മിനിക്കഥ : മോഹൻദാസ് എവർഷൈൻ.


അവയവദാനത്തെക്കുറിച്ച് ഡോക്ടർ മാധവ് വാചാലനായി.
“ഇത് ജീവിതത്തിൽ നമുക്ക് ചെയ്യുവാൻ കഴിയുന്ന മഹാദാനവും, പുണ്യകർമ്മവുമാണ്’.
നിങ്ങളിൽ ആർക്കും വന്ന് ഈ സമ്മതപ്പത്രത്തിൽ ഒപ്പുവെയ്ക്കാം.”.
പ്രൗഢമായ സദസ്സ് പെട്ടെന്ന് നിശ്ശബ്ദമായി. ആരും വേദിയിലേക്ക് മുഖം കൊടുക്കാതെ തല കുമ്പിട്ടിരുന്നു.

സദസ്സിന്റെ നിസ്സംഗത കണ്ട് ഡോക്ടർക്ക്
നിരാശ തോന്നി.എല്ലാവരും വന്ന് സമ്മതപ്പത്രത്തിൽ ഒപ്പിടുമെന്നൊന്നും കരുതിയിരുന്നില്ല. എങ്കിലും ഇങ്ങനെ ഒരു നിസ്സംഗത ഒട്ടുംപ്രതീക്ഷിച്ചതല്ല. അപരാഹ്നത്തിലും ആകെ ഇരുട്ട് പരക്കുന്നത് പോലെയൊരു തോന്നൽ.
“സർ… ഞാൻ അങ്ങോട്ട്‌ വന്നോട്ടെ?”.
ആഡിറ്റോറിയത്തിന്റെ വാതിലിന് പുറത്ത് നിന്ന് ഒരാൾ വിളിച്ച് ചോദിച്ചു.
എല്ലാവരുടെയും ശ്രദ്ധ വാതിലിനടുത്തേക്ക് നീണ്ടു.
അല്പം മുൻപ് ലോട്ടറി ടിക്കറ്റുമായി ആഡിറ്റോറിയത്തിന് മുന്നിൽ നിന്ന, കണ്ടാൽ ദൈന്യത തോന്നുന്ന മുഖമുള്ള ആ മനുഷ്യൻ.

എല്ലാവരും കൗതുകത്തോടെ അയാളെ നോക്കി.
ഡോക്ടർ അയാളെ സ്നേഹത്തോടെ സ്റ്റേജിലേക്ക് ക്ഷണിച്ചു.
“കയറി വന്നോളു, “.
അയാൾ തന്റെ മുഷിഞ്ഞ വേഷങ്ങളിൽ നോക്കി ഒരു നിമിഷം പരുങ്ങി നില്ക്കുന്നത് കണ്ടപ്പോൾ,
ഡോക്ടർക്കത് പെട്ടന്ന് മനസ്സിലായി.
നിറം മങ്ങിയ ഷർട്ടും, ചുമലിൽ ഒരു ചുവന്ന തോർത്തും, ലുങ്കിയുമായിരുന്നു അയാളുടെ വേഷം.
“വേഷത്തിലല്ല കാര്യമെന്ന് നിങ്ങൾ തന്നെ തെളിയിച്ചിരിക്കുന്നു,ധൈര്യമായി കയറി വരൂ”.
ഡോക്ടർ അയാളെ സ്റ്റേജിലേക്ക് കൈകൊടുത്തു് കയറ്റി.
“എന്ത് കൊണ്ടാണ് നിങ്ങൾ അവയവദാനത്തിന് തയ്യാറായത്?”.ഡോക്ടർ വളരെ സൗമ്യമായി അയാളോട് ചോദിച്ചു.

സർ പലരുടെയും കാരുണ്യം കൊണ്ടാണ് ഇന്നെന്റെ ജീവിതം.ദരിദ്രനായ എനിക്ക് ദാനം ചെയ്യാൻ എന്തെങ്കിലും ഉണ്ടെന്ന് തോന്നിയത് ഡോക്ടറുടെ പ്രസംഗം കേട്ടപ്പോഴാണ് “.
“ഇവിടെ കൂടിയിരിക്കുന്നവരിൽ വെച്ച് ഏറ്റവും വലിയ സമ്പന്നൻ നിങ്ങളാണ്, ഈ നല്ല മനസ്സിന് വിലയിടുവാൻ ആർക്കും കഴിയില്ല,മണ്ണോട് ചേർന്നാലും, ചാരമായി തീർന്നാലും മറ്റുള്ളവർക്ക് ഉപകാരപ്പെടരുതെന്ന് കരുതുന്നവരുടെ
കൂട്ടത്തിലെ വേറിട്ട ശബ്ദമാണ് നിങ്ങൾ “.

ഡോക്ടർ അയാളെ നെഞ്ചോട് ചേർത്ത് പിടിച്ചുകൊണ്ട് സദസ്സിനെ നോക്കി പറഞ്ഞു.
“ഒന്ന് കയ്യടിക്കുവാനുള്ള സന്മനസ്സ്, അതെങ്കിലും പ്രതീക്ഷിക്കുന്നു “.
നിറഞ്ഞ കയ്യടി ഉയരുമ്പോഴും, സദസ്സിൽ പലരുടെയും തലകുമ്പിട്ടിരുന്നു.

By ivayana