രചന : ശ്രീകുമാർ എം പി*
ആധുനിക ഭസ്മാസുരൻ,
ഈശ്വരൻ
നമുക്ക് തന്ന പുണ്യം
കവർന്നെടുക്കുന്നു !
അവൻ,
നമ്മുടെ കുട്ടികളെ
പാട്ടിലാക്കി
തീവ്രവിഷമേകി
നമുക്കു നേരെ
ചൂണ്ടുവിരലുയർത്തി
കുടുംബമുൾപ്പടെ
നമ്മെ ഭസ്മമാക്കുവാനായി
അയയ്ക്കുന്നു !
അതെ !
മഹേശ്വരന് പറ്റിയ അബദ്ധം
ഇവിടെ ആവർത്തിയ്ക്കരുത്.
ലഹരിയെന്നും
മയക്കുമരുന്നെന്നും
അറിയപ്പെടുന്ന
മഹാവിപത്ത്
പടർന്നടുക്കുന്നു !
വർഷംതോറും അമിതമായി
വളരുന്ന അതിന്റെ കണക്കുകൾ
അതാണു പറയുന്നത്.
നമ്മെ രക്ഷിയ്ക്കുവാൻ
നാം മാത്രമെയുള്ളൂ.
ബംഗാൾ ഉൾക്കടലിൽ
ചുഴലിക്കാറ്റടിച്ചാൽ
നമുക്കെന്താണ്?
അവിടെ തീരദേശവാസികൾക്കല്ലെ
അതിന്റെ ദോഷം.
അറബിക്കടലിൽ
സുനാമിയുണ്ടായാൽ
നമുക്കെന്താണ്?
അവിടെയും തീരദേശവാസികൾക്കല്ലെ
അതിന്റെ ദോഷം.
പശ്ചിമഘട്ടത്തിലൊ
മലമ്പ്രദേശത്തൊ
ഉരുൾപൊട്ടലുണ്ടായാൽ
നമുക്കെന്താണ്?
നമ്മൾ മലമ്പ്രദേശത്തല്ലല്ലൊ.
ഇങ്ങനെ ചിന്തിയ്ക്കുന്നവർ
ചിലരെങ്കിലുമുണ്ടാകാം.
എന്നാൽ,
നമ്മുടെ ഏവരുടെയും അടുത്തേയ്ക്ക്
മയക്കുമരുന്നെന്ന
മഹാവിപത്ത്
പടർന്നടുക്കുന്നു !
വാർദ്ധക്യത്തിൽ,
നാം നട്ടുനനച്ചു വളർത്തിയ
കുടുംബവൃക്ഷത്തിന്റെ
ഇളംതളിരുകളാകുന്ന
ഇളംതലമുറയുടെ ദുരന്തം
കൺമുന്നിൽ കാണാതിരിയ്ക്കുവാൻ
സാധ്യമാകുന്ന ശക്തിയിൽ
കഴിവിന്റെ പരമാവധി
ഈ വിപത്തിനെതിരെ
പ്രവർത്തിയ്ക്കുക.
സാന്നിദ്ധ്യം അകലെ നിന്നറിഞ്ഞാൽ പോലും,
ഭ്രാന്തമായ ആവേശത്തോടെ
നമുക്കു നേരെ വരുന്ന
ഈ ഭസ്മാസുരനെ
അടുത്തെത്തുംമുന്നെ
ഭസ്മമാക്കുക.