രചന : എൻ അജിത് വട്ടപ്പാറ*
താതിനം താരോ… താതിനം താരോ …
തിന്തിനി തിന്തിനി തിന്താരോ…..
താത്തി കൊയ്യാതെ മേളത്തിൽ കൊയ്യടി താളത്തിൽ കൊയ്യടി പെണ്ണാളേ ….
വെള്ളം കയറാതെ കെട്ടുമുറുക്കി
വട്ടം പിടിച്ചോടി പെണ്ണാളേ ….
മാനം കറുത്തെടി കാർമേഘം പോന്നടി
മഴയിപ്പം ചെയ്യുവാൻ കോളുണ്ടെടി ,
സ്വപ്നങ്ങൾ കാണാതെ വേഗത്തിൽ കൊയ്യുവിൻ
കറ്റകൾ പോരട്ടെ കെട്ടുകെട്ടായ് .
മഴഎത്തുംമുമ്പേയായ്എല്ലാം ശരിയാക്കി
കൂട്ടുകാരുമൊത്തു കൂടിടേണം,
സന്ധ്യ മയങ്ങുമ്പം നാടകമാടാനും
പാട്ടു പഠിക്കാനും പോകവേണം
ശീല് പഠിക്കണം കാണാതെ പേശണം
ആട്ടവും പാട്ടിനും മോടി കൂട്ടാൻ .
നോക്കി പഠിക്കണം കണ്ടുപഠിക്കണം
നാടോടിമന്നന്റെ നാടകം പോൽ,
നാടുനീളെ പ്പോയി കള്ളു കുടിക്കാതെ
വീട്ടിലിരുന്നു പഠിക്കരുതോ.
തിന്തിനം താരോ….. താനിനും താരോ…
അമ്പല മുറ്റത്തു നാടകമാടുമ്പോൾ
കൈ കൊട്ടുവാനും നീ കൂടെ വേണം ,
ചൂട്ടുപിടിച്ചങ്ങു ജാഥയിൽ പോരണം
മാമാങ്ക ചേകോന്റെ സന്നിധിയിൽ .
മാനം വെളുക്കുന്നു കാർ മേഘവുംപോയി
കൊയ്തതു കെട്ടാക്കി തീർന്നതില്ലെ,
ഏമാൻ വരുന്നുണ്ടു ഊണുമെത്തുന്നുണ്ട്
കൈയ്യു കഴുകിവാ സുന്ദരിയേ .
വേഗമായ് ചെല്ലടി ഓടി വിളമ്പടി
വയറുകത്തുന്നടി കാന്താരിയേ |
ഏമാനേ കാണുമ്പം നീയങ്ങടുത്തെത്തി
കൊഞ്ചികുഴഞ്ഞോന്നും നിൽക്കരുതേ .
എല്ലാരുംഒന്നിച്ചു ഊണുംകഴിച്ചിട്ടു്
വേഗത്തിൽ തീർക്കണം പൊന്നു മോളേ,
ഞാനല്പം നേരത്തേ പോയെന്നിരിക്കിലും
കാര്യമറിഞ്ഞു നീ ചെയ്യ വേണം.
നേരത്തേ പോയാല് കൊയ്ത്തു നടക്കൂല
എല്ലാം പല വഴിയായിടുമേ ,
മഴയെങ്ങാൻ പെയ്താല് ആകെ കുളമാകും
കൊയ്ത്തെല്ലാം തീർന്നിട്ടു ഒത്തുപോകാം .
തിന്തിനം താരോ…. താനിനം താരോ
തിന്തിനം തിന്തിനം തിന്തിനം താരോ
തിത്തയ്യ തിത്തയ്യ തിന്തിനാ രോ …….