അശോകൻ പുത്തൂർ*
ജീവിതമൊരു
വെള്ളവിരിപ്പിൽ ഇറക്കിക്കിടത്തി
നടകൊള്ളുമ്പോൾ
നരകത്തിലെ അഞ്ചാംവളവിൽ
കാണാമെന്ന് പറഞ്ഞവളെ
സ്വർഗ്ഗത്തിലേക്കുള്ള
അവസാനവണ്ടിയിലെ പിൻസീറ്റിൽ
നിന്നെയും ധ്യാനിച്ചിരിപ്പാണ് ഞാൻ
കാത്തിരിപ്പിൻ അടയാളമായി
നരകത്തിലെ നാരകക്കാടിനോരം
കനവിൻ ഇല്ലിപ്പടികെട്ടി
ഓർമ്മകളുടെ ഓലപ്പുരമേഞ്ഞ്
മുറ്റത്തൊരു നെല്ലിച്ചെടി നട്ടുനനച്ചിട്ടുണ്ട്.
നരകത്തിലെങ്കിൽ
എഴുതിയേക്കണേ
മറുകുറിയായി പിറ്റേന്ന്
നെല്ലിമരച്ചോട്ടിൽ ഞാനെത്തും.
നീയില്ലാസ്വർഗ്ഗം എനിക്കെന്തിനാണ് പെണ്ണേ.
നരകത്തിൽ നമുക്ക്
പണിയണമൊരു സ്വർഗ്ഗം
പ്രണയികൾക്ക്
നരകവും സ്വർഗ്ഗമെന്നറിയാത്ത
വിഡ്ഢിയാണ് ദൈവം.
നീ വരുംകാലമൊരുനാൾ
നരകവീട്ടിൽ നമുക്ക്
ദൈവത്തെ അതിഥിയായി ക്ഷണിക്കണം.
ദൈവത്തെ ഊട്ടിയതിനുശേഷം
മുഖത്തുനോക്കി പറയണം
ദൈവമേ…. താങ്കൾ അറിഞ്ഞുകൊൾക
പ്രണയം ഒരു വാക്ക്മാത്രമല്ല.
ഒറ്റപ്പെട്ടു പോയവർ
അവരുടെ സങ്കടങ്ങളുരുക്കിപ്പണിഞ്ഞ
മുറിവുകളുടെ ദ്വീപിന്റെ പേരാണത്
അതൊരു ഭാഷയും
സംസ്കാരവുമാണ് …