേട്ടു നാൻസി കുഞ്ഞിനൊരു കുഴപ്പമില്ലെന്ന് വിശ്വസിച്ചു… അവൾ മരുന്നുകളുടെ ക്ഷീണം കൊണ്ട് അറിയാതെ കുറച്ചു സമയം മയങ്ങിപോയി… കുഞ്ഞിനെ ഉടൻ തന്നെ ആബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി. അല്പംസമയം കഴിഞ്ഞു നാൻസി ഉണർന്നു കുഞ്ഞിനെ അന്വേഷിച്ചു കൊണ്ടേയിരുന്നു. മെഡിക്കൽ കോളേജിൽ ഇൻക്യൂബേറ്ററിൽ വച്ചേക്കുവാണ് പേടിക്കാനൊന്നുമില്ലെന്ന് നഴ്സ് പറഞ്ഞു.

നാൻസിയെ ജനറൽ വാർഡിലേക്ക് മാറ്റി.നാൻസിയുടെ മനസ്സിലൊരു പ്രാർത്ഥനമാത്രമേ ഉണ്ടായിരുന്നുള്ളൂ… ഈശോയെ എന്റെ കുഞ്ഞിനെ എത്രയും വേഗം കാണാൻ കഴിയണേ.. *കുറെ സമയങ്ങൾക്ക് ശേഷം പ്രസവമുറിയിൽ അടുത്ത കിടക്കയിൽ കിടന്ന ആ സ്ത്രീയെ വാർഡിലേക്ക് കൊണ്ടു വന്നു കൂടെ കുഞ്ഞും ഉണ്ടായിരുന്നു. അപ്പോൾ അവരുടെ കുഞ്ഞിനെ കണ്ടതും നാൻസി അവരൊന്നും ചോദിക്കാതെ തന്നെ പറഞ്ഞു..””എന്റെ മോനെ മെഡിക്കൽ കോളേജിൽ കൊണ്ടു പോയി കുഴപ്പമൊന്നുമില്ലെന്ന് അച്ചായൻ വിളിച്ചപ്പോ പറഞ്ഞു””…അതെയോ വിഷമിക്കണ്ട കുട്ടി കുഞ്ഞിനൊന്നും വരില്ല കേട്ടോ.നാൻസിയുടെ ഫോണിൽ പലരും വിളിച്ചു കുഞ്ഞ് ജനിച്ച വിവരമറിയാൻ. അവൾ തന്റെ മോൻ ജനിച്ച സന്തോഷവാർത്ത അവരെയൊക്കെ അറിയിച്ചു.

കുറച്ചു കഴിഞ്ഞ് അടുത്ത കിടക്കകളിലെ കൂട്ടിരിപ്പുകാർ പറയുന്നുണ്ടായിരുന്നു പാവം ആ കുട്ടിയുടെ കുഞ്ഞ് മരിച്ചു പോയി. മെഡിക്കൽ കോളേജിൽ എത്തുന്നതിനു മുൻപ് തന്നെ മരിച്ചുവത്രെ..ആ കുട്ടി ഇതുവരെയും അറിഞ്ഞിട്ടില്ല വലിയ കഷ്ടമായി പോയി. ആ വാർഡിലെ എല്ലാവരും അറിഞ്ഞു ആ കുഞ്ഞ് മരിച്ച വിവരം…. പക്ഷേ നാൻസി മാത്രം അറിഞ്ഞില്ല. രാത്രിയിൽ ജനറൽ വാർഡിലോരോ കുഞ്ഞും മുലപ്പാലിനായ് കരയുന്നതും പിണങ്ങുന്നതുമൊക്കെ കൊതിയോടെ നാൻസി നോക്കിക്കണ്ടു. തന്റെ കുഞ്ഞ് വരുന്നതും കാത്ത് സമയമെണ്ണി ആ നാൻസി കാത്തിരുന്നു…

അവസാനമില്ലാത്ത കാത്തിരിപ്പ്..

By ivayana