രചന : രഘുനാഥൻ കണ്ടോത്തു

കാലത്തിനൊപ്പം പിറന്നവൻ
കാലരഥചക്രമുരുട്ടിയ സാരഥി
ഗംഗോത്രിയിൽ നിന്ന് കിനിഞ്ഞിറങ്ങി
ഗംഗാബ്രഹ്മപുത്രിമാരായ് പരന്നൊഴുകി
ഗൗരീചന്ദ്രചൂഡ കേളീനിലയമായ്
കൈലാസശൃംഗമൊരുക്കിയോൻ
കാലസാക്ഷിയായവൻ ഹിമവാൻ!
ജലധിയിൽ മത്സ്യകൂർമ്മമായ് ജീവൻ തുടിച്ചതും
വരാഹങ്ങളെ കന്മഴുവേന്തി വിശപ്പാക്രമിച്ചതും
നരവംശകേന്ദ്രങ്ങളായ് കിഷ്ക്കിന്ധകൾ പരിണ
മിച്ചതും
ത്രേതദ്വാപരയുഗക്കളരികളായ് ഭാരതം
വീരചരിതവേദിയായതും
നിർന്നിമേഷനായ്ക്കണ്ടറിഞ്ഞ നിഷ്ക്ക്രിയനാം
കാലസാക്ഷിയും ഹിമവാൻ!!
നിഷാദത്ത്വം മാറ്റിയ വാല്മീകങ്ങളും
വിഹഗനിഗ്രഹശോകം രോഷാഗ്നിയായ്
ശ്ലോകമായാദികാവ്യപ്രചോദിതമായതും
സാമോദം കണ്ടു പുളകിതനായതും ഹിമവാൻ!
മഞ്ഞിൻ കമ്പിളിരോമത്തൊപ്പിയിൽ
മനോജ്ഞമാം ചന്ദ്രക്കലയും ചൂടി
അധിനിവേശപ്പായക്കപ്പലുകൾ തൻ
കൊടിക്കൂറകൾ കണ്ട് രോഷം‐
കടിച്ചമർത്തിയ പൗത്രവത്സലനാം
പിതാമഹനും ഹിമവാൻ!
സൂര്യാസ്തമയമറിയാസാമ്രാജ്യത്തെയും
നിരായുധപാണികൾതൻ സഹനസമരം
തൂത്തെറിയുവതും,പലജനസമൂഹങ്ങൾ‐
ക്കതൂർജ്ജമായതും കണ്ടറിഞ്ഞോനും ഹിമവാൻ!
കാനനങ്ങൾ തീപ്പെട്ടുപോവതും
ഖനനപ്പെരുച്ചാഴിയന്ത്രങ്ങൾ കരണ്ടു‐
മാമലകൾ നിലം പൊത്തുവതും
ആഗോളതാപനതീക്ഷ്ണതയിലുരുകി
മഞ്ഞുതൊപ്പിക്കുപ്പായങ്ങളുരുകി
രോമങ്ങളുതിർന്ന നഗ്നശേഷനുമവൻ ഹിമവാൻ!
ഹിമവൽപിതാമഹാ!നിൻമൗനം
മഹാപ്രളയങ്ങൾക്കുമുമ്പുള്ള‐
പ്രശാന്തമൗനമോ?
പ്രകോപനങ്ങളിലടിപതറാതെ കാക്കുക
പ്രചണ്ഡമാംപ്രപഞ്ചശക്തിയായ് മഹാശയാ!!

രഘുനാഥൻ കണ്ടോത്തു

By ivayana